വ്യാപാര വിലക്ക് നീങ്ങില്ല: തുറമുഖ സര്‍ക്കുലറില്‍ വിശദീകരണവുമായി യുഎഇ

വ്യാപാര വിലക്ക് നീങ്ങില്ല: തുറമുഖ സര്‍ക്കുലറില്‍ വിശദീകരണവുമായി യുഎഇ

‘മൂന്നാംകക്ഷി വഴി ഖത്തറിലേക്ക് ചരക്കുനീക്കം ആകാമെന്ന സര്‍ക്കുലര്‍ തെറ്റിദ്ധരിക്കപ്പെട്ടത്

അബുദബി ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള രണ്ട് വര്‍ഷം നീണ്ട വ്യാപാര വിലക്ക് മയപ്പെടുത്തുന്നുവെന്ന ധാരണയിലുള്ള തുറമുഖ അതോറിട്ടി സര്‍ക്കുലര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് യുഎഇ. വിഷയത്തില്‍ തുറമുഖങ്ങള്‍ക്കായി പുതിയ വിശദീകരണക്കുറിപ്പ് ഇറക്കുമെന്നും യുഎഇ അറിയിച്ചു. ഖത്തറിലേക്ക് മൂന്നാംകക്ഷി മുഖേന കാര്‍ഗോ വഴിയുള്ള ചരക്കുനീക്കം അനുവദിക്കുന്ന തുറമുഖ അതോറിട്ടി സര്‍ക്കുലര്‍ സംബന്ധിച്ച് മാധ്യമങ്ങൡ വാര്‍ത്ത വന്നതോടെയാണ് വിശദീകരണവുമായി യുഎഇ രംഗത്തെത്തിയിരിക്കുന്നത്.

2017 ജൂണില്‍ നിലച്ച ഖത്തര്‍-യുഎഇ ചരക്കുനീക്കം ഭാഗികമായി പുനസ്ഥാപിക്കുന്നു എന്ന അര്‍ത്ഥത്തിലുള്ള, മൂന്നാംകക്ഷി മുഖേന കാര്‍ഗോ വഴിയുള്ള ചരക്കുനീക്കം അനുവദിക്കുന്ന അബുദബി പോര്‍ട്ടിന്റെ ഫെബ്രുവരി 12ലെ സര്‍ക്കുലറില്‍ വിശദീകരണകുറിപ്പ് പുറത്തിറക്കുമെന്നാണ് യുഎഇ അറിയിച്ചിരിക്കുന്നത്. യുഎഇയില്‍ നിന്നോ ഖത്തറില്‍ നിന്നോ ഉള്ള ചരക്കുകളുടെ കടത്തും വിതരണവും നിരോധിക്കുന്ന മുന്‍ ഉത്തരവ് ഭാഗികമായി റദ്ദ് ചെയ്യുന്നതായിരുന്ന ഫെബ്രുവരി 12ലെ സര്‍ക്കുലര്‍. അതേസമയം ഖത്തര്‍ പതാകയുള്ളതോ ഖത്തര്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ ആയ കപ്പലുകള്‍ യുഎഇയില്‍ പ്രവേശിക്കരുതെന്നും സമാനമായി യുഎഇ കപ്പലുകള്‍ ഖത്തര്‍ തുറമുഖങ്ങളില്‍ പ്രവേശിക്കരുതെന്നും മുന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

ഖത്തറിനെതിരെയുള്ള വ്യാപാരവിലക്ക് നിലവിലുണ്ടെന്നും തുറമുഖങ്ങള്‍ക്കും വിലക്ക് ബാധകമാണെന്നും ഫെഡറല്‍ ഗതാഗത വകുപ്പ് പറഞ്ഞതായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.

2017ലാണ് ഇറാനുമായുള്ള അടുപ്പവും തീവ്രവാദത്തെ പിന്താങ്ങുന്നുവെന്ന ആരോപണവും മുന്‍നിര്‍ത്തി ഖത്തറുമായുള്ള രാഷ്ട്രീയ, വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ തീരുമാനിച്ചത്. ആരോപണങ്ങളെല്ലാം ഖത്തര്‍ നിഷേധിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ ഭിന്നിപ്പ് അവസാനിപ്പിക്കണമെന്നും ഖത്തറിനെതിരെ മേഖല ഒന്നാകണമെന്നും അമേരിക്ക നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പ്രശ്‌നപരിഹാരത്തിന് കളമൊരുങ്ങിയിട്ടില്ല.

Comments

comments

Categories: Arabia
Tags: Qatar, Trade ban