ബ്രക്‌സിറ്റ്: ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?

ബ്രക്‌സിറ്റ്: ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു കടക്കാനുള്ള ബ്രിട്ടന്റെ തീരുമാനം ഔദ്യോഗികമായി നടപ്പാകാന്‍ ഇനി ഒരു മാസം മാത്രം ശേഷിക്കുന്നു. മാര്‍ച്ച് 29 ന് ബ്രക്‌സിറ്റ് യാഥാര്‍ത്ഥ്യമാവുമെന്ന് ഉറപ്പാണെങ്കിലും ഭാവിയിലേക്കുള്ള ഒരു കരാറില്‍ ഇരു വിഭാഗങ്ങളും എത്തിപ്പെടുമോയെന്ന് ഇപ്പോഴും വ്യക്തതയില്ല. ഇന്ത്യന്‍ വ്യവസായികളെ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനിലേക്കുള്ള കവാടം അടയുമെന്ന ആശങ്ക സജീവമാണ്. എന്നാല്‍ ബ്രിട്ടനുമായും യൂറോപ്യന്‍ യൂണിയനുമായും സ്വതന്ത്ര വാണിജ്യ കരാറുകളില്‍ എത്തിച്ചേരാമെന്ന സാധ്യതയും ഇതിനോടൊപ്പം തുറന്നു കിട്ടുന്നുണ്ട്

സമയം കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 29 ഓടെ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിട്ടുപോകാനുള്ള തയാറെടുപ്പിലാണ് ബ്രിട്ടണ്‍. ഈ മാസമാദ്യം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍, ആദ്യം തയാറാക്കിയ ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം നേടാനാവാത്ത സാഹചര്യത്തില്‍ ഉടമ്പടികളൊന്നുമില്ലാതെ ബ്രക്‌സിറ്റഅ യാഥാര്‍ത്ഥ്യമാവുന്ന സാഹചര്യമാണ് നിലവില്‍ വന്നിരിക്കുന്നത്. ഇത്തരത്തില്‍ കരാറില്ലാതെയുള്ള ബ്രക്‌സിറ്റ്, പല ബിസിനസ് നേതാക്കളും മുന്നറിപ്പ് നല്‍കിയതുപോലെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ വിനാശകരമായ പരിണിതഫലങ്ങളുണ്ടാക്കും. യൂറോപ്യന്‍ യൂണിയനെയും പ്രത്യേകിച്ച് ബ്രിട്ടീഷ് വിപണിയെ കാര്യമായി ആശ്രയി്കുന്ന ജര്‍മനി പോലെയുള്ള വലിയ സമ്പദ് വ്യവസ്ഥകളെയും പരിക്കേല്‍പ്പിക്കുന്നതുമായിരിക്കും ഈ സാഹചര്യം.

ഇയുവും യുകെയും തമ്മിലുള്ള ബന്ധം വേര്‍പിരിയലും സമാന്തരമായി വര്‍ധിച്ചു വരുന്ന പ്രശ്‌നങ്ങളെയും ഇന്ത്യ വളരെ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി നിരവധി ഇന്ത്യന്‍ കമ്പനികള്‍ ബ്രിട്ടണില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ ആശങ്കയിലാണ്. യൂറോപ്യന്‍ യൂണിയനിലേക്ക് തുറക്കുന്ന വാതിലായായിരുന്നു ബ്രിട്ടനെ ഇന്ത്യന്‍ കമ്പനികള്‍ പരിഗണിച്ചിരുന്നത്. ഇയു രാജ്യങ്ങളിലേക്ക് അതിരുകളും തടസങ്ങളുമില്ലാത്ത പ്രവേശനം ഉറപ്പ് നല്‍കുന്ന ഒരു പൊതു വിപണിയുടെ പ്രയോജനം ബ്രിട്ടന്‍ ഇത്രനാളും ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കിയിരുന്നു.

800 ല്‍ ഏറെ ഇന്ത്യന്‍ കമ്പനികള്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്പനികളെല്ലാം കൂടി 1,10,000 ആളുകള്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. ഇവരില്‍ പകുതിയിലധികം പേരും ബ്രിട്ടണിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിലൊന്നായ ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള അഞ്ചു കമ്പനികളിലാണ് ജോലി ചെയ്യുന്നത്. ഉടമ്പടികളില്ലാതെയുള്ള ബ്രക്‌സിറ്റ് ഈ കമ്പനികളെ ദോഷകരമായി ബാധിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യും.

ഏതാനും വര്‍ഷങ്ങള്‍ക്കിടെ നിരവധി ഇന്ത്യന്‍ കമ്പനികളാണ് ബ്രിട്ടീഷ് മണ്ണില്‍ തഴച്ചു വളര്‍ന്നത്. റോള്‍ട്ട, ഭാരതി എയര്‍ടെല്‍, ഏജീസ് ഔട്ട്‌സോഴ്‌സിംഗ് തുടങ്ങിയവ ഉദാഹരണം. വരുമാനത്തിന്റെ 13 ശതമാനത്തോളം ബ്രിട്ടനില്‍ നിന്നും 30 ശതമാനം യൂറോപ്യന്‍ യൂണിയനില്‍ നിന്നുമാണ് കമ്പനികള്‍ നേടുന്നത്. ഇന്ത്യന്‍ മരുന്നു കമ്പനികള്‍ക്കും വലിയ സാന്നിധ്യമാണ് യുകെയിലുള്ളത്. ബ്രിട്ടീഷ് കറന്‍സിയായ പൗണ്ട് സ്റ്റെര്‍ലിംഗ് ദുര്‍ബലമാവുന്നതോടെ ഈ കമ്പനികളുടെ വരുമാനവും വന്‍തോതില്‍ ഇടിയും.

ബ്രക്‌സിറ്റിന്റെ സാമൂഹ്യ-രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചും നിരവധി ഇന്ത്യക്കാര്‍ ആശങ്കപ്പെടുന്നുണ്ട്. ബ്രക്‌സിറ്റിനെ അനുകൂലിക്കുന്ന ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കള്‍ കോമണ്‍വെല്‍ത്തിലെ പഴയ അംഗരാജ്യങ്ങളില്‍ നിന്ന് സുഗമമായ കുടിയേറ്റം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടണിലെ ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗവും മറ്റ് ദക്ഷിണേഷ്യക്കാരും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരാനുള്ള തീരുമാനത്തിന് അനുകൂലമായി അഭിപ്രായ വോട്ടെടുപ്പില്‍ പ്രതികരിച്ചത്. ഉദാഹരണത്തിന്, ഇന്ത്യന്‍ റെസ്റ്റൊറന്റ് ഉടമകള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ ഷെഫുമാരെ കൊണ്ടുവരാനാകുമെന്ന ഉറപ്പാണ് ലഭിച്ചത്.

എന്നാല്‍ ബ്രക്‌സിറ്റ് വേണമെന്ന് വാശി പിടിക്കുന്നവര്‍ എല്ലാ തരത്തിലുമുള്ള കുടിയേറ്റങ്ങളെ എതിര്‍ക്കുന്ന വലതു പക്ഷ വിഭാഗത്തിലുള്ളവരാണെന്നതാണ് വസ്തുത. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ബ്രക്‌സിറ്റ് പ്രത്യാഘാതങ്ങളുണ്ടാക്കുകയും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്താല്‍ ഇത്തരത്തിലുള്ള സംഘങ്ങള്‍ അവരുടെ ദേഷ്യം വെള്ളക്കാരല്ലാത്ത, രാജ്യത്തെ കുടിയേറ്റക്കാരോട് തീര്‍ക്കുമെന്നാണ് പൊതുവേ പ്രവചിക്കപ്പെടുന്നത്.

പക്ഷേ, ബ്രക്‌സിറ്റിനെപ്പറ്റി എല്ലാ ഇന്ത്യക്കാരും ഉല്‍കണ്ഠാകുലരല്ല. ബ്രിട്ടണുമായുള്ള വാണിജ്യ കരാറില്‍ വിലപേശാന്‍ ബ്രക്‌സിറ്റ് ഇന്ത്യയെ സഹായിക്കുമെന്ന് ധാരാളം പേര്‍ കരുതുന്നുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള വാണിജ്യ കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള അവസരവും ഇന്ത്യക്ക് മുന്നില്‍ തുറന്നുകിട്ടും. ആറു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലും സമവായത്തിലെത്താനാകാഞ്ഞതിനെ തുടര്‍ന്ന് 2013 ല്‍ ഇന്ത്യ-ഇയു സ്വതന്ത്ര വാണിജ്യ കരാര്‍ റദ്ദാക്കിയിരുന്നു. അതിനുശേഷം ഇരു ഭാഗവും ഉച്ചകോടി തല ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഈ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ബ്രക്‌സിറ്റ് യൂറോപ്യന്‍ യൂണിയനെ പ്രേരിപ്പിക്കും.

സ്വതന്ത്ര വാണിജ്യ കരാറില്ലാഞ്ഞിട്ടും ഇന്ത്യയും ഇയുവും തമ്മിലുള്ള വാണിജ്യം സ്ഥിരമായി വളരുകയും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ഇരട്ടിയാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാൡയാണ് യൂറോപ്യന്‍ യൂണിയന്‍. 2017 ല്‍ 8,500 കോടി രൂപയുടെ വാണിജ്യമാണ് ഇയുവുമായി ഇന്ത്യ നടത്തിയത്. യുറോപ്യന്‍ യൂണിയനെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ ഒന്‍പതാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യ. ബ്രക്‌സിറ്റിനുശേഷം വ്യാപാര വിടവുകള്‍ നികത്താന്‍ ഇന്ത്യയ്ക്ക് ധാരാളം സാധ്യതയുണ്ട്.

സമീപ മാസങ്ങളില്‍ യൂറോപ്യന്‍ നേതാക്കള്‍, പ്രത്യേകിച്ച് ജര്‍മനി, ഫ്രാന്‍സ് രാജ്യങ്ങളിലുള്ളവര്‍ ഇന്ത്യയുടെ പിന്തുണ നേടാന്‍ കാര്യമായി ശ്രമിക്കുന്നുണ്ട്. ബ്രിട്ടനെപോലെ കോളനിവല്‍ക്കരണ ചരിത്രത്തിന്റെ വിഴുപ്പുചുമട് കാര്യമായി പേറുന്നവരല്ല ഈ രാജ്യങ്ങള്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയും ഷെന്‍ജെന്‍ കരാറിന്റെ ഭാഗമായ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും (പരസ്പര ധാരണയോടെ അതിര്‍ത്തികളും യാത്രാ വിലക്കുകളും ഇല്ലാതാക്കിയ 26 രാജ്യങ്ങള്‍) തമ്മിലുള്ള വിനോദസഞ്ചാരബന്ധം അതിവേഗത്തിലാണ് വളരുന്നത്. എന്നാല്‍ കര്‍ശനമായ വിസാ നിയമങ്ങള്‍ കാരണം ബ്രിട്ടന് ഇന്ത്യന്‍ സഞ്ചാരികളെ കാര്യമായി നഷ്ടപ്പെട്ടിട്ടുണ്ട്.

ബ്രിട്ടണ്‍ ഇയുവില്‍ നിന്ന് നടപടിക്രമമനുസരിച്ച്, ഒരു വാണിജ്യ കരാറിന്റെ അടിസ്ഥാനത്തില്‍ പുറത്തുപോകുകയാണെങ്കില്‍ അത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ കൂടി സംരക്ഷിക്കുന്ന നടപടിയായിരിക്കും. യൂറോപ്പെന്ന പൊതുവായ വിപണിയില്‍ നിന്ന് നേട്ടമുണ്ടാക്കുന്നത് തുടരാന്‍ ഇത് ഇന്ത്യന്‍ കമ്പനികളെ സഹായിക്കും. ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി തുടരണമെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി തന്നെ എടുത്തിരിക്കുന്നത്. ബ്രക്‌സിറ്റ് സംബന്ധിച്ച് രണ്ടാമതൊരു ജനഹിത പരിശോധന നടത്തണമെന്ന ആവശ്യം വര്‍ധിച്ചു വരുന്നുണ്ടെങ്കിലും ഇത് ഏറെക്കുറെ അസാധ്യമാണ്. ഭരണത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ശക്തരായ ബ്രക്‌സിറ്റ് അനുകൂലികള്‍ ഇനി ഒരു മടക്കത്തിന് സമ്മതിക്കില്ല. നിലവില്‍ ധാരണയായിട്ടുള്ള കരാറിന്‍മേല്‍ വീണ്ടും വിലപേശല്‍ ആരംഭിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വാണിജ്യ കരാറില്ലാതെയുള്ള ഒരു ബ്രക്‌സിറ്റിനെ അഭിമുഖീകരിക്കാന്‍ ഇന്ത്യ തയാറെടുക്കേണ്ടതുണ്ട്.

(ലണ്ടനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

കടപ്പാട് ഐഎഎന്‍എസ്

Categories: FK Special, Slider
Tags: Brexit, India