യുബര്‍ഈറ്റ്‌സ് വില്‍പ്പനക്ക്; ഏറ്റെടുക്കാന്‍ സ്വിഗ്ഗിയും സൊമാറ്റോയും

യുബര്‍ഈറ്റ്‌സ് വില്‍പ്പനക്ക്; ഏറ്റെടുക്കാന്‍ സ്വിഗ്ഗിയും സൊമാറ്റോയും

രാജ്യത്തെ ഭക്ഷണ വിതരണ ബിസിനസ് വന്‍ നേട്ടമുണ്ടാക്കുന്നെങ്കിലും യുബര്‍ഈറ്റ്‌സ് പ്രതിദിനം 15-20 ദശലക്ഷം ഡോളര്‍ നഷ്ടത്തില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഫുഡ് ഡെലിവറി ബിസിനസ് വമ്പന്‍ വളര്‍ച്ചയോടെ ജൈത്രയാത്ര തുടരുന്നതിനിടെ മേഖലയോട് വിടപറയാന്‍ യുബര്‍ ഒരുങ്ങുന്നു. നഷ്ടത്തിലായ തങ്ങളുടെ ടാക്്‌സി വ്യവസായത്തെ സംരക്ഷിക്കാനാണ് ഭക്ഷണ വിതരണ ഉപകമ്പനിയായ യുബര്‍ഈറ്റ്‌സിനെ കൈയൊഴിയാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പരമ്പരാഗത ബിസിനസായ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനങ്ങളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുഎസ് ബഹുരാഷ്ട്ര കമ്പനിയുടെ പദ്ധതി. തങ്ങളുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി നഷ്ടങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് വേണ്ടിയാണ് കമ്പനി രണ്ട് വര്‍ഷം പഴക്കമുള്ള യുബര്‍ഈറ്റ്‌സിനെ വില്‍ക്കുന്നത്. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയോടും ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റയോടും വില്‍പ്പന സംബന്ധിച്ച ചര്‍ച്ചകള്‍ യുബര്‍ നടത്തി വരികയാണ്.

കഴിഞ്ഞ വര്‍ഷം മൂന്ന് ഫണ്ടിംഗുകള്‍ വഴി 1.3 ബില്യണ്‍ ഡോളര്‍ സമാഹരിച്ച സ്വിഗ്ഗിയാണ് നിലവില്‍ യുബര്‍ഈറ്റ്‌സ് വില്‍പ്പനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഓഹരി കൈമാറ്റ കരാറായാണ് ഇടപാട് രൂപീകരിക്കുക. യുബര്‍ഈറ്റ്‌സ് ഇന്ത്യ ബിസിനസ് അവരുടെ മൊത്തം വില്‍പ്പനയുടെ രണ്ട് തൊട്ട് മൂന്ന് വരെ മടങ്ങ് മൂല്യനിര്‍ണയം കമ്പനിക്കായി നടത്തുമെന്നാണ് സൂചന. 500 മില്യണ്‍ ഡോളറില്‍ ഏറെയായിരിക്കും മൂല്യമെന്ന് അനുമാനിക്കപ്പെടുന്നു. 2018 ലെ നാലാം പാദത്തില്‍ രണ്ട് ശതമാനം മാത്രമാണ് വരുമാന വളര്‍ച്ചയെന്ന് യുബര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 2017 ലെ 2.2 ബില്യണില്‍ നിന്ന് നഷ്ടം 1.8 ബില്യണ്‍ ഡോളറിലേക്ക് കുറഞ്ഞെങ്കിലും ഐപിഒയ്ക്ക് മുന്‍പ് കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

യുബര്‍ പിന്‍വാങ്ങുകയാണെങ്കിലും രാജ്യത്തെ ഭക്ഷ്യ വിതരണ ബിസിനസ് വമ്പന്‍ മുന്നേറ്റമാണ് നടത്തുന്നതെന്ന് റിസര്‍ച്ച് പോര്‍ട്ടലായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ വിതരണ ബിസിനസിലെ വരുമാനം അടുത്ത അഞ്ച് വര്‍ഷത്തേക്ക് 16.7 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) വളരുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 2020 ഓടെ ഭക്ഷ്യ വിതരണ വിപണിയുടെ മൂല്യം 5.7 ബില്യണ്‍ ഡോളറാകുമെന്നും കണക്കാക്കുന്നു. എങ്കിലും നിക്ഷേപങ്ങള്‍ക്കും ലാഭത്തിനുമായുള്ള കനത്ത മല്‍സരം ഇപ്പോള്‍ മേഖലയില്‍ സംയോജനത്തിന്റെ പ്രവണത കൊണ്ടുവന്നിട്ടുണ്ട്. യുബര്‍ഈറ്റ്‌സിനെ ഏറ്റെടുക്കുന്ന കമ്പനി മേഖലയുടെ കുത്തകാവകാശവും നേടിയെടുത്തേക്കും. കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തെത്തുന്നതിന് ഇത് വിഘാതമായേക്കും.

റെഡ്‌സീറിന്റെ ഫുഡ്‌ടെക് ലീഡര്‍ഷിപ്പ് ഇന്‍ഡക്‌സ് (എഫ്എല്‍ഐ) പ്രകാരം 2018 നാലാം പാദത്തില്‍ 96 പോയന്റോടെ സ്വിഗ്ഗിയാണ് മേഖലയില്‍ ഒന്നാമത്. പ്രധാന പ്രതിയോഗിയായ സൊമാറ്റോ 82 പോയന്റോടെ രണ്ടാമതുണ്ട്. യുബര്‍ഈറ്റ്‌സ് മൂന്നാം സ്ഥാനത്താണുള്ളത്. 1.5-2.5 ലക്ഷം ഡെലിവറികള്‍ പ്രതിദിനം നടത്തുന്നുണ്ടെങ്കിലും പ്രതിമാസം 15-20 ദശലക്ഷം ഡോളര്‍ നഷ്ടം കമ്പനിക്കുണ്ടാവുന്നുണ്ട്. യുബര്‍ഈറ്റ്‌സിനെക്കാള്‍ 4-5 മടങ്ങ് അധികം ഡെലിവറിയാണ് സ്വിഗ്ഗിയും സൊമാറ്റോയും നടത്തുന്നത്.

Categories: Business & Economy
Tags: Swiggy, Ubereats