സിബിഎസ് നല്‍കി; ബജാജ് ഡിസ്‌കവര്‍ 110 കൂടുതല്‍ സുരക്ഷിതം

സിബിഎസ് നല്‍കി; ബജാജ് ഡിസ്‌കവര്‍ 110 കൂടുതല്‍ സുരക്ഷിതം

പുണെ എക്‌സ് ഷോറൂം വില 53,273 രൂപ

ന്യൂഡെല്‍ഹി : കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) നല്‍കി ബജാജ് ഡിസ്‌കവര്‍ 110 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 53,273 രൂപയാണ് പുണെ എക്‌സ് ഷോറൂം വില. സിബിഎസ് ഇല്ലാത്ത പതിപ്പിനേക്കാള്‍ 563 രൂപ കൂടുതല്‍. 52,710 രൂപയാണ് നോണ്‍ സിബിഎസ് വേര്‍ഷന്‍ ബജാജ് ഡിസ്‌കവര്‍ 110 മോട്ടോര്‍സൈക്കിളിന്റെ വില. ഏപ്രില്‍ ഒന്നിന് എബിഎസ്/സിബിഎസ് നിര്‍ബന്ധമാകുന്നതോടെ നോണ്‍ സിബിഎസ് വേര്‍ഷന്റെ വില്‍പ്പന ബജാജ് ഓട്ടോ അവസാനിപ്പിക്കും.

കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തെ ആന്റി സ്‌കിഡ് ബ്രേക്കിംഗ് (എഎസ്ബി) എന്നാണ് ബജാജ് വിളിക്കുന്നത്. പുതിയ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഡീലര്‍മാര്‍ സ്വീകരിച്ചുതുടങ്ങി. 1,000 രൂപയാണ് ടോക്കണ്‍ തുക. പത്ത്-പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഡെലിവറി ആരംഭിക്കും.

സുരക്ഷാ ഫീച്ചര്‍ നല്‍കിയതൊഴിച്ചാല്‍ മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 115.45 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, കാര്‍ബുറേറ്റഡ് എന്‍ജിന്‍ 7,000 ആര്‍പിഎമ്മില്‍ 8.6 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 9.81 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. എട്ട് ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 117 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്.

ഹോണ്ട സിഡി 110 ഡ്രീം സിബിഎസ് ഡിഎല്‍എക്‌സ്, ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110, ഹീറോ പാഷന്‍ പ്രോ 110 ഡ്രം, ടിവിഎസ് വിക്ടര്‍ 110 ഡ്രം എന്നീ മോഡലുകളാണ് ബജാജ് ഡിസ്‌കവര്‍ 110 സിബിഎസ് മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ എതിരാളികള്‍.

Comments

comments

Categories: Auto