വെറും വള്ളിപ്പടര്‍പ്പല്ല പാഷന്‍ ഫ്രൂട്ട്, വരുമാനത്തിന്റെ മികച്ച മാര്‍ഗം

വെറും വള്ളിപ്പടര്‍പ്പല്ല പാഷന്‍ ഫ്രൂട്ട്, വരുമാനത്തിന്റെ മികച്ച മാര്‍ഗം

പണ്ടുകാലത്ത് ആരും അധികം നട്ട് പരിപാലിക്കാതെ തന്നെ വേലിപ്പടര്‍പ്പിലും മാവിന്റെ കൊമ്പിലുമൊക്കെയായി വളര്‍ന്നു പന്തലിച്ചിരുന്ന പാഷന്‍ ഫ്രൂട്ട് അന്നെല്ലാം തൊടിയില്‍ സുലഭമായ ഒരു പഴം മാത്രമായിരുന്നു നമുക്ക്. എന്നാല്‍ ഇന്ന് പാഷന്‍ ഫ്രൂട്ടിന്റെ ഔഷധഗുണങ്ങളും മറ്റും കണക്കിലെടുത്ത് കര്‍ഷകര്‍ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ കൃഷി ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. കശുമാവില്‍ തോട്ടങ്ങളില്‍ പാഷന്‍ ഫ്രൂട്ട് വിപ്ലവവുമായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മുന്നോട്ട് വന്നത് ഈ രംഗത്തെ സാധ്യതകള്‍ വര്‍ധിക്കുന്നതിന് പ്രധാന തെളിവാണ്. ഇത് പോലെ തന്നെ പ്രതിസന്ധിയിലായ മലയോരമേഖലക്ക് പുതുജീവന്‍ നല്‍കാനും പാഷന്‍ ഫ്രൂട്ട് കൃഷികൊണ്ട് കഴിഞ്ഞു. സംസ്ഥാനത്ത് 25 ഏക്കറിലാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പാഷന്‍ ഫ്രൂട്ട് കൃഷിയിറക്കിയിരിക്കുന്നത്. ഇതുവരെ എകദേശം 17 ടണ്‍ പാഷന്‍ ഫ്രൂട്ട് വിറ്റതായാണ് കണക്ക്. ഏകദേശം 88 ലക്ഷം രൂപയുടെ വിറ്റുവരവാണ് പാഷന്‍ ഫ്രൂട്ട് കൃഷിയില്‍ നിന്ന് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേ പാത പിന്തുടര്‍ന്ന് മൂല്യവര്‍ധിത വസ്തുക്കളുടെ നിര്‍മാണത്തിലൂടെ വരുമാനം കണ്ടെത്താന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.

മഞ്ഞ നിറത്തില്‍ വലിയ മുത്തുകള്‍ പോലെ വേലിപ്പടര്‍പ്പില്‍ പടര്‍ന്നു നില്‍ക്കുന്ന ആ സുന്ദരന്‍ പഴമൊന്നു കഴിക്കാന്‍ താല്‍പര്യപ്പെടാത്തവരായി ആരാണുണ്ടാകുക. കേരളത്തില്‍ ബോഞ്ചിക്ക, വള്ളി ഓറഞ്ച്, വള്ളിനാരങ്ങ, മുസ്സോളിക്കായ്, മുസ്സോളിങ്ങ, സര്‍ബത്തുംകായ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പാഷന്‍ ഫ്രൂട്ട് അക്ഷരാര്‍ത്ഥത്തില്‍ മലയാളികളുടെ ‘പാഷനായിട്ട്’ കാലം ഏറെയായി. എന്നാല്‍ ഇതിന്റെ വിപണന സാധ്യതകളെപ്പറ്റി ആളുകള്‍ അറിയുന്നത് വളരെ വൈകിയാണ്. പൊളളുന്ന വെയിലത്ത് യാത്ര ചെയ്തു വരുന്ന ഒരാള്‍ക്ക് നന്നായി പഴുത്ത ഒരു പാഷന്‍ ഫ്രൂട്ടിന്റെ കായ് നല്‍കി നോക്കിയാല്‍ അറിയാം ഒരു വ്യക്തിയുടെ ആരോഗ്യത്തെ സ്വാധീനിക്കാന്‍ എത്രമാത്രം പ്രാപ്തമാണ് ഈ ഫലം എന്ന്. ഉഷ്ണമിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് പാഷന്‍ ഫ്രൂട്ട് നന്നായി വളരുന്നത്.അടുത്ത കാലം വരെ പാഷന്‍ ഫ്രൂട്ടില്‍ നിന്നും കാര്യമാത്ര പ്രസക്തമായ മൂല്യവര്‍ധിത വസ്തുക്കള്‍ ഒന്നും തന്നെ നിര്‍മിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. പാഷന്‍ ഫ്രൂട്ടില്‍ നിന്നും മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിച്ചു കര്‍ഷകര്‍ മികച്ച വരുമാനം കണ്ടെത്തുന്നു.

പാഷന്‍ ഫ്രൂട്ട് ജാം, ജ്യൂസ്, സ്‌ക്വാഷ്, കേക്ക്, പുഡ്ഡിംഗ് അങ്ങനെ നിരവധി ഉല്‍പ്പന്നങ്ങളാണ് പാഷന്‍ ഫ്രൂട്ടില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്ന പാഷന്‍ ഫ്രൂട്ടിന്റെ നല്ലൊരു ശതമാനം വിദേശത്തേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു. പാഷന്‍ ഫ്രൂട്ട് ജ്യൂസാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. യൂറോപ്പ് ആണ് പാഷന്‍ ഫ്രൂട്ടിന്റെ പ്രധാന മാര്‍ക്കറ്റ്. ഇന്ത്യന്‍ വിപണിയില്‍ നിന്നും ആകെ കയറ്റുമതിയുടെ 90 ശതമാനവും യൂറോപ്പിലേക്കാണ്.യൂറോപ്പിന് പുറമെ, അമേരിക്ക, കാനഡ, ജപ്പാന്‍ മുതലായ രാജ്യങ്ങളിലേക്കും പാഷന്‍ ഫ്രൂട്ടും അനുബന്ധ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യപ്പെടുന്നു. കേരളത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷി വ്യാപകമാകുന്നതിനും ഏറെ മുന്‍പ് തന്നെ പല തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രാദേശിക വിപണനാവശ്യത്തിനായി പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ടായിരുന്നു.

കേരളം, തമിഴ്‌നാട് (നീലഗിരി, കൊടൈക്കനാല്‍), കര്‍ണാടക (കൂര്‍ഗ്), ഉത്തരകിഴക്ക് സംസ്ഥാനങ്ങളായ മിസോറാം, നാഗാലാന്റ്, മണിപൂര്‍, സിക്കിം എന്നിവിടങ്ങളില്‍ 9110 ഹെക്ടര്‍ വിസ്തൃതിയില്‍ 45820 ടണ്‍ പാഷന്‍ ഫ്രൂട്ട് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ പ്രദേശങ്ങളിലെ ശരാശരി ഉല്‍പ്പാദനം അഞ്ച് ടണ്‍/ഹെക്ടര്‍ ആണ്. പാഷന്‍ ഫ്രൂട്ടിന്റെ ഈറ്റില്ലമായ ബ്രസീല്‍, ആസ്‌ട്രേലിയ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ (3035 ടണ്‍/ഹെക്ടര്‍) ഇത് വളരെ കുറവാണ്. ഈ രാജ്യങ്ങള്‍ക്ക് പുറമെ ഉഷ്ണ മേഖല രാജ്യങ്ങളായ ഓസ്‌ട്രേലിയ, ഹവായ്, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ മുതലായ രാജ്യങ്ങളില്‍ പാഷന്‍ ഫ്രൂട്ട് ധാരാളമായി കണ്ടുവരുന്നു. 90 ശതമാനം ഉത്പാദനവും ബ്രസീലില്‍ നിന്നാണ്.ഇന്ത്യയില്‍ പാഷന്‍ ഫ്രൂട്ട് ഉല്‍പ്പാദനത്തിന്റെ 80 ശതമാനവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. കേരളത്തില്‍ തണുപ്പ് കൂടുതലുള്ള വയനാട്, ഇടുക്കി പ്രദേശങ്ങളില്‍ പാഷന്‍ ഫ്രൂട്ട് വന്‍തോതില്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്. നെല്ലിയാമ്പതിയില്‍ പ്രവര്‍ത്തിക്കുന്ന ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍, അവിടെത്തന്നെ വളരുന്ന പാഷന്‍ഫ്രൂട്ട് ഉപയോഗിച്ച് സ്‌ക്വാഷ് നിര്‍മിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തിന്റെ പലഭാഗത്തുമായി കാണാനാകും. കൃഷി വകുപ്പിന്റെ കീഴില്‍ പാലക്കാട് ജില്ലയിലും ഇത്തരത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷി നടക്കുന്നുണ്ട്.

ഇതിനു പുറമെ, കേരളത്തിലെ കശുമാവില്‍ തോട്ടങ്ങളില്‍ പാഷന്‍ ഫ്രൂട്ട് നാട്ടു വരുമാനം നേടുകയാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍. സംസ്ഥാനത്ത് 25 ഏക്കറിലാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പാഷന്‍ ഫ്രൂട്ട് കൃഷിയിറക്കിയിരിക്കുന്നത്. ഇതുവരെ എകദേശം 17 ടണ്‍ പാഷന്‍ ഫ്രൂട്ട് വിറ്റതായാണ് കണക്ക്. ഏകദേശം 88 ലക്ഷം രൂപയുടെ വിറ്റുവരവ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നേടിക്കഴിഞ്ഞു.

പാഷന്‍ ഫ്രൂട്ട് പലവിധം

ലോകത്തില്‍ 600 ല്‍ പരം പാഷന്‍ ഫ്രൂട്ട് വിഭാഗങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും മൂന്ന് ഇനങ്ങളാണ് നമ്മുടെ നാട്ടില്‍ പ്രധാനമായും കൃഷി ചെയ്ത വരുന്നത്.വയലറ്റ്, മഞ്ഞ, ആകാശ വെള്ളരി എന്ന് വിളിക്കുന്ന ജയിന്റ് എന്നിവയാണാവ. മഞ്ഞ നിറത്തിലുള്ളവ സാധാരണയായി സമതലപ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഇവയുടെ പൂക്കള്‍ക്കും കായ്കള്‍ക്കും വലിപ്പം കൂടുതലായിരിക്കും. കൂടാതെ കായ്കള്‍ക്ക് കട്ടിയും കൂടുതലായിരിക്കും. പച്ച നിറത്തില്‍ കാണപ്പെടുന്ന കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞ നിറമാകുന്നു. പൊതുവേ രണ്ട് തരത്തിലുള്ളവയുടേയും ഇലകളും പൂക്കളും ഒരുപോലെയുള്ളവയാണ്. വിപണിയില്‍ കൂടുതല്‍ അംഗീകാരം ലഭിച്ചിരിക്കുന്നത് മഞ്ഞ നിറത്തിലുളള ഫ്രൂട്ടിനാണ്. കിലോക്ക് 130 രൂപയാണ് ഇപ്പോള്‍ വിപണി വില.

പരിപാലനം എങ്ങനെ ?

വാണിജ്യാടിസ്ഥാനത്തിലുള്ള പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നവര്‍ക്കു ആവശ്യമായ സാങ്കേതിക സഹായം വഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന പൈനാപ്പിള്‍ ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാണ്.പാഷന്‍ ഫ്രൂട്ട് വള്ളികള്‍ മുറിച്ചു നട്ടും വിത്തുകളുപയോഗിച്ചും വംശ വര്‍ദ്ധന നടത്താവുന്നതാണ് നടുന്നത്. ”വള്ളി മുറിച്ചു നടുന്ന തൈകളാണ് പെട്ടെന്ന് കായ് ഫലം തരുന്നത്. വിത്തുകളുപയോഗിക്കുമ്പോള്‍ രണ്ടു ദിവസ്സം വെള്ളത്തില്‍ കുതിര്‍ത്ത് വച്ചിട്ട് പാകണം. കിളിര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞു പൊളി ബാഗിലേക്കു മാറ്റാം. ഏഴടി ഉയരത്തില്‍ പന്തലിട്ടു പടര്‍ത്തുന്നതാണ് കൂടുതല്‍ പ്രയോജനപ്രദം. തൈകള്‍ നട്ട് ഒരു വര്‍ഷത്തിനകം കായ്ച്ചു തുടങ്ങും. മേയ്ജൂണ്‍, സെപ്തംബര്‍ ഒക്ടോബര്‍ കാലങ്ങളിലാണ് കായ്ക്കുന്നത്” വഴക്കുളത്ത് പാഷന്‍ ഫ്രൂട്ട് കൃഷിയില്‍ വ്യാപൃതനായ ദേവസ്സി പറയുന്നു.

വ്യാവസായികാടിസ്ഥാനത്തില്‍ പാഷന്‍ഫ്രൂട്ട് തൈകള്‍ നടുമ്പോള്‍ മൂന്നു മീറ്റര്‍ അകലം നല്‍കി അരമീറ്റര്‍ വീതം നീളം, വീതി, താഴ്ചയുള്ള കുഴിയെടുത്ത്, മേല്‍മണ്ണും 10 കി.ഗ്രാം കമ്പോസ്റ്റും ചേര്‍ത്ത് ഇളക്കി നിറച്ച് തൈ നടണം. തുടര്‍ന്ന് വര്‍ഷംതോറും മഴക്കാലത്ത് രണ്ടു തവണകളായി യൂറിയ 220 ഗ്രാം, റോക്‌ഫോസ്‌ഫെറ്റ് 55 ഗ്രാം, പൊട്ടാഷ് വളം 170 ഗ്രാം എന്ന തോതില്‍ ചേര്‍ക്കുകയും വേണം.നല്ല തൈകള്‍ നട്ടാല്‍ എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും. വിളവെടുപ്പ് കഴിയുമ്പോള്‍ പ്രൂണിംഗ് (കൊമ്പുകോതല്‍) നടത്തിയാല്‍ കൂടുതല്‍ ശിഖരങ്ങള്‍ പൊട്ടിമുളയ്ക്കും. ഇതിലൂടെ ഉത്പാദനം കൂട്ടാന്‍ സാധിക്കും.

ആരോഗ്യപരമായ ഗുണങ്ങള്‍

മനുഷ്യ ശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറ ആണ് പാഷന്‍ ഫ്രൂട്ട്. വിറ്റാമിന്‍ എ , ബീറ്റാകരോട്ടിന്‍ എന്നിവ ഇതില്‍ നിറഞ്ഞിരിക്കുന്നു. പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തെ തണുപ്പിക്കുകയും വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ഞെരമ്പുകളിലെ സമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം എന്നിവ കുറക്കാനും ഇത് സഹായിക്കുന്നു.പാഷന്‍ ഫ്രൂട്ട് ജ്യൂസിലെ ആല്‍ക്കലോയിഡിന്റെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു. അതിനാല്‍ ഇത് മികച്ച പ്രമേഹ സംഹാരി കൂടിയാണ്.സന്ധിവാതം, നാഡീ സംബന്ധമായ പാരിക്‌സണ്‍ പോലുള്ള അസുഖങ്ങളെയും വന്ധ്യത, വിഷാദം എന്നിവയെയും ഫലപ്രദമായി ചെറുക്കാന്‍ ഇത് സഹായിക്കുന്നു. ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനും ഉന്മേഷം പകരുന്നതിനും ഇരുമ്പ് അടങ്ങിയ ഈ ഫലത്തിന് കഴിയുന്നു. ശ്വാസ കോശ രോഗികള്‍ക്കും പാഷന്‍ ഫ്രൂട്ട് ജ്യൂസ് നല്ലൊരു ഔഷധമാണ്. ആസ്ത്മയുടെ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസിന് കഴിയും.ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് എന്നതിനാല്‍ ഇത് മാനസിക സമ്മര്‍ദ്ധത്തെയും ഫലപ്രദമായി തടയുന്നു. ഇതിനെല്ലാം പുറമെ രക്തത്തിന്റെ കൗണ്ട് വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

വിപണിയില്‍ താരമായി പാഷന്‍ ഫ്രൂട്ട് വിഭവങ്ങള്‍

വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട് പാഷന്‍ ഫ്രൂട്ട് നിര്‍മിത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക്. അതുകൊണ്ട് തന്നെ പാഷന്‍ ഫ്രൂട്ട് ജ്യൂസ്, കേക്കുകള്‍,ഹല്‍വ പുഡ്ഡിംഗ്, അച്ചാറുകള്‍, തുടങ്ങി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും എണ്ണം വര്‍ധിച്ചു വരികയാണ്. പാഷന്‍ ഫ്രൂട്ട് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവരില്‍ നിന്നും വാങ്ങിയാണ് ഇത്തരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം. പാഷന്‍ ഫ്രൂട്ടിന്റെ അനന്ത സാധ്യതകളെക്കുറിച്ച് മനസിലാക്കിയ എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശികളായ പ്രിന്‍സ് വര്‍ക്കി, കെന്നഡി പീറ്റര്‍, മനോജ് എം. ജോസഫ് എന്നിവര്‍ 25 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ നടത്തിയത്.12 ഏക്കറില്‍ തുടങ്ങിയ ഇവരുടെ കൃഷി ഇപ്പോള്‍ 100 ഏക്കറില്‍ എത്തി നില്‍ക്കുന്നു. ഇത്തരത്തില്‍ കൃഷി ചെയ്‌തെടുക്കുന്ന പാഷന്‍ ഫ്രൂട്ടില്‍ നിന്നും പാഷന്‍ ഫ്രൂട്ട് ജ്യൂസ്, സ്‌ക്വാഷ്, സിറപ്പ് എന്നിവ വിപണിയില്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

അറിയാമോ പാഷന്‍ ഫ്രൂട്ടിലെ പോക്ഷക മൂല്യം ?

100 ഗ്രാം പാഷന്‍ ഫ്രൂട്ടില്‍താഴെ പറയുന്ന അളവില്‍ പോഷകങ്ങള്‍ അടഞ്ഞിരിക്കുന്നു
വിറ്റാമിന്‍ ഇ – 25mg
വിറ്റാമിന്‍ അ – 54 മൈക്രോഗ്രാം
കാര്‍ബോഹൈഡ്രെറ്റ് – 12.4g
പ്രോട്ടീന്‍ – 0.9 g
ഫോസ് ഫരസ് 60 mg
കാത്സ്യം 10mg
പൊട്ടാസ്യം 189mg
സോഡിയം 15mg
ഇരുമ്പ് 2mg
ഇവയെക്കൂടാതെ നിരോക്‌സീകാരികളുടെ നല്ലൊരു ശേഖരവും പാഷന്‍ ഫ്രൂട്ടിലുണ്ട്.

Categories: FK Special, Slider