ഇന്ത്യയില്‍ ഒന്നാമന്‍; ആഡിഡാസിനെ മലര്‍ത്തിയടിച്ച് പ്യൂമ

ഇന്ത്യയില്‍ ഒന്നാമന്‍; ആഡിഡാസിനെ മലര്‍ത്തിയടിച്ച് പ്യൂമ
  • പോയവര്‍ഷം 1,157 കോടി രൂപയുടെ വില്‍പ്പനയാണ് ഇന്ത്യയില്‍ നിന്ന് പ്യൂമ നേടിയത്
  • ആഡിഡാസ് വിറ്റത് 1132 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍
  • സ്‌കെച്ചേഴ്‌സും ഇന്ത്യന്‍ വിപണിയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ തുടങ്ങിക്കഴിഞ്ഞു

മുംബൈ: പ്രധാന പ്രതിയോഗികളായ അഡിഡാസിനെ കീഴടക്കി ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് വെയര്‍ റീട്ടെയ്‌ലറായി പ്യൂമ. പോയവര്‍ഷം 1,157 കോടി രൂപയുടെ വില്‍പ്പനയാണ് ഇന്ത്യയില്‍ പ്യൂമ രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ട് മുന്‍വര്‍ഷം ഇതേ കാലയളവില്‍ 958 കോടി രൂപയായിരുന്നു പ്യൂമയുടെ വില്‍പ്പന.

ആഗോള വിപണി കണക്കിലെടുത്താല്‍ ഇന്ത്യയില്‍ മാത്രമാണ് നൈക്കി, അഡിഡാസ് പോലുള്ള സ്‌പോര്‍ട്‌സ് വെയര്‍ ഭീമന്മാരെ പിന്നിലാക്കി ജര്‍മന്‍ സ്‌പോര്‍ട്‌സ് ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ പ്യൂമ മുന്‍പന്തിയില്‍ എത്തിയിരിക്കുന്നത്.

ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കലണ്ടര്‍ വര്‍ഷം തന്നെയാണ് സാമ്പത്തിക വര്‍ഷമായി പ്യൂമ പിന്തുടരുന്നത്. എന്നാല്‍ നെക്കി, ആഡിഡാസ് അടക്കമുള്ള മറ്റ് കമ്പനികള്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് സാമ്പത്തിക വര്‍ഷമായി പിന്തുടരുന്നത്. 2016ല്‍ ഏറ്റവും വലിയ എട്ട് വിപണികളിലൊന്നായിരുന്ന ഇന്ത്യ 2020 ആകുമ്പോഴേക്കും കമ്പനിയുടെ ഏറ്റവും മികച്ച അഞ്ച് വിപണികളില്‍ ഒന്നായി മാറുമെന്ന് പ്യൂമ സിഇഒ ജോണ്‍ ഗള്‍ഡെന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം 2018 വളരെ മികച്ച വര്‍ഷമായിരുന്നു. ആഗോളതലത്തില്‍ തന്നെ ബ്രാന്‍ഡ് കൂടുതല്‍ ചലനാത്മകമായി മാറി. സ്‌പോര്‍ട്‌സ് പെര്‍ഫോമന്‍സ്, സ്‌പോര്‍ട്‌സ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ ഞങ്ങള്‍ ശക്തമായ പുരോഗതി കൈവരിക്കുകയാണ്-പ്യൂമ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ അഭിഷേക് ഗാംഗുലി പറഞ്ഞു.

അത്‌ലെറ്റിക് പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന അപ്പാരലുകളും ഷൂസുകളുമെല്ലാം സാധാരണ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി മാറിയതോടെയാണ് പ്യൂമ പോലുള്ള ബ്രാന്‍ഡുകള്‍ക്ക് വിപണിയില്‍ ആവശ്യകതയേറിയത്. മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി കാഷ്വല്‍ ഡ്രസ് ശീലമാക്കുന്നവരെ ആകര്‍ഷിക്കുന്ന രീതിയിലാണ് പ്യൂമയുടെ ഉല്‍പ്പന്നങ്ങളെന്ന് കമ്പനി അവകാശപ്പെടുന്നു. ആഗോളതലത്തില്‍ ബ്രാന്‍ഡ് അംബാസഡറെ തെരഞ്ഞെടുക്കുമ്പോഴും പ്യൂമ ഈ ആശയമാണ് മനസില്‍ വെക്കുന്നതെന്നും വിപണി വിദഗ്ധര്‍ പറയുന്നു.

വനിതാ വിഭാഗത്തിലും പ്യൂമയുടെ ഇ-കൊമേഴ്‌സ് തന്ത്രവും വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചതായി ഗാംഗുലി പറയുന്നു. വനിതാ വിഭാഗം ഞങ്ങളുടെ വളര്‍ച്ചയുടെ പ്രധാന ഘടകമാണ്. ഇന്ത്യന്‍ സ്ത്രീകളുടെ ജീവിത ശൈലിയിലും വാങ്ങല്‍ സ്വഭാവത്തിലും മാതൃകാപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. പ്യൂമ.കോമിലൂടെ ഈ വര്‍ഷം ഞങ്ങളുടെ വില്‍പ്പന മൂന്നിരട്ടിയായി-ഗാംഗുലി വ്യക്തമാക്കി.

അടുത്തിടെ ബോക്‌സിംഗ് താരം മേരികോമിനെ ബ്രാന്‍ഡ് അംബാസഡറായി കമ്പനി നിയമിച്ചിരുന്നു. പ്യൂമയും വിരാട് കോഹ്ലിയും ചേര്‍ന്ന് തുടങ്ങിയ സംയുക്ത സംരംഭം വണ്‍8ഉം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. പ്രവര്‍ത്തനം തുടങ്ങിയ ആദ്യവര്‍ഷം തന്നെ 100 കോടി രൂപയുടെ വില്‍പ്പന നേടാന്‍ വണ്‍8ന് സാധിച്ചിട്ടുണ്ട്്.

പ്യൂമയെയും ആഡിഡാസിനെയും കൂടാതെ അമേരിക്കന്‍ അത്‌ലെറ്റിക് ഫൂറ്റ് വെയര്‍ ബ്രാന്‍ഡായ സ്‌കെച്ചേഴ്‌സും ഇന്ത്യയില്‍ മികച്ച വില്‍പ്പന നേടുന്നുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആഡിഡാസ് 1132 കോടി രൂപയുടെ വില്‍പ്പനവരുമാനമാണ് നേടിയത്. മുന്‍വര്‍ഷം ഇത് 1,100 കോടി രൂപയായിരുന്നു. അതേസമയം ആഡിഡാസിന്റെ തന്നെ നിയന്ത്രണത്തിലുള്ള റീബോക്കിന്റെ വരുമാനത്തില്‍ ഇടിവാണ് നേരിടുന്നത്. സ്‌കെച്ചേഴ്‌സാകട്ടെ 2017-18 വര്‍ഷത്തില്‍ നേടിയത് 440 കോടി രൂപയുടെ വരുമാനമാണ്.

Comments

comments

Categories: Business & Economy
Tags: Puma