തകിടംമറിയലുകളുടെ കാലം

തകിടംമറിയലുകളുടെ കാലം

പച്ചക്കറിയും പാലും വരെ വീട്ടിലെത്തിക്കുന്ന മൊബീല്‍ ആപ്പുകള്‍ പുതിയ തലമുറയ്ക്ക് വലിയ സൗകര്യമാണ് നല്‍കുന്നത്. ഇത് പൊളിച്ചെഴുത്തിന്റെ കാലമാണ്. ഡിജിറ്റല്‍ ഡിസ്‌റപ്ഷന്‍ അഥവാ ഡിജിറ്റല്‍ തകിടംമറിയലാണ് സമഗ്ര മേഖലകളിലും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജീവിതവേഗത്തിന്റെ തിക്കും തിരക്കും മൂലം ആര്‍ക്കും സമയമില്ല. കൂടാതെ സ്വതസിദ്ധമായ മടിയും. അത് രണ്ടും ചേര്‍ന്ന് ആകാംക്ഷയാവുന്നു, ഉത്കണ്ഠയാവുന്നു, ദേഷ്യമാവുന്നു. ഡിജിറ്റല്‍ ഡിസ്റപ്ഷന്‍ സംഭവിക്കുന്നത് ഉപഭോക്താവിന്റെ ഈ ദേഷ്യത്തിലും നിരാശയിലും നിന്നുമാണ്.

‘Only we make beautiful things just to destroy them’
-Vickie Vértiz

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാസമ്മേളനം എന്ന് വിശേഷിപ്പിക്കാവുന്ന ‘ലെവെബി’ന്റെ പാരീസ് സമ്മേളനം. ‘ഭാവി രൂപപ്പെടുത്തുവാന്‍ സാങ്കേതിക വിപ്ലവകാരികള്‍ ഒത്തുചേരുന്ന ഇടം’ എന്നാണ് ലെവെബിനെ ‘ദി ഇക്കോണോമിസ്റ്റ്’ പത്രം വിശേഷിപ്പിക്കുന്നത്. വര്‍ഷം 2008. പാരീസില്‍ നടക്കുന്നത് ലെവെബിന്റെ നാലാം സമ്മേളനമാണ്. ട്രാവിസ് കലാനിക്ക്, ഗാരറ്റ് ക്യാമ്പ് എന്നീ രണ്ട് സുഹൃത്തുക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ട്രാവിസ് അമേരിക്കക്കാരനും ഗാരറ്റ് കാനഡക്കാരനുമാണ്. നവസംരംഭങ്ങള്‍ തുടങ്ങുവാനുള്ള താല്‍പ്പര്യമാണ് രണ്ട് രാജ്യക്കാരായ അവരെ കൂട്ടുകാരാക്കിയത്.

ഒരു ദിവസത്തെ സമ്മേളനം കഴിഞ്ഞ് തണുപ്പുള്ള ആ രാത്രിയില്‍ അവര്‍ താമസസ്ഥലത്തേക്ക് പോകുവാന്‍ ടാക്‌സി കാത്തുനിന്നു. വരുന്ന ടാക്്സികളെല്ലാം മറ്റാരോ സവാരി ചെയ്യുന്നവയാണ്. ടാക്‌സി കിട്ടുന്ന സ്ഥലമോ ടാക്‌സി ഇടപാട് ചെയ്തുതരുന്ന ട്രാവല്‍ ഏജന്‍സിക്കാരുടെ നമ്പറോ വിവരങ്ങളോ കൊവശമില്ല. ഒടുവിലവര്‍ ആ കൊടുംതണുപ്പില്‍ തങ്ങളുടെ ഹോട്ടല്‍ മുറിയിലേയ്ക്ക് ലാപ്‌ടോപ്പിന്റെ കൂടി ഭാരം പേറുന്ന ബാക്ക്പാക്കും ചുമന്ന് നടന്ന് നീങ്ങി.

സമ്മേളനം രണ്ടുനാള്‍ കൂടി നീണ്ടു. സുഹൃത്തുക്കള്‍ അമേരിക്കയിലേയ്ക്ക് തിരിച്ചു. കാനഡക്കാരനാണെങ്കിലും ഗാരറ്റ് സാന്‍ഫ്രാന്‍സിസ്‌കോയിലാണ് താമസം ഉറപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ചിന്ത പാരീസിലെ തണുത്തുവിറച്ചുള്ള നടത്തത്തിന്റെ ഓര്‍മ്മകളില്‍ ഇടയ്ക്കിടെ പോയി തറച്ചു നില്‍ക്കും. ആ നൊമ്പരം ഒരുനാള്‍ ഒരാശയമായി അയാളുടെ മനസ്സില്‍ നാമ്പിട്ടു. ഏറ്റവും ഉന്നതമായ ഒരാശയം എന്ന് അദ്ദേഹം തന്നെ അതിനെ തിരിച്ചറിഞ്ഞു. ഒരു പുതിയ സംരംഭത്തിന്റെ വിത്ത് വിതയ്ക്കപ്പെട്ടു. അദ്ദേഹം ട്രാവിസിനെ വിളിച്ച് തന്റെ മനസ്സില്‍ മൊട്ടിട്ട നവാശയം പങ്കുവെച്ചു. ട്രാവിസിനും അത് വളരെ ഇഷ്ടപ്പെട്ടു. അവര്‍ രണ്ടുപേരും ചേര്‍ന്ന് മൂന്ന് കാറുകള്‍ വാങ്ങി ന്യൂയോര്‍ക്കിലെ തെരുവിലിറക്കി. ഒരു മൊബീല്‍ ആപ്പ് മുഖേന ഈ കാറുകള്‍ വിളിക്കാം. ഉന്നതമായ ആശയത്തിന് ‘ഉന്നതമായ’ എന്ന അര്‍ത്ഥത്തില്‍ തന്നെ പേരിട്ടു; യുബര്‍ (Uber). ടാക്‌സി രംഗത്ത് കൊട്ടാരത്തിന് പുറത്തൊരു വിപ്ലവം അങ്ങിനെ പിറന്ന് വീണു.

ചില തകിടംമറിച്ചിലുകള്‍ അങ്ങനെയാണ്; എവിടെ നിന്നാണ് വരുന്നത് എന്നറിയില്ല. സാമാന്യം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് വിവര സാങ്കേതിക സ്ഥാപനങ്ങളുടെ തലപ്പത്ത് ജോലി ചെയ്യുകയായിരുന്ന അവര്‍ ടാക്‌സി സര്‍വീസ് ആരംഭിച്ചത് മുന്‍പരിചയത്തിന്റെ പിന്‍ബലം ഒന്നും കൂടാതെയാണ്. തനത് ടാക്‌സി വ്യവസായത്തിന് ലോകമെമ്പാടും വെല്ലുവിളി ഉയര്‍ന്നത് അവരില്‍ നിന്നാണ്. അതാണ് ‘ഡിജിറ്റല്‍ ഡിസ്‌റപ്ഷ’ന്റെ പ്രസക്തി. ഇനി നിങ്ങള്‍ക്ക് മത്സരം നേരിടേണ്ടി വരിക നിങ്ങളുടെ വ്യവസായത്തില്‍ നിന്നല്ല; പുറത്തു നിന്ന് ആയിരിക്കും.

പരമ്പരാഗത കച്ചവട മാതൃകയില്‍ നിന്ന് ഇന്ത്യയില്‍ ആദ്യം വ്യതിചലിച്ച് വലിയ ചലനം സൃഷ്ടിച്ചത് ബിഗ് ബസാര്‍ സ്ഥാപകന്‍ കിഷോര്‍ ബിയാനിയാണ്. എന്നാല്‍ അവിടെ ടെക്‌നോളജി ഉണ്ടായിരുന്നില്ല. പലചരക്ക് സ്റ്റേഷനറി വ്യാപാരങ്ങളെല്ലാം അദ്ദേഹം ഒരു കുടയ്ക്കുള്ളില്‍ കൊണ്ടുവരികയായിരുന്നു. ഇവിടെ സംബോധന ചെയ്യപ്പെട്ടത് ഉപഭോക്താവിന്റെ സൗകര്യമായിരുന്നു. ഒരിടത്ത് വണ്ടി പാര്‍ക്ക് ചെയ്ത്, അതിന് തൊട്ടടുത്ത് തന്നെ ഉപ്പും കര്‍പ്പൂരവും മുതല്‍ തുണിത്തരങ്ങളും ഫര്‍ണിച്ചറും വരെ വാങ്ങാനാവുമ്പോള്‍, അവിടെത്തന്നെ ഭക്ഷണം കഴിക്കാനാവുമ്പോള്‍, ജനം അങ്ങോട്ട് ഇടിച്ചുകയറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. കിഷോര്‍ ബിയാനിയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ‘ഇറ്റ് ഹാപ്പെന്‍ഡ് ഇന്‍ ഇന്ത്യ’. ബിഗ്്ബാസാറിന്റെ ചരിത്രം പുസ്തകമാക്കിയപ്പോള്‍ അതിന് അദ്ദേഹമിട്ട പേര് അതാണ്.

ഇതിനെ സാങ്കേതികവല്‍ക്കരിക്കുകയാണ് ആമസോണും ഫഌപ്പ്കാര്‍ട്ടും മറ്റനേകം മൊബീല്‍ ആപ്പുകളും ചെയ്തത്. ‘നിങ്ങള്‍ എവിടെയും പോകേണ്ട, നിങ്ങളുള്ളിടത്തേക്ക് ഞങ്ങള്‍ വരുന്നു’ എന്നതാണവയുടെ സന്ദേശം. പുസ്തകക്കടകളെക്കാള്‍ ഇന്ന് പുസ്തകങ്ങള്‍ വില്‍ക്കുന്നത് ആമസോണാണ്. കിന്റില്‍ രൂപത്തിലുള്ളവ വായിച്ചുതരുവാന്‍ സാങ്കേതിക വിദ്യയുണ്ട്. ഇയര്‍ഫോണ്‍ ചെവിയില്‍ വച്ചാല്‍ മതി. അമ്മ കഥ പറഞ്ഞുതരുന്നത് പോലെ കഥയും നോവലും ഗാഢമായ ലേഖനങ്ങളും മൊബീല്‍ പറഞ്ഞുതരും. മൊബീലില്‍ വിരലമര്‍ത്തിയാല്‍ ഡോക്ടര്‍ വീട്ടില്‍ വരുന്നു. മരുന്ന് വീട്ടിലെത്തുന്നു. ഭക്ഷണം നിങ്ങള്‍ ഇരിക്കുന്ന തീന്‍മേശപ്പുറത്ത് എത്തുന്നു. എന്തിന്, പത്രം പോലും മൊബീല്‍ ആപ്പ് മുഖേന കണ്‍മുന്നില്‍. (അത് വായിച്ചുതരുന്നത് ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. പണ്ട്, പെരിന്തല്‍മണ്ണയിലെ കത്രി ബീഡിക്കമ്പനിയില്‍ ഒരാളിരുന്ന് മറ്റെല്ലാവര്‍ക്കുമായി ഉറക്കെ പത്രം വായിക്കുന്നത് കണ്ടിട്ടുണ്ട്. അതുപോലെ വായിക്കുന്ന ഒരു മൊബീല്‍ ആപ്പ് ഉണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ അധികം താമസിയാതെ വന്നേക്കും).

വലിയ ഡിസ്റപ്ഷന്‍ വന്നുകൊണ്ടിരിക്കുന്ന വിശാലമായൊരു തട്ടുതറ സാമ്പത്തിക രംഗമാണ്. ബാങ്കുകളെ നോക്കൂ. ഏറ്റവും വലിയ വെല്ലുവിളി നിഷ്‌ക്രിയ ആസ്തികളുടെയോ മൂലധന പര്യാപ്തതയുടെയോ അല്ല; അത് ഫിന്‍ടെക്ക് കമ്പനികളില്‍ നിന്ന് വരുന്ന മത്സരമാണ്. സൂക്ഷ്മ, ചെറുകിട, മധ്യനിര വ്യവസായങ്ങള്‍ വായ്പകള്‍ക്കായി സംരംഭകര്‍ ഇന്ന് മൊബീലില്‍ വിരലമര്‍ത്തുന്നു. ലോകോത്തര സര്‍വ്വകലാശാലകളിലെ വിദേശപഠനത്തിനുള്ള വിദ്യാഭ്യാസവായ്പകള്‍ ‘prodigy’ പോലുള്ള വിദേശ ഫിന്‍ടെക്കുകള്‍ അനായാസേന കൊത്തിക്കൊണ്ട് പോകുന്നു. ബാക്കി ഇവിടെ കിട്ടുന്നത് സ്വാശ്രയ എഞ്ചിനീയറിംഗ് മാത്രം. താമസിയാതെ കെട്ടിടവും ചുമരുമുള്ള പരമ്പരാഗത ബാങ്കുകള്‍ ഇല്ലാതാവും. നിങ്ങളുടെ ബാങ്ക് നിങ്ങളുടെ മൊബീലില്‍.

പച്ചക്കറിയും പാലും വരെ വീട്ടിലെത്തിക്കുന്ന മൊബീല്‍ ആപ്പുകള്‍ പുതിയ തലമുറയ്ക്ക് വലിയ സൗകര്യമാണ് നല്‍കുന്നത്. ഇത് പൊളിച്ചെഴുത്തിന്റെ കാലമാണ്. ഇതുവരെ നമുക്ക് ഓരോന്നിനും സമയവും സന്നാഹങ്ങളും കണ്ടെത്തേണ്ടിയിരുന്നു. കടയില്‍ പോകാന്‍ സമയം, സാധനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സമയം. ഡോക്ടറെ കാണുവാന്‍ മുന്‍കൂര്‍ അനുവദിക്കപ്പെട്ട സമയം നോക്കി കാത്തുനില്‍ക്കണം. ഡോക്ടറുടെ സമയത്തിനാണ്, രോഗിയുടേതിനല്ല ഇവിടെ പ്രാധാന്യം. പത്രം കൊണ്ടുവരുന്ന ആളുടെ സമയമാണ് പ്രധാനം. രാവിലെ പത്രം വരുന്നത് നോക്കിയിരിക്കണം. അതെല്ലാമാണ് ഇന്ന് കുഞ്ഞുമൊബീലിലേയ്ക്ക് കൂടുമാറിയിരിക്കുന്നത്.

ജീവിതവേഗത്തിന്റെ തിക്കും തിരക്കും മൂലം ആര്‍ക്കും സമയമില്ല. കൂടാതെ സ്വതസിദ്ധമായ മടിയും. അത് രണ്ടും ചേര്‍ന്ന് ആകാംക്ഷയാവുന്നു, ഉത്കണ്ഠയാവുന്നു, ദേഷ്യമാവുന്നു. ഈ ദേഷ്യമാണ് സംഖിക ഇടം (ഡിജിറ്റല്‍ സ്‌പേസ്) ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ ഡിസ്റപ്ഷന്‍ സംഭവിക്കുന്നത് ഉപഭോക്താവിന്റെ ദേഷ്യത്തിലും നിരാശയിലുമാണ്.

ഇങ്ങനെ ദേഷ്യം വരുന്ന ഒരുപാട് രംഗങ്ങള്‍ ഉണ്ട്, ഇനിയും ഡിജിറ്റല്‍ ഡിസ്റപ്ഷന് വിധേയമാവാത്തവ. വൈഫൈ ടിവികള്‍ ഉള്ളപ്പോള്‍, ടിവി ചാനലുകള്‍ക്ക് ലൈവ് സ്ട്രീമിംഗ് ഉള്ളപ്പോള്‍ എന്തിനാണ് കേബിള്‍ കണക്ഷന്‍? എന്തിനാണ് പാക്കേജുകളുടെ പേരില്‍ പോരടിക്കുന്നത്? ഏത് ചാനലും തിരഞ്ഞെടുക്കാവുന്ന ഒരു മൊബീല്‍ ആപ്പ് സജ്ജമാക്കൂ. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചിന്തിക്കാവുന്നതാണിത്. ഇനിയുമുണ്ട് ഒരുപാട്. മനുഷ്യന്റെ
ക്ഷമയും സമയവും പണവും പരീക്ഷിക്കപ്പെടുന്നിടത്തെല്ലാം ഡിജിറ്റല്‍ ഡിസ്റപ്ഷന് ഇടമുണ്ട്. ‘ആവശ്യങ്ങളാണ് കണ്ടുപിടുത്തങ്ങളുടെ അമ്മ’ എന്ന ചൊല്ല് ‘ദേഷ്യമാണ് കണ്ടുപിടുത്തങ്ങളുടെ അമ്മ’ എന്ന് തിരുത്തിയെഴുതപ്പെടുന്ന കാലമാണിത്.

ഈ ദേഷ്യവും നിരാശയും ആണ് ഗാരറ്റിനെക്കൊണ്ട് യുബര്‍ സൃഷ്ടിപ്പിച്ചത്. എംടിയുടെ ചില കഥകളിലും നോവലുകളിലും തിരക്കഥകളിലും ടാക്‌സി വിളിക്കാന്‍ കൂറ്റനാട്ടേയ്ക്ക് പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. കൂറ്റനാട്ട് ഇപ്പോള്‍ യുബര്‍ വണ്ടികള്‍ എത്തിയിട്ടുണ്ടോ എന്നറിയില്ല. എന്നാലും, ഇപ്പോള്‍ പ്ലേസ്റ്റോറില്‍ നിന്ന് മൊബീലില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ‘കൂറ്റനാട്’ എന്ന ആപ്പ്, കൂറ്റനാട്ടെ ഓരോ മരപ്പണിക്കാരന്റെയു ംപ്ലംബറുടെയും മുതല്‍ എല്‍ഐസി ഏജന്റിന്റെയും വൈദ്യശാലകളുടെയും വരെ നൂറുകണക്കിന് സേവനങ്ങളെ നമുക്ക് കാണിച്ചുതരുന്നുണ്ട്. ഇത് ഒരു പ്രാംഗ്-ഡിസ്റപ്ഷന്‍ ആണ്. താമസിയാതെ അത് ഇന്റര്‍നെറ്റ് ഓഫ് തിങ്സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എല്ലാം ചേര്‍ന്നതാവും. അന്ന് നിങ്ങളുടെ ഒരു വിരലമര്‍ത്തലില്‍ കൂറ്റനാട്ടെ കണ്ണട വ്യാപാരി അലീന വിഷന്‍ കെയറിലെ വര്‍ഗീസിന് നിങ്ങളുടെ കണ്ണിന്റെ പവര്‍ വിശദാംശങ്ങളും കോണ്‍ടാക്ട് വിവരങ്ങളുമടങ്ങുന്ന എസ്എംഎസ് അല്ലെങ്കില്‍ വാട്‌സ്ആപ് സന്ദേശം ലഭിക്കുന്നതു വരെ മുന്നേറും.

ഡിസ്റപ്ഷന്‍ എന്നാല്‍ തകിടം മറിയല്‍ ആണ്. ഒരുപാട് കാര്യങ്ങള്‍ ഇവിടെ തകിടം മറിഞ്ഞു കിടപ്പുണ്ട്. ഒരുഭാഗത്ത് സൃഷ്ടിക്കുമ്പോള്‍ നമ്മള്‍ മറുഭാഗത്ത് പലതും നശിപ്പിക്കുന്നുമുണ്ടല്ലോ. അതുകൊണ്ടാണ് വിക്കി വെര്‍ട്ടിസ് എന്ന കവയത്രി തന്റെ ഒരു കവിതയ്ക്ക് ‘Only we make beautiful things just to destroy them’ എന്ന് പേരിട്ടത്. കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:

‘Reach out.
Don’t make someone else do your work for you
Some of us were grounded
The whole time’.

കാരണംമൊബീല്‍ ആപ്പ് വഴി സ്‌നേഹമോ പ്രണയമോ സഹോദര്യമോ പങ്ക് വെക്കുന്നതായി കാണുന്നില്ല. അതിനുള്ള ഡിജിറ്റല്‍ ഡിസ്റപ്ഷന്‍ കൂടി ഉണ്ടായിരുന്നാല്‍ വര്‍ത്തമാനകാലത്ത് നന്നാവുമായിരുന്നു. അപ്പോള്‍ പിന്നെ നമുക്കെന്താണ് ജോലി എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നമുക്ക് ഫിന്‍ടെക്കുകളെ, സാങ്കേതിക വിപ്ലവത്തെ, അതിന്റെ മനുഷ്യനിരാസത്തെ ആന്റിസോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചുകൊണ്ടിരിക്കാമല്ലോ.

 

Categories: FK Special, Slider