കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ബജറ്ററി പിന്തുണ

കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ബജറ്ററി പിന്തുണ

റബറിനെ കാര്‍ഷിക വിളയാക്കാന്‍ ശുപാര്‍ശ

കൊച്ചി: ദേശീയ റബര്‍ നയത്തിന്റെ കരട് നിര്‍ദേശ പ്രകാരം റബര്‍ മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ(ബജറ്ററി സപ്പോര്‍ട്ട്) നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗവേഷണം പരിപോഷിപ്പിക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക തുടങ്ങി ബജറ്റില്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്നാണ് നയത്തില്‍ വ്യക്തമാക്കുന്നത്. നിര്‍ദ്ദിഷ്ട നയം, നൈപുണ്യ വികസനത്തിന് പിന്തുണയും നല്‍കുന്നു. ചെറുകിട ഉടമകള്‍ക്കും, തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നതിനൊടൊപ്പം ഗുണമേന്മയും നിലവാരവും ഉറപ്പുവരുത്താന്‍ ചില നിയന്ത്രണങ്ങളും നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. എല്ലാ നടപടികള്‍ക്കും ആനുപാതികമായി ബജറ്റ് വ്യവസ്ഥകള്‍ ആവിഷ്‌കരിക്കുമെന്ന് കരട് നയത്തില്‍ വ്യക്തമാക്കുന്നു.

എല്ലാ പ്രായോഗിക, നിയമ വശങ്ങളും അനുസരിച്ച് പ്രകൃതിദത്ത റബറിനെ കാര്‍ഷിക വിളയാക്കി അല്ലെങ്കില്‍ ഉല്‍പ്പന്നമാക്കി പരിഗണിക്കാനുള്ള സാധ്യതയും നയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര കാര്‍ഷിക, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രാലയവുമായി കൂടിയാലോചിച്ചതിനു ശേഷം റബര്‍ ഉല്‍പ്പാദനത്തില്‍ നിന്നുള്ള വരുമാനം കാര്‍ഷിക വരുമാനമായി കണക്കാക്കുന്നതിനുള്ള സാധ്യതയും നയത്തില്‍ പറയുന്നുണ്ട്. റബര്‍ കൃഷി ചെയ്യുന്നവര്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്ന കാര്യവുമാണിത്. പുതിയ പ്ലാന്റേഷന്‍, റീപ്ലാന്റിംഗ് തുടങ്ങിയവയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് നയത്തില്‍ പറയുന്നു. എന്നാല്‍ വനങ്ങള്‍ക്ക് കോട്ടം തട്ടാതെ രീതിയിലുള്ള പ്ലാന്റേഷന്‍ രീതിയാണ് പരിഗണിക്കുന്നത്.

27 പേജോളമുള്ള ദേശീയ റബര്‍ കരട് നയം കര്‍ഷകരില്‍ നിന്നും മറ്റ് റബര്‍ കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചോദിച്ചറിയാനായാണ് പുറത്തിറക്കിയിരിക്കുന്നത്. മാര്‍ച്ച് 18 വരെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം.

റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചാല്‍ റബര്‍ ഇറക്കുമതിക്ക് കൂടുതല്‍ നികുതി ചുമത്താം. ഇത് കര്‍ഷകര്‍ക്കും സര്‍ക്കാരിനും പ്രയോജനപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മാത്രവുമല്ല, മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കുള്ള സബ്‌സിഡി, താങ്ങുവില, ഇന്‍ഷുറന്‍സ് എന്നിവ റബറിനും നല്‍കാന്‍ സാധിക്കും. നിലവില്‍ വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുവായാണ് റബറിനെ കണക്കാക്കുന്നത്.

പ്രകൃതി ദത്ത റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. 2017-18 കാലഘട്ടത്തില്‍ 6,94,000 ടണ്‍ റബറാണ് ഇന്ത്യയില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചത്. ഇന്ത്യയില്‍ 81 ശതമാനം റബര്‍ ഉല്‍പ്പാദിപ്പിക്കുന്നത് കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ്.

Categories: Business & Economy