നേരിയ വളര്‍ച്ചയുമായി ദുബായ് ടൂറിസം രംഗം ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ 12% വര്‍ധനവ്

നേരിയ വളര്‍ച്ചയുമായി ദുബായ് ടൂറിസം രംഗം ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ 12% വര്‍ധനവ്

2017നെ അപേക്ഷിച്ച് 2018ല്‍ ദുബായ് ടൂറിസം മേഖലയില്‍ അധികമായി എത്തിയത് 0.8% വിദേശ സഞ്ചാരികള്‍

ദുബായ്: ടൂറിസം രംഗത്ത് കോടിക്കണക്കിന് ദിര്‍ഹം ചിലവഴിച്ചിട്ടും എടുത്തുപറയത്തക്ക വളര്‍ച്ചയില്ലാതെ ഗള്‍ഫിലെ ടൂറിസം ഹബ്ബായ ദുബായ്. കഴിഞ്ഞ വര്‍ഷം 15.92 മില്യണ്‍ സഞ്ചാരികളാണ്(ഓവര്‍നൈറ്റ്) ദുബായ് സന്ദര്‍ശിച്ചത്. 2017നെ അപേക്ഷിച്ച് 0.8 ശതമാനം സഞ്ചാരികള്‍ മാത്രമാണ് 2018ല്‍ അധികമായി ദുബായ് ടൂറിസം മേഖലയിലെത്തിയത്. അതേസമയം ചൈനയില്‍ നിന്നുമുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വര്‍ധനവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തി. നൈജീരിയയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 36 ശതമാനമായി ഉയര്‍ന്നു.

യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ ദുബായ് വിദേശ സഞ്ചാരികളെ എമിറേറ്റിലേക്ക് ആകര്‍ഷിക്കുന്നതിനായി കോടിക്കണക്കിന് ദിര്‍ഹമാണ് ടൂറിസം മേഖലയില്‍ ചിലവഴിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അടക്കം നിരവധി ആകര്‍ഷക ഘടകങ്ങള്‍ ദുബായില്‍ ഉണ്ട്. എന്നാല്‍ മേഖലയില്‍ ചിലവഴിക്കപ്പെടുന്ന പണവുമായി താരതമ്യം ചെയ്യുമ്പോള്‍ വേണ്ടത്ര വളര്‍ച്ച നേടാന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ദുബായിക്ക് സാധിച്ചിട്ടില്ല. താമസമടക്കം ചിലവുകളിലുണ്ടായ കുത്തനെയുള്ള വര്‍ധനവാണ് ദുബായിയെ യൂറോപ്പില്‍ നിന്നടക്കമുള്ള സഞ്ചാരികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

മുന്‍വര്‍ഷങ്ങളെ പോലെ കഴിഞ്ഞ വര്‍ഷവും ദുബായിലേക്ക് ഏറ്റവുമധികം ഒഴുകിയെത്തിയത് ഇന്ത്യന്‍ സഞ്ചാരികളാണ്. ഇരുപത് ലക്ഷം ഇന്ത്യന്‍ സഞ്ചാരികള്‍ 2018ല്‍ ദുബായ് സന്ദര്‍ശിക്കാനെത്തി. 2017ലും സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നിന്നും സമാനമായ ഒഴുക്കാണ് ഉണ്ടായത്. രണ്ടാംസ്ഥാനം സൗദി അറേബ്യന്‍ സഞ്ചാരികള്‍ക്കാണ്. 16 ലക്ഷം സൗദി സഞ്ചാരികള്‍ കഴിഞ്ഞ വര്‍ഷം ദുബായിലെത്തി. മൂന്നാമത് ബ്രിട്ടണ്‍, നാലാമത് ചൈന എന്നിങ്ങനെയാണ് ദുബായ് സന്ദര്‍ശിച്ച വിദേശ സഞ്ചാരികളുടെ കണക്ക്.

ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരിക്കുന്നത്. 875,000 സഞ്ചാരികളുമായി ദുബായ് സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനവാണ് 2018ല്‍ ദുബായ് ടൂറിസം മേഖലയില്‍ രേഖപ്പെടുത്തിയത്. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ചൈനീസ് സഞ്ചാരികള്‍ക്കുള്ള വിസ ചട്ടങ്ങളില്‍ യുഎഇ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇളവുകള്‍ വരുത്തിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനവ്.

185,000 സഞ്ചാരികളുമായി നൈജീരിയയില്‍ നിന്നുള്ള ദുബായ് സന്ദര്‍ശകരുടെ എണ്ണം 36 ശതമാനമായി ഉയര്‍ന്നു. അതേസമയം ഒമാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദുബായ് സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ദുബായ് സന്ദര്‍ശകരുടെ എണ്ണത്തില്‍ നാലാംസ്ഥാനത്തായിരുന്നു ഒമാന്‍.

Comments

comments

Categories: Arabia