ആരോണ്‍ നീയൊരു വിസ്മയമാണ്….

ആരോണ്‍ നീയൊരു വിസ്മയമാണ്….

തന്റെ ബലഹീനതകളൈ പരിമിതികളായി കാണാതെ ഫാഷന്‍ലോകത്തെ മുന്‍വിധികളെ തുടച്ചുനീക്കാനാണ് ആരോണിന്റെ ശ്രമം

ആരോണ്‍ ഫിലിപ്പ് – മോഡലിംഗ് ലോകത്തെ വ്യവസ്ഥാപിത ശരീര സൗന്ദര്യകാഴ്ചപ്പാടുകളെ മാറ്റിമറിച്ച്, മുഖ്യധാര മോഡലിംഗ് ഏജന്‍സിയുമായി കരാറിലൊപ്പിട്ട ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ ട്രാന്‍സ്‌ജെന്‍ഡര്‍ വികലാംഗ മോഡല്‍. ഒറ്റ വാചകത്തിലുള്ള ഒരു നിര്‍വ്വചനമാണിത്. പക്ഷേ അതിനും എത്രയോ അപ്പുറമാണ് ആരോണ്‍ ഫിലിപ്പെന്ന വ്യക്തിത്വവും അവര്‍ക്ക് ചുറ്റും കറങ്ങുന്ന സുന്ദരമായ, സുദൃഢമായ കാഴ്ചപ്പാടുകളും.

ലോകപ്രശസ്തമായ എലീറ്റ് മോഡല്‍ മനേജ്‌മെന്റില്‍ അംഗമാകുന്നതിന് മുമ്പ് തന്നെ, മറ്റനേകം നേട്ടങ്ങളെ കൂടാതെ, പതിനേഴുകാരിയായ ആരോണിന്റെ നിശ്ചയദാര്‍ഢ്യം ഐ-ഡി മാഗസിന്‍ എഡിറോറ്റിയലിലും ടീന്‍ വോഗ്‌സിന്റെ 21 അണ്ടര്‍ 21 ലും എത്തിച്ചിരിക്കുന്നു. ട്രാന്‍സ് വികലാംഗ മോഡല്‍ എന്ന അവസ്ഥയില്‍ നിന്ന് കൊണ്ട് തനിക്കായി അവസരങ്ങള്‍ മെനഞ്ഞെടുക്കുന്നതിന് ആരോണ്‍ താണ്ടിയ ദുരിതവഴികളെ കുറിച്ച് എടുത്തുപറയേണ്ടതില്ല. ആ കഷ്ടതകള്‍ക്കൊടുവില്‍ അവര്‍ സ്വന്തമാക്കിയ നേട്ടങ്ങളെ കുറിച്ചാണ് സമൂഹം ചിന്തിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും. സ്വപ്രയത്‌നത്തിലൂടെ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ എഎസ്ഒസിന് വേണ്ടിയും എച്ച് ആന്‍ഡ് എമ്മിന് വേണ്ടിയും മോഡല്‍ ആകാന്‍ ആരോണിന് സാധിച്ചു. എങ്കിലും ഹെയ്ഡി ക്ലം, നയോമി കാംപെല്‍, ടൈറ ബാങ്ക്‌സ് തുടങ്ങിയ പ്രമുഖ മോഡലിംഗ് വ്യക്തിത്വങ്ങള്‍ പ്രതിനിധീകരിച്ച ഒരു മോഡലിംഗ് ഏജന്‍സിയുടെ പിന്‍ബലത്തിലാണ് പൊതുവേ വീല്‍ചെയറിലെ താരങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയില്ലാത്ത ഒരു തൊഴില്‍രംഗത്തേക്ക് ശക്തമായ ചുവടുവെപ്പുകളോ ആരോണ്‍ എത്തുന്നത്.

ഹൈസ്‌കൂള്‍ കാലത്ത് വളരെ ജൂനിയറായി ഇരിക്കുമ്പോള്‍ തന്നെ മോഡലിംഗ് രംഗത്ത് സ്വന്തമായൊരു ഇടത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ആരോണ്‍ പറയുന്നു. ഒരു വര്‍ഷത്തോളം ഞാന്‍ ഫ്രീലാന്‍സായി ജോലി ചെയ്തു. ചിലപ്പോഴൊക്കെ ക്യാമറാമാന്‍മാരെയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെയുമെല്ലാം സംഘടിപ്പിച്ച് സ്വന്തമായി ഷൂട്ടിംഗുകള്‍ ആസൂത്രണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അലച്ചിലുകളുടെ കാലമായിരുന്നു അത്. പക്ഷേ അവിശ്വസിനീയമായ വലിയ മാറ്റങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

സെറിബ്രല്‍ പാള്‍സിയെന്ന രോഗാവസ്ഥയുമായി ജനിച്ച, ജന്മനായുള്ള ശാരീരിക ലിംഗാവസ്ഥയോട് പൊരുത്തപ്പെടാന്‍ സാധിക്കാത്ത ട്രാന്‍സ്‌ജെന്‍ഡറായ ആരോണ്‍ ഇന്ന് മുഖ്യധാര ഫാഷന്‍ രംഗത്തിന് മുന്‍ചരിയമില്ലാത്ത കാഴ്ചപ്പാടുകളുടെ ശക്തികേന്ദ്രമാണ്. ആക്ടിവിസ്റ്റെന്ന ലേബലിനെ പലതവണ തള്ളിപ്പറഞ്ഞ ഈ മിടുക്കി പക്ഷേ ഫാഷന്‍ രംഗത്ത് വലിയ ഉയര്‍ച്ചകളാണ് സ്വപ്‌നം കാണുന്നത്. അതിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത് തന്റെ അവകാശമായി അവര്‍ കണക്കാക്കുന്നു.

വൈകല്യങ്ങളുള്ള ആളുകള്‍ക്ക് മതിയായ പരിഗണനയുടെയും അവസരങ്ങളുടെയും കുറവ് ഫാഷന്‍ രംഗത്ത് ഇപ്പോഴുമുണ്ട്. ഫാഷന്‍രംഗത്ത് ഇതുവരെ ആകെപ്പാടെ ശരീരിക വൈകല്യമുള്ള രണ്ട് മോഡലുകളില്‍ ഒരാളാണ് ഞാന്‍. ജില്ലിയാന്‍ മെര്‍ക്കാഡോ ആണ് അടുത്ത ആള്‍. തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരുപാട് പേര്‍ ഉണ്ടായിരിക്കുമ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ സ്വയം ശബ്ദമുയര്‍ത്തണമെന്നില്ല. പക്ഷേ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് വേണ്ടി പിന്നിടേണ്ട പാത പ്രധാനമാണ്. അതിനാല്‍ തന്നെ എന്റെ അവകാശങ്ങള്‍ക്കായി ഞാന്‍ പോരാടും. എന്റെ അതേ പ്രായത്തിലുള്ള മറ്റ് പെണ്‍കുട്ടികള്‍ ചെയ്യുന്നത് പോലെയായിരിക്കില്ല, അതിനപ്പുറം ചിലപ്പോള്‍ ഞാന്‍ അധ്വാനിക്കം. ഉറച്ച വാക്കുകളോടെ ആരോണ്‍ പറയുന്നു.

ഫാഷന്‍ രംഗത്തടക്കം ട്രാന്‍സ്‌ജെന്‍ഡറായ ആളുകള്‍ക്കുള്ള സാധ്യതകളും അവസരങ്ങളും ഇക്കാലത്ത് വര്‍ധിച്ചുവരുന്ന ഘട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിനേക്കാള്‍ ശാരീരിക വൈകല്യം എന്നതാണ് ഫാഷന്‍രംഗത്ത് കൂടുതല്‍ വിവേചനം തീര്‍ക്കുന്ന വെല്ലുവിളിയായി ആരോണ്‍ കരുതുന്നത്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എല്ലാ തയ്യാറെടുപ്പുകളും ആരോണ്‍ നടത്തിയെങ്കിലും റാമ്പില്‍ വീല്‍ചെയറിനുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നത് തിരിച്ചടിയായി. പക്ഷേ ഈ ചെറിയൊരു തിരിച്ചടി മൂലം ഒരു റണ്‍വേ മോഡലാകുകയെന്ന ആരോണിന്റെ സ്വയം പറഞ്ഞുപതിഞ്ഞ സ്വപ്‌നത്തിന് ഒരിളക്കവും സംഭവിച്ചിട്ടില്ല. പുതുതലമുറയ്ക്ക് കൈമുതലായുള്ള ഉണര്‍വ്വും വിവേവപൂര്‍ണമായ യാഥാര്‍ത്ഥ്യബോധവും സമന്വയിപ്പിച്ച് ഫാഷന്‍ രംഗത്ത് എന്തൊക്കെ സാധ്യമാകുമെന്നതിനെ കുറിച്ച് വളരെ ശുഭമായ പ്രതീക്ഷകളാണ് ആരോണ്‍ വച്ചുപുലര്‍ത്തുന്നത്. കേവലം പ്രതീകാത്മകം എന്നതിലുപരിയായി, ഫാഷന്‍രംഗത്ത് സാമൂഹിക പ്രതിബദ്ധകള്‍ നിറവേറുക എന്ന പ്രതീക്ഷയാണ് ആരോണിനുള്ളത്.

ഇത്രയും കാലമായി ഒരൊറ്റ തരത്തിലുള്ള ശരീരത്തെ മാത്രമേ ഫാഷന്‍രംഗത്തിന് അറിയൂ, വിപണനസാധ്യതയുള്ള ഒരേയൊരു ബിംബവും. പക്ഷേ എല്ലാ തരത്തിലുമുള്ള ശരീരങ്ങളെ ഉള്‍ക്കൊള്ളുകയും താരപരിവേഷം നല്‍കുകയും ചെയ്യുന്ന മേഖലയായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ പരിതസ്ഥിതിയില്‍ ഫാഷന്‍ലോകത്ത് എത്തുന്നത്. ഞങ്ങളെ പോലുള്ളവര്‍ താരങ്ങളായി മാറുക മാത്രമല്ല, വിപണിസാധ്യതയുള്ളവരും ആസ്വാദനാപൂര്‍ണരായിട്ടുള്ളവരും ആകണം.

ഇതൊരു ബിസിനസ് ആണെന്ന് എനിക്കറാം ആരോണ്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം തന്നെ ഏതൊരാളെയും ഉള്‍ക്കൊള്ളുന്നതും മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കുന്നതുമായ അവസ്ഥയിലേക്ക് ബിസിനസുകളെ എത്തിക്കാന്‍ സാധിക്കും. ആ ബിസിനസില്‍ നിങ്ങള്‍ തൊഴിലാളിയാണോ ഉപഭോക്താവാണോ എന്നത് ഒരു വിഷയമല്ല. അവസരങ്ങളും സാധ്യതകളും എല്ലാവര്‍ക്കും ഗുണകരമാണ്. അത് ബിസിനസിനെയോ ആളുകളെയോ വേദനിപ്പിക്കില്ലെന്ന് മാത്രമല്ല കാര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.

ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് മുഖ്യധാരയിലേക്ക് എത്തിയ ആരോണിന്റെ വളര്‍ച്ച സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. സോഷ്യല്‍മീഡിയുടെ ശക്തിയാണ് ഒരുതരത്തില്‍ ആരോണിന്റെ വളര്‍ച്ചയുടെ പിന്നിലെന്ന് പറയാം.

എന്റെ വിജയങ്ങള്‍ക്ക് കാരണം ട്വിറ്ററാണ്. എന്നെ സ്വയം അവതരിപ്പിക്കാനും എന്റെ സ്വപ്‌നങ്ങള്‍ എന്താണെന്ന് ലോകത്തോട് വിളിച്ചുപറയാനുമുള്ള വേദിയായിരുന്നു സോഷ്യല്‍ മീഡിയ. അവര്‍ അത് ഏറ്റെടുത്തു, പരിപോഷിപ്പിച്ചു. ഈ യുവ മോഡലിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എക്കൗണ്ടുകള്‍ക്ക് 66,000ത്തോളം ഫോളോവേഴ്‌സ് ഉണ്ട്. ദിവസേനയുള്ള സെല്‍ഫികളും ട്രാന്‍സ്‌ഫോബിയയ്‌ക്കെതിരായതും (ലിംഗബോധത്തോടുള്ള ഭയം), ഹാസ്യാത്മകവുമായ സന്ദേശങ്ങളും സോഷ്യല്‍മീഡിയ എക്കൗണ്ടുകളിലൂടെ ആരോണ്‍ ഫോളോവോഴ്‌സുമായി പങ്കുവെക്കുന്നു.

ദിവസേനയുള്ള പ്രതിജ്ഞാബദ്ധമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല ആരോണിന് സോഷ്യല്‍മീഡിയയില്‍ സ്വന്തമായിട്ടൊരു ഇടം നല്‍കിയത്. 2017ല്‍ ആരോണ്‍ ചെയ്‌തൊരു ട്വീറ്റിന് കൂടി ഈ നേട്ടത്തില്‍ പങ്കുണ്ട്. സത്യസന്ധമായും ഒരു മോഡലിംഗ് ഏജന്‍സി എന്നിലെ മോഡലിനെ അവഗണിക്കുകയോ കണ്ടെത്തുകയോ ചെയ്താല്‍, അത് പിന്നെ നിങ്ങള്‍ക്ക് വിട്ടുതന്നിരിക്കുന്നു. ബ്ലീച്ച് ചെയ്ത മുടിയും മൂക്കുത്തിയോടും കൂടി വീല്‍ചെയറിലിരിക്കുന്ന തന്റെ ഫോട്ടോയ്ക്ക് ഈ അടിക്കുറിപ്പുമായി അരോണ്‍ ചെയ്ത ട്വീറ്റ് 25,000 തവണയാണ് റിട്വീറ്റ് ചെയ്യപ്പെട്ടത്.

ആരോണിന്റെ മോഡലിംഗ് അഭിരുചികളെ കൂടുതല്‍ പേരിലേക്ക് എത്തിച്ചും സാധ്യതകളും ഒരുക്കിയും
സോഷ്യല്‍മീഡിയ ലോകം എപ്പോഴും പിന്തുണ നല്‍കിയെങ്കിലും സ്ഥാപിത നൈപ്യുണ്യത്തെ(ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏബിളിസം) മാത്രം പ്രോത്സാഹിപ്പിക്കുന്ന കാവലാളുകള്‍ ഈ മേഖലയിലും ഉണ്ടെന്നുള്ള ബോധ്യം ആരോണിന് എപ്പോഴുമുണ്ടായിരുന്നു. അതിനൊരു മാറ്റമുണ്ടാക്കുക എന്നതും അവളുടെ ലക്ഷ്യമായിരുന്നു.

ഭാവിയില്‍ ചിലപ്പോള്‍ ഫാഷന്‍ രംഗത്തെ വലിയ ഇടങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ട വ്യക്തിത്വങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ പ്രാവീണ്യമുള്ള കാസ്റ്റിംഗ് ഏജന്റായിരിക്കും ഞാന്‍. വൈവിധ്യങ്ങള്‍ മുന്നോട്ടുവരണം. എനിക്കതിന് സാധിക്കും. ആരോണ്‍ പറയുന്നു.

കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനായി ഫാഷനും സമൂഹത്തിനും എന്ത് ചെയ്യാനാകുമെന്ന കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള ആരോണ്‍ സുഖപ്രിയയായ, ശുഭാപ്തി വിശ്വാസമുള്ള ഒരു സുന്ദരിയാണ്. ഒട്ടനവധി മുന്‍വിധികളുടെ കണ്ണാടിച്ചില്ലിലൂടെ കാര്യങ്ങളെ നോക്കിക്കാണുന്നുവെന്ന് അംഗീരിക്കുന്ന ഫാഷന്‍പ്രേമിയായ ഈ പെണ്‍കുട്ടി കലയെയും ചാര്‍ളി എക്‌സിഎക്‌സിനെയും തന്റെ സുന്ദരമായ ഇന്റെര്‍നെറ്റ് സുഹൃദ് വലയത്തെയും ഏറെ സ്‌നേഹിക്കുന്നു. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം ഫാഷന്‍ ഫോട്ടോഗ്രാഫി പഠിക്കാനാണ് ആരോണ്‍ ആലോചിക്കുന്നത്.

കറുത്ത വര്‍ഗക്കാരിയും, ട്രാന്‍സ്‌ജെന്‍ഡറും വികലാംഗയുമായതിനാല്‍ തന്നെ, സ്വപ്‌നങ്ങളുള്ള ഒരു സാധാരണ പെണ്‍കുട്ടി എന്നതിലുപരിയായി നോക്കൂ, ആരോണ്‍ ഒരു അപാര വ്യക്തിത്വമാണ് എന്ന തരത്തിലേക്ക് ഞാന്‍ ഉയര്‍ന്നുവരും. നയോമി കാംപെല്ലിന്റെ ജീവിതമാണ് ആരോണിന് ഏറ്റവുമധികം പ്രചോദനമേകിയിട്ടുള്ളത്. ഭാവിയില്‍ എന്നെപ്പോലെ ആകാന്‍ വിധിക്കപ്പെട്ട, എന്റെ അവസ്ഥയിലുളളവര്‍ക്ക് വേണ്ടി നിര്‍വ്വചിക്കപ്പെടുന്നതല്ല, എന്താണ് നാം എന്ന് തെളിയിച്ച് കൊടുക്കേണ്ടത് എനിക്ക് അത്യാവശ്യമാണ്.

ചെയ്യാനാഗ്രഹിക്കുന്നതെല്ലാം എനിക്ക് ചെയ്യാന്‍ കഴിയണം. എല്ലായിപ്പോഴും നല്ല സമയമായിരിക്കണം. എല്ലാത്തിനുമുപരിയായി സ്വയം സന്തോഷിപ്പിക്കാന്‍ എനിക്ക് സാധിക്കണം. ആരോണ്‍ പറഞ്ഞുനിര്‍ത്തുന്നു.

Comments

comments

Categories: Motivation, Top Stories