ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം അടുത്ത സാമ്പത്തിക വര്‍ഷം

ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം അടുത്ത സാമ്പത്തിക വര്‍ഷം

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയാണ് ലയിപ്പിക്കുന്നത്

ന്യൂഡെല്‍ഹി: പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം അടുത്ത സാമ്പത്തിക വര്‍ഷം മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലയനത്തിനുമുന്നോടിയായി കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ചെലവ് ചുരുക്കാനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം, റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള ആസ്തികളുടെ വില്‍പ്പനയിലൂടെ വരുമാനം സ്വരൂപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നടത്തുന്നുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ (2018-2019) ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിച്ച് ഒറ്റ സംരംഭമാക്കുമെന്നും തുടര്‍ന്ന് ലിസ്റ്റ് ചെയ്യുമെന്നും പ്രഖ്യാപിച്ചത്. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയെ ലയിപ്പിക്കാനാണ് തീരുമാനം. പൊതുമേഖലാ സംരംഭങ്ങളെ ഏകീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണിത്.

ലയനത്തിലൂടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് മുന്‍പ് കമ്പനികളുടെ നഷ്ടം കുറയ്ക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. മൂന്ന് കമ്പനികളിലെയും എച്ച്ആര്‍ നടപടികള്‍ അവലോകനം ചെയ്യുന്നതിന്റെ ആവശ്യകത അടക്കമുള്ള വിഷയങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നിലവില്‍ കമ്പനികള്‍ തമ്മില്‍ യാതൊരു ഒത്തൊരുമയും ഇല്ലെന്നും ലയനം ഇന്‍ഷുറന്‍സ് കമ്പനികളുടെ വാണിജ്യ താല്‍പ്പര്യത്തെ സ്വാധീനിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ലയന സംരംഭത്തെ ലിസ്റ്റ് ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയും സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിരുന്നു. രണ്ട് കമ്പനികളുടെയും യഥാക്രമം 11.65 ശതമാനവും 12.5 ശതമാനവും ഓഹരികളാണ് ഇതുവഴി സര്‍ക്കാര്‍ വില്‍പ്പന നടത്തിയത്. ഈ കമ്പനികളെ സഹായിക്കുന്നതിന് ചെറിയ മൂലധന സഹായം കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് ഓറിയന്റല്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ് പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളും കൂടി ഏകദേശം 1,800 കോടി രൂപയുടെ സംയോജിത നഷ്ടമാണ് രേഖപ്പെടുത്തിയത്. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും വിപണി വിഹിതം ഇടിഞ്ഞതായും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് അറിയിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 240 കോടി രൂപയുടെ നഷ്ടമാണ് ഓറിയന്റല്‍ കുറിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ കമ്പനി 200 കോടി രൂപയുടെ ലാഭം നേടിയിരുന്നു. ഐആര്‍ഡിഎഐയില്‍ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) കണക്ക് അനുസരിച്ച് 2018 ഡിസംബര്‍ വരെയുള്ള കാലയളവില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വിപണി വിഹിതം 9.52 ശതമാനം കുറഞ്ഞ് 8.63 ശതമാനമായി. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിന്റെ വിപണി വിഹിതം 4.88 ശതമാനമായി കുറഞ്ഞു.

Comments

comments

Categories: FK News