തിരുവനന്തപുരമടക്കം അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്

തിരുവനന്തപുരമടക്കം അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്

തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കെഎസ്‌ഐഡിസിയുടെ ബിഡ് രണ്ടാമത്; മംഗളൂരു വിമാനത്താവളത്തിന്റെ നിയന്ത്രണം നേടാനുള്ള സിയാലിന്റെ നീക്കവും പാളി

  • തിരുവനന്തപുരത്ത് പ്രതിമാസം ഓരോ യാത്രക്കാരനുമായി അദാനിയുടെ ഫീസ് വാഗ്ദാനം 168 രൂപ; കെഎസ്‌ഐഡിസിയുടെ ലേലത്തുക 135 രൂപ
  • അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, മംഗലാപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിക്ക്; മംഗലാപുരത്തിനായുള്ള ലേലത്തില്‍ സിയാല്‍ രണ്ടാമത്
  • വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം നടത്തുന്ന അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈവരുന്നത് നേട്ടം

തിരുവനന്തപുരം: രാജ്യത്തെ അഞ്ച് അന്താരാഷ്ട്ര വിമാനങ്ങളുടെ നടത്തിപ്പ് സ്വന്തമാക്കുന്നതിനുള്ള ലേലത്തില്‍ ഗുജറാത്ത് വ്യവസായിയായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന് വിജയം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമടക്കം അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പിനായുള്ള ലേലത്തിലാണ് അദാനി ഗ്രൂപ്പ് മുന്നിലെത്തിയത്. അന്‍പത് വര്‍ഷത്തേക്കാണ് നടത്തിപ്പാവകാശം ലഭിക്കുക. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശത്തിനായി സംസ്ഥാന സര്‍ക്കാറിന് കീഴിലെ കെഎസ്‌ഐഡിസിയും സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മംഗലാപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായി ബിഡ് ചെയ്ത സിയാലിനും (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്) നിരാശപ്പെടേണ്ടി വന്നു.

യാത്രക്കാരുടെ എണ്ണമനുസരിച്ച് പ്രതിമാസ ഫീസ് നല്‍കുന്ന മാതൃകയിലാണ് ലേലം സംഘടിപ്പിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഓരോ യാത്രക്കാരനും 168 രൂപ ഫീസ് നല്‍കാമെന്നാണ് അദാനി ഗ്രൂപ്പ് ലേലത്തില്‍ വ്യക്തമാക്കിയത്. കെഎസ്‌ഐഡിസിയുടെ ലേലത്തുക 135 രൂപയായിരുന്നു. തീരുവനന്തപുരത്തിനായി രംഗത്തുണ്ടായിരുന്ന മൂന്നാമത്തെ കമ്പനിയായ ജിഎംആര്‍ ഗ്രൂപ്പിന്റെ ലേലത്തുക 63 രൂപയാണ്. തിരുവനന്തപുരത്തിന് പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, മംഗലാപുരം എന്നിവയും അദാനി ഗ്രൂപ്പിന് ലഭിക്കും. ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഗുവാഹത്തി വിമാനത്താവളത്തിന്റെ ലേലം കോടതി മാറ്റിവെച്ചിരുന്നു. ഈ ലേലം ഇന്ന് നടക്കും.

ഇന്നലെ ന്യൂഡെല്‍ഹിയിലാണ് ടെന്‍ഡറുകള്‍ തുറന്നത്. ആറ് വിമാനത്താവളങ്ങള്‍ക്കായി 32 ടെന്‍ഡറുകളാണ് ഉണ്ടായിരുന്നത്. ഏറ്റവും കുറവ് കമ്പനികള്‍ രംഗത്തെത്തിയത് തിരുവനന്തപുരത്തിനും മംഗളൂരുവിനും വേണ്ടിയായിരുന്നു; മൂന്ന് വീതം. ജയ്പൂര്‍, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം നേടിയെടുക്കാനാണ് ഏറ്റവുമധികം പിടിവലി നടന്നത്. ഏഴ് ടെന്‍ഡറുകള്‍ ഇരു വിമാനത്താവളങ്ങള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ടു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഓരോ യാത്രക്കാരനുമായി 177 രൂപ ഫീസാണ് അദാനി ഗ്രൂപ്പ് ലേലത്തുകയായി നല്‍കിയത്. രണ്ടാമതെത്തിയ ജിഎംആറിന്റെ ബിഡ് 85 രൂപ മാത്രമായിരുന്നു. ലക്‌നൗവില്‍ 171 രൂപ ക്വോട്ട് ചെയ്ത് ലേലം നേടിയ അദാനി ഗ്രൂപ്പ്, 139 രൂപ വാഗ്ദാനം ചെയ്ത എഎംപി കാപിറ്റലിനെയാണ് പിന്തള്ളിയത്.

തുറമുഖ മേഖലയില്‍ സജീവമായ അദാനി ഗ്രൂപ്പിന്റെ വ്യോമയാന മേഖലയിലേക്കുള്ള പ്രവേശനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. വിമാനത്താവള ബിസിനസിലേക്ക് കടക്കുന്നതിനുള്ള ശ്രമങ്ങള്‍ ഗ്രൂപ്പ് ഏതാനും വര്‍ഷങ്ങളായി നടത്തി വരികയായിരുന്നു. ജിഎംആര്‍, ജിവികെ ഗ്രൂപ്പുകളുടെ കുത്തകയായ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്ക് അദാനിയുടെ കടന്നുവരവ് ആരോഗ്യകരമായ മത്സരത്തിന് കളമൊരുക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം നടത്തുന്ന അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കൂടി നടത്തിപ്പ് കൈവരുന്നത് നേട്ടമാണ്. അതേസമയം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്ന സംസ്ഥാന സര്‍ക്കാരിന് ഇത് തിരിച്ചടിയുമാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അഞ്ച് വിമാനത്തവളങ്ങളുടെയും നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് കൈമാറുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 28ന് ഉണ്ടാവും. വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആഗോള തലത്തിലേക്ക് ഉയര്‍ത്താനും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനുമാണ് പൊതു സ്വകാര്യ മാതൃകയില്‍ നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

Categories: FK News, Slider