ടാറ്റ 45എക്‌സ് കണ്‍സെപ്റ്റ് ഇനി ആള്‍ട്രോസ്

ടാറ്റ 45എക്‌സ് കണ്‍സെപ്റ്റ് ഇനി ആള്‍ട്രോസ്

ആല്‍ബട്രോസ് എന്ന കടല്‍പ്പക്ഷിയില്‍നിന്നാണ് പ്രീമിയം ഹാച്ച്ബാക്കിന് ആള്‍ട്രോസ് എന്ന പേര് സ്വീകരിച്ചത്

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ 45എക്‌സ് കണ്‍സെപ്റ്റ് ഇനി മുതല്‍ ആള്‍ട്രോസ് എന്ന് ഔദ്യോഗികമായി അറിയപ്പെടും. പ്രീമിയം ഹാച്ച്ബാക്കിന് ടാറ്റ മോട്ടോഴ്‌സ് നാമകരണം ചെയ്തു. ആല്‍ബട്രോസ് എന്ന കടല്‍പ്പക്ഷിയില്‍നിന്നാണ് ആള്‍ട്രോസ് എന്ന പേര് സ്വീകരിച്ചത്. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ 45എക്‌സ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ ടാറ്റ ആള്‍ട്രോസ് വിപണിയില്‍ അവതരിപ്പിക്കും.

ടാറ്റ മോട്ടോഴ്‌സിന്റെ ‘ഇംപാക്റ്റ് ഡിസൈന്‍ 2.0’ ഭാഷ ഉപയോഗിക്കുന്ന രണ്ടാമത്തെ വാഹനമാണ് ആള്‍ട്രോസ്. മെലിഞ്ഞ ‘ഹ്യുമാനിറ്റി ലൈന്‍’ ഗ്രില്‍, വലിയ ഹെഡ്‌ലൈറ്റുകള്‍, ആംഗുലര്‍ ഫ്രണ്ട് ബംപര്‍ തുടങ്ങിയവ ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രത്യേകതകളാണ്. ഈ വിഭാഗത്തിലെ ഏറ്റവും വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ‘ടി’ ആകൃതിയിലുള്ള സെന്റര്‍ കണ്‍സോള്‍ തുടങ്ങിയവ ഇന്റീരിയര്‍ സവിശേഷതകളായിരിക്കും.

രണ്ട് പെട്രോള്‍ എന്‍ജിനുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ടിയാഗോ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിന്‍, നെക്‌സോണിന് കരുത്തേകുന്ന 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ എന്നിവയായിരിക്കും രണ്ട് ഓപ്ഷനുകള്‍. ഡീസല്‍ മോട്ടോര്‍ നല്‍കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. മാരുതി സുസുകി ബലേനോ, ഹ്യുണ്ടായ് ഐ20 മോഡലുകളുടെ ഏറ്റവും പുതിയ എതിരാളിയാണ് ടാറ്റ ആള്‍ട്രോസ്. ബലേനോ, ഐ20, ഹോണ്ട ജാസ് എന്നിവയേക്കാള്‍ വില കുറവായിരിക്കും.

Comments

comments

Categories: Auto
Tags: Tata Altroz