യുഎസും ചൈനയും അവസാന വട്ട ചര്‍ച്ചകള്‍ തുടങ്ങി

യുഎസും ചൈനയും അവസാന വട്ട ചര്‍ച്ചകള്‍ തുടങ്ങി

വ്യാപാര പ്രശ്‌നങ്ങള്‍ക്ക് മാര്‍ച്ച് 1നുള്ളില്‍ പരിഹാരം കാണണമെന്നാണ് ഇരുരാഷ്ട്രങ്ങളും നേരത്തേ നിശ്ചയിച്ചിട്ടുള്ളത്

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ആശങ്കകള്‍ ഉയര്‍ത്തിയ വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസും ചൈനയും തമ്മില്‍ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ അവസാനഘട്ടം ആരംഭിച്ചു. മാര്‍ച്ച് 1ന് മുമ്പ് ഒരു സമഗ്ര വ്യാപാര കരാറില്‍ എത്തിച്ചേരണമെന്നാണ് ഇരു രാഷ്ട്രങ്ങളും നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗു കണ്ടുമുട്ടിയപ്പോഴാണ് വ്യാപാര യുദ്ധം മാര്‍ച്ച് 1 വരെ നിര്‍ത്തിവെക്കാനും അതിനുള്ളില്‍ ചര്‍ച്ചകളിലൂടെ ഒരു വ്യാപാര ഉടമ്പടിയില്‍ എത്താനും ധാരണയായത്.

അതിനു ശേഷം ഇതുവരെ ആറോളം ചര്‍ച്ചകളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഔദ്യോഗികമായി നടന്നിട്ടുള്ളത്. ചര്‍ച്ചകളിലൂടെ വ്യാപാര ഉടമ്പടിയില്‍ എത്താനായില്ലെങ്കില്‍ കൂടുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ഇറക്കുമതി തീരുവ ചുമത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചന ട്രംപ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉടമ്പടിയില്‍ അന്തിമ തീരുമാനമുണ്ടായില്ലെങ്കിലും ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായാല്‍ ഉടന്‍ തീരുവ ചുമത്താനുള്ള നീക്കുമുണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ഹെയ്‌സറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ യുഎസില്‍ എത്തിയിട്ടുള്ള ചൈനീസ് സംഘവുമായി ചര്‍ച്ച നടത്തുന്നത്. വ്യാഴാഴ്ച തുടക്കമിട്ട ചര്‍ച്ചകളില്‍ യുഎസിന്റെ വാണിജ്യ, ട്രഷറി സെക്രട്ടറിമാരും പങ്കെടുക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് ലിയു ഹെ ആണ് ചൈനീസ് സംഘത്തെ നയിക്കുന്നത്. കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ യി ഗാങും പങ്കെടുക്കുന്നുണ്ട്. പ്രസിഡന്റ് സി ജിന്‍ പിംഗിന്റെ പ്രത്യേക പ്രതിനിധിയായി വ്യാപാര ചര്‍ച്ചകള്‍ക്ക് ഇത് നാലാം തവണയാണ് ലിയു ഹെ യുഎസില്‍ എത്തുന്നത്. ഇന്നോ നാളെയോ അവസാന വട്ട ഔദ്യോഗിക ചര്‍ച്ചകള്‍ ഇരു രാഷ്ട്രങ്ങളും ഇന്ന് അവസാനിപ്പിച്ചേക്കും എന്നാണ് കരുതുന്നത്.

നേരത്തേ ചര്‍ച്ചകളിലെ പുരോഗതിയില്‍ സന്തുഷ്ടി പ്രകടിപ്പിച്ചും ഉടന്‍ കരാറിലെത്താനാകുമെന്ന് പ്രതീക്കുന്നുവെന്ന് വ്യക്തമാക്കിയും ട്രംപ് രംഗത്തെത്തിയിരുന്നു. ചര്‍ച്ചകള്‍ അന്തിമ തീരുമാനമാകാതെ പിരിഞ്ഞാല്‍ കൂടുതല്‍ കടുത്ത വ്യാപാര യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളും നീങ്ങുമെന്നും ആഗോല വ്യാപാരത്തെ തന്നെ അത് മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ആശങ്ക പടര്‍ന്നിട്ടുണ്ട്.

Comments

comments

Categories: FK News
Tags: US- China