സംസ്‌ക്കരിച്ച ഭക്ഷണം വേണ്ട

സംസ്‌ക്കരിച്ച ഭക്ഷണം വേണ്ട

ദീര്‍ഘായുസിന് അതിസംസ്‌ക്കരണം നടത്തിയ ഭക്ഷണമൊഴിവാക്കൂ

ഒരുപാട് മൊരിയിച്ചെടുത്ത കട്‌ലറ്റും ഹോട്ട് ഡോഗും ഗ്രില്‍ഡ് മാംസങ്ങളും കഴിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ സൂക്ഷിക്കണം, നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഇവയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുകയാണ്. അതിസംസ്‌ക്കരണം (അള്‍ട്ടപ്രൊസസ്ഡ്) ചെയ്തവ ഇഷ്ടഭോജ്യപ്പട്ടികയില്‍ ഉണ്ടെങ്കില്‍ അതു തിരുത്തണമെന്ന മുന്നറിയിപ്പാണ് പുതിയ പഠനം നല്‍കുന്നത്. ഇത്തരം ഭക്ഷണം 10 ശതമാനം അധികം കഴിച്ചാല്‍ത്തന്നെ മരണസാധ്യത 14% കൂടുകയാണ് ചെയ്യുന്നത്. ഫ്രാന്‍സില്‍ നടന്ന ഗവേഷണത്തിലാണ് പുതിയ കണ്ടെത്തലുകളുണ്ടായിരിക്കുന്നത്.

പായ്ക്കറ്റില്‍ കിട്ടുന്ന ലഘുഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍, റെഡി ടു ഈറ്റ് വസ്തുക്കള്‍ എന്നിവ അതിസംസ്‌ക്കരിക്കപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ക്ക് ഉദാഹരണമാണ്. പ്രിസര്‍വെറ്റിവുകള്‍, അഡിറ്റിവുകള്‍ തുടങ്ങി ഹാനികരമായ പലവിധ രാസവസ്തുക്കളും ചേര്‍ത്താണ് ഇവ ഉണ്ടാക്കുന്നത്. ഇവയുടെ ഉപഭോഗം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി വര്‍ദ്ധിച്ചിട്ടുമുണ്ട്. അര്‍ബുദവും ഹൃദ്രോഗവും ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ഈ പ്രവണത ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. ജങ്ക് ഫുഡ് ഭക്ഷണശീലം പുകവലി, വ്യായാമരാഹിത്യം തുടങ്ങിയ ശീലങ്ങള്‍ പോലെ തന്നെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നേരിയ അളവില്‍ സംസ്‌ക്കരിച്ച ഭക്ഷണസാധനങ്ങളില്‍ പോഷകങ്ങളും ജീവകങ്ങളും ലവണങ്ങളും ഏറെക്കുറെ നിലനിര്‍ത്തപ്പെടുന്നുണ്ട്. കഴുകി മുറിച്ചുവെച്ച പഴങ്ങള്‍, പച്ചക്കറികള്‍, സാലഡുകള്‍ തുടങ്ങിയവയും അതുപോലെ ശീതീകരിച്ച പഴങ്ങളും പച്ചക്കറികളും വറുത്ത അണ്ടിപ്പരിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. സോസുകള്‍, ശീതികരിച്ച ട്യൂണ മല്‍സ്യം, ബീന്‍സ്, തക്കാളി, വെണ്ണ, തൈര് തുടങ്ങിയവയും ഭാഗികമായി സംസ്‌ക്കരിച്ച വിഭാഗത്തില്‍പ്പെടുന്നു. കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ഇവിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

ഇവയേക്കാള്‍ കൂടിയ അളവില്‍ സംസ്‌ക്കരിച്ച ഭക്ഷണമാണ് അതിസംസ്‌ക്കരിച്ചവയെന്നു പറയുന്നത്. ഉപ്പ്, പഞ്ചസാര, എണ്ണ, കൊഴുപ്പ്, സുഗന്ധങ്ങള്‍, നിറങ്ങള്‍, മറ്റ് അഡിറ്റീവുകള്‍ എന്നിവയുടെ അളവ് ഇവയില്‍ ക്രമാതീതമായിരിക്കും. ഇത്തരം ഭക്ഷണങ്ങള്‍ സാധാരണയായി അഞ്ചോ അതിലധികമോ ചേരുവകള്‍ ഉള്‍ക്കൊള്ളുന്ന വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്്. ഇതില്‍ എണ്ണയില്‍ പൊരിച്ചതോ നിറം പിടിപ്പിച്ചതോ സ്വാദു കൂട്ടാന്‍ കൃത്രിമച്ചേരുവകള്‍ ഉപയോഗിച്ചതോ ആയവ ഉള്‍പ്പെടും. ഇവയുടെ ഉപഭോഗം ഒരു പരിധിയില്‍ കൂടാന്‍ പാടില്ല.

ചില സാധാരണ അള്‍ട്രാപ്രൊസഡ് ഭക്ഷണങ്ങളുടെ പട്ടിക

കാര്‍ബണേറ്റഡ് പാനീയങ്ങള്‍
മധുര പലഹാരങ്ങള്‍
പായ്ക്കറ്റ് സ്‌നാക്ക്‌സ്
ഐസ്‌ക്രീം
മിഠായി
കുക്കിബിസ്‌കറ്റ്
പേസ്ട്രികള്‍
കേക്കുകള്‍
ഫ്രൂട്ടി ഡ്രിങ്കുകള്‍
കൊക്കോ പാനുകള്‍
മാംസരസം
സോസ്

തടിക്കാനും മെലിയാനുമുള്ള പൊടികള്‍

പിസയും പാസ്തയും
വറുത്ത കോഴിയിറച്ചിയും മത്സ്യവും
ബര്‍ഗറുകള്‍
ഹോട്ട് ഡോഗ്
പായ്ക്കറ്റില്‍ കിട്ടുന്ന സൂപ്പ് പൊടിയും നൂഡില്‍സും
വളരെ ആകര്‍ഷകമായി കുറഞ്ഞ ചെലവില്‍ കിട്ടുന്നതിനാല്‍ ഇത്തരം റെഡി-ടു- ഈറ്റ് ഭക്ഷണങ്ങള്‍ കൂടുതല്‍ ജനപ്രിയമായിരിക്കുകയാണ്. പാകം ചെയ്യുന്നതും റെഡി ടു ഈറ്റ് ഭത്ഷണങ്ങളുമായി ഒരു കിടമല്‍സരവും നമ്മുടെ തീന്‍മേശയില്‍ നടക്കുന്നു. ഈ പട്ടിക നാം ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ നാം നടത്തേണ്ട തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്.നാം കൂടുതല്‍ കാലം ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഈ ലിസ്റ്റ് ഒഴിവാക്കുന്നതു നന്നായിരിക്കും.

Comments

comments

Categories: Health