ചെറുകിട സംരംഭങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍

ചെറുകിട സംരംഭങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണിത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങളായ നോട്ട് അസാധുവാക്കലും ചരക്കു സേവന നികുതിയും കാരണം വലിയ തോതില്‍ തിരിച്ചടി നേരിട്ട വിഭാഗാമണ് രാജ്യത്തെ സൂക്ഷ, ചെറുകിട സംരംഭക മേഖല. പരിവര്‍ത്തനപ്രക്രിയയുടെ ഓളങ്ങള്‍ അവസാനിച്ചതിന് ശേഷം പതിയെ ആണെങ്കിലും ചെറുകിട സംരംഭക മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ് വികസനത്തില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്ക്.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭകമേഖലയില്‍ ആത്മവിശ്വാസം കൂടിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. റേറ്റിംഗ് ഏജന്‍സിയായ ക്രിസിലും ചെറുകിട സംരംഭങ്ങളുടെ പ്രോല്‍സാഹനത്തിനായി പ്രവര്‍ത്തിക്കുന്ന സിഡ്ബിയും ചേര്‍ന്നാണ് സര്‍വേ നടത്തിയത്.

വളരെ പോസിറ്റീവാണ് സംരംഭക മേഖലയിലെ സാഹചര്യമെന്നാണ് സര്‍വേ വിലയിരുത്തുന്നത്. 0-200 റേഞ്ചില്‍ 128 പോയ്ന്റാണ് ഡിസംബറില്‍ അവസാനിച്ച പാദം രേഖപ്പെടുത്തിയത്. 200 ലെവല്‍ എത്തിയാല്‍ പോസിറ്റിവിറ്റിയുടെ പാരമ്യമാണ് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ തന്നെ 128 മികച്ച ലെവലായി കണക്കാക്കപ്പെടുന്നു. ചെറുകിട സംരംഭക മേഖലയില്‍ ബിസിനസ് ഇടപാടുകളുടെ എണ്ണത്തില്‍ പോയ പാദത്തില്‍ മികച്ച വര്‍ധനയുണ്ടായിട്ടുണ്ട്. ഉല്‍പ്പാദനരംഗത്തെ ചെറുകിട, ഇടത്തരം മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ വിപണി വളരെ സജീവമായി എന്നതും ശ്രദ്ധേയമാണ്.

ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് ശേഷം രാജ്യത്തെ സൂക്ഷമ, ചെറുകിട സംരംഭങ്ങള്‍ വികസന ട്രാക്കിലേക്ക് തിരിച്ചെത്തുന്നതായുള്ള വ്യക്തമായ സൂചനകളാണ് ക്രിസിലിന്റെ സര്‍വേ നല്‍കുന്നത്.

ഉല്‍സവ സീസണും രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവും ക്രൂഡ് ഓയില്‍ വിലയിലെ കുറവുമാണ് ഡിസംബര്‍ പാദത്തില്‍ സംരംഭങ്ങള്‍ക്ക് ഗുണം ചെയ്തത്. അടുത്ത പാദത്തിലും മേഖല ഈ ആവേഗം തുടരുമെന്ന് തന്നെ വേണം കരുതാന്‍. ഉല്‍പ്പാദന മേഖലയും സേവനമേഖലയും തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 42 ശതമാനവും പറഞ്ഞത് മൊത്തത്തിലുള്ള ബിസിനസ് അന്തരീക്ഷം പോസിറ്റീവ് ആകുന്നുവെന്നാണ്. അതേസമയം 54 ശതമാനം പേര്‍ പറഞ്ഞത് അടുത്ത പാദത്തിലെ വളര്‍ച്ചയെകുറിച്ച് തങ്ങള്‍ക്ക് മികച്ച ആത്മവിശ്വാസം ഉണ്ടെന്നാണ്. 41 ശതമാനം സൂക്ഷമ, ചെറുകിട സംരംഭങ്ങളുടെയും ഇടപാട് ബുക്കില്‍ കഴിഞ്ഞ പാദത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. പോയ വര്‍ഷം ഇതേ പാദത്തില്‍ ഇത് 27 ശതമാനം മാത്രമായിരുന്നു.

10 കേടി രൂപയ്ക്കും 25 കോടി രൂപയ്ക്കും ഇടയില്‍ വിറ്റുവരവുള്ള, എംഎസ്എംഇ (സൂക്ഷമ, ചെറുകിട, ഇട്ടത്തരം സംരംഭങ്ങള്‍) മേഖലയിലെ വമ്പന്മാരാണ് തങ്ങളുടെ ബിസിനസുകളെ കുറിച്ച് അമിതമായ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നത്. അതേസമയം ഒരു കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള ബിസിനസുകളുടെയും പ്രതീക്ഷ കൂടുതല്‍ ലാഭം വരും നാളുകളില്‍ ലഭിക്കുമെന്നാണ്. ചെറുകിടസംരംഭകര്‍ എടുക്കുന്ന, ഒരു കോടി രൂപയ്ക്ക് താഴെയുള്ള വായ്പകളുടെ എണ്ണത്തില്‍ മികച്ച വര്‍ധനയുണ്ടാകുന്നുണ്ടെന്നും വായ്പാദാതാക്കള്‍ വെളിപ്പെടുത്തുന്നുണ്ട്. കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കാണ് ആഭ്യന്തര വിപണിയില്‍ മാത്രം സാന്നിധ്യമുള്ള സംരംഭങ്ങളേക്കാള്‍ സാധ്യത കൂടുതല്‍. ഇന്ത്യയിലുള്ള പൊതു ബിസിനസ് സാഹചര്യം മെച്ചപ്പെട്ടുവരുന്നതായുള്ള റിപ്പോര്‍ട്ട് മോദിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കും അനുഗുണമായി മാറാനാണ് സാധ്യത.

Categories: Editorial, Slider
Tags: startups

Related Articles