വരുമാന വിപണി വിഹിതത്തിലും മിന്നിത്തിളങ്ങി ജിയോ

വരുമാന വിപണി വിഹിതത്തിലും മിന്നിത്തിളങ്ങി ജിയോ

വോഡഫോണ്‍ ഐഡിയയെയും ഭാരതി എയര്‍ടലിനനെയും പിന്നിലാക്കി വരുമാന വിപണി വിഹിതത്തിലും മുകേഷ് അംബാനിയുടെ ജിയോ മേല്‍ക്കൈ നേടി. 11,200 കോടിയുടെ വരുമാനമെന്ന് റിപ്പോര്‍ട്ട്

ജിയോ മായാജാലം

  • 2016 സെപ്റ്റംബര്‍ 5നാണ് റിലയന്‍സ് ജിയോ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്
  • ഡാറ്റയാണ് പുതിയ ഇന്ധനം എന്ന് പറഞ്ഞാണ് മുകേഷ് അംബാനി ജിയോയെ അവതരിപ്പിച്ചത്
  • തുടക്കത്തില്‍ സൗജന്യമായും, പിന്നീട് കുറഞ്ഞ നിരക്കിലും ഡാറ്റ നല്‍കിയാണ് ജിയോ വിപണി പിടിച്ചത്
  • മൂന്നാം പാദത്തിലെ ജിയോയുടെ വരുമാന വിപണി വിഹിതം 31.6% വരുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍സ്

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് വരുമാന വിപണി വിഹിതത്തിലും മേല്‍ക്കൈ നേടിയെന്ന് റിപ്പോര്‍ട്ട്. പ്രതിയോഗികളായ വോഡഫോണ്‍ ഐഡിയയേയും ഭാരതി എയര്‍ടെലിനേയും പിന്തള്ളിയാണ് ഈ നേട്ടം.

അടുത്ത ഏതാനും പാദങ്ങളില്‍ ഈ മുന്നേറ്റം ജിയോ തുടരാനാണ് സാധ്യതയെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍സിന്റെ വിലയിരുത്തല്‍. വൈകാതെ തന്നെ ടെലികോം വിപണിയുടെ അധിപനായി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ നവസംരംഭം മാറുമെന്നും കരുതപ്പെടുന്നു.

മൂന്നാം പാദ ഫലങ്ങളുടെ അടിസ്ഥാനത്തില്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികളുടെ മൊബീല്‍ വരുമാനം യഥാക്രമം 11,000 കോടി രൂപ, 10,400 കോടി രൂപ, 10,100 കോടി രൂപ എന്നിങ്ങനെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ വോഡഫോണ്‍ ഐഡിയ 31.6 ശതമാനം വരുമാന വിപണി വിഹിതമാണ് നേടിയിരിക്കുന്നത്. റിലയന്‍സ് ജിയോ 29.9 ശതമാനവും എയര്‍ടെല്‍ 29 ശതമാനവും വിപണി വിഹിതവും കരസ്ഥമാക്കി.

എന്നാല്‍ ഇന്‍കമിംഗ് കോളുകളുടെ ഇന്റര്‍കണക്്റ്റ് വരുമാനം ഉള്‍പ്പെടുത്താതെയാണ് ജിയോയുടെ റിപ്പോര്‍ട്ട്. ഈ ഘടകം കൂടി ഉള്‍പ്പെടുത്തിയാല്‍ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ജിയോയുടെ മൊബീല്‍ വരുമാനം 11,200 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ വോഡഫോണ്‍ ഐഡിയയെ പിന്തള്ളാന്‍ ജിയോയ്ക്ക് സാധിക്കും. ഇതോടെ ജിയോയുടെ വരുമാന വിപണി വിഹിതം 31.6 ശതമാനമായി കൂടുകയും ചെയ്യും. വോഡഫോണ്‍ ഐഡിയ 30.8 ശതമാനം വിപണി വിഹിതത്തോടെ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടും.

4ജി സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നടപ്പിലാക്കി തുടങ്ങിയതിന് ശേഷം ആറാം പാദത്തിലും വരുമാന വിപണി വിഹിതത്തില്‍ നേട്ടം കൊയ്യാന്‍ ജിയോയ്ക്ക് സാധിക്കുന്നതായാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട് ചെയ്ത വരുമാനകണക്കുകളുടെ അടിസ്ഥാനത്തില്‍ തന്നെ 10,380 കോടി രൂപയുടെ നേട്ടത്തിലൂടെ എയര്‍ടെലിനെ പിന്തള്ളി രണ്ടാമതെത്താന്‍ മൂന്നാം പാദത്തില്‍ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്.

മധ്യപ്രദേശ്, രാജസ്ഥാന്‍, അസം, ഒഡിഷ എന്നീ നാല് ടെലികോം സര്‍ക്കിളുകളില്‍ ഏറ്റവും കൂടുതല്‍ വരുമാന വിപണി വിഹിതം ജിയോയ്ക്കാണ്. മാത്രമല്ല 16 സര്‍ക്കിളുകളില്‍ 30 ശതമാനത്തിലധികം വരുമാന വിഹിതം നേടാനും ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. എയര്‍ടെലിന്റേത് 31.3 ശതമാനവും വോഡഫോണ്‍ ഐഡിയയുടേത് 32.3 ശതമാനവുമാണ്.

കേരളത്തില്‍ വോഡഫോണ്‍ ഐഡിയയുടെ വരുമാന വിപണി വിഹിതം 50 ശതമാനത്തിലധികമാണ്. എന്നാല്‍ അധികം വൈകാതെ തന്നെ അത് കുറയാനിടയുണ്ടെന്നാണ് ടെലികോം മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.

2016 സെപ്റ്റംബറില്‍ വിപണിയില്‍ അവതരിച്ച ജിയോ ടെലികോം മേഖലയെയാകെ തച്ചുതകര്‍ക്കുകയായിരുന്നു. തുടക്കത്തില്‍ വെല്‍കം ഓഫറുമായി ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ നല്‍കിയ പ്ലാന്‍ ജിയോ വരിക്കാരുടെ എണ്ണം റോക്കറ്റ് വേഗത്തിലാണ് കൂട്ടിയത്. മുകേഷ് അംബാനിയുടെ മാസ് സ്ട്രാറ്റജിയെന്നാണ് അത് വിശേഷിപ്പിക്കപ്പെട്ടത്. ലാഭം എന്നതിനെക്കാളുപരി ആദ്യം ഉപഭോക്താക്കളെ പെട്ടെന്ന് നേടിയെടുത്ത് അവരെ നിലനിര്‍ത്തുന്ന ബിസിനസ് തന്ത്രംമായിരുന്നു അദ്ദേഹം അനുവര്‍ത്തിച്ചത്.

ജിയോയുടെ താരിഫുകള്‍ പ്രഖ്യാപിച്ചുള്ള മുകേഷിന്റെ കന്നി പ്രസംഗത്തിനു തൊട്ടുപിന്നാലെ മറ്റ് ടെലികോം കമ്പനികളുടെ വിപണിമൂല്യത്തില്‍ 14,000 കോടി രൂപയാണ് ഇടിവുണ്ടായത്. വിപണിയിലെ കോളിളക്കത്തിന്റെ ഫലമായാണ് മറ്റ് ടെലികോം കമ്പനികള്‍ക്ക് താരിഫ് കുറയ്‌ക്കേണ്ടി വന്നത്. നിലനില്‍പ്പിനായി ഒടുവില്‍ വോഡഫോണും ഐഡിയയും ലയിച്ച് ഒറ്റ സംരംഭമായി മാറുകയും ചെയ്തു.

Comments

comments

Categories: Business & Economy, Slider
Tags: Jio