പെട്രോകെമിക്കല്‍ രംഗത്ത് കൂടുതല്‍ വളര്‍ച്ച ലക്ഷ്യമാക്കി സിബര്‍, ചൈനയിലും സൗദിയിലും പദ്ധതികള്‍

പെട്രോകെമിക്കല്‍ രംഗത്ത് കൂടുതല്‍ വളര്‍ച്ച ലക്ഷ്യമാക്കി സിബര്‍, ചൈനയിലും സൗദിയിലും പദ്ധതികള്‍

സൈബീരിയയിലെ പ്ലാസ്റ്റിക് പ്ലാന്റിന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയാകും

മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ നിര്‍മ്മാതാക്കളായ സിബര്‍ ഹോള്‍ഡിംഗ് പിജെഎസ്‌സി വളര്‍ച്ചയുടെ പാതയിലാണ്. സൈബീരിയയില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബില്യണ്‍ കണക്കിന് ഡോളറിന്റെ പദ്ധതിക്ക് ശേഷം സൗദിയിലും ചൈനയിലും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള കരാറുകളില്‍ കമ്പനി ഒപ്പുവെച്ചിട്ടുണ്ട്. കൂടുതല്‍ പദ്ധതികളിലൂടെ ഏഷ്യയിലെ പെട്രോകെമിക്കല്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ചൈനയിലും സൗദി അറേബ്യയിലും തദ്ദേശീയ കമ്പനികളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലൂടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സിബര്‍ സിഇഒ ദിമിത്രി കൊനോവ് മോസ്‌കോയില്‍ പറഞ്ഞു. പെട്രോകെമിക്കല്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഏഷ്യയെയാണ് വളര്‍ച്ചയ്ക്കുള്ള വിപണിയായി കമ്പനി ലക്ഷ്യമിടുന്നത്.

2014ല്‍ ചൈനയിലെ സിനോപെകുമായി ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലുള്ള സംയുക്ത സംരംഭത്തിനുള്ള ആലോചനയിലാണ് കമ്പനിയെന്നും കൊനോവ് പറഞ്ഞു. ഈ വര്‍ഷം തന്നെ പദ്ധതി ആരംഭിക്കാനുള്ള തയ്യാറെടുപ്പാണ് സിബര്‍ നടത്തുന്നത്. അതേസമയം സൗദിയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന്റെ കാര്യത്തിലും ഈ വര്‍ഷം തന്നെ കമ്പനി തീരുമാനമെടുക്കും.

നിലവില്‍ പടിഞ്ഞാറന്‍ സൈബീരിയയില്‍ പുരോഗമിക്കുന്ന 9 ബില്യണ്‍ ഡോളറിന്റെ പ്ലാസ്റ്റിക് പ്ലാന്റിന്റെ നിര്‍മ്മാണം അടുത്ത് തന്നെ പൂര്‍ത്തിയാകും.ചൈനയിലെ ദക്ഷിണ ഷാന്‍ഗായിയില്‍ പ്രതിവര്‍ഷം 50,000 ടണ്‍ ഉല്‍പാദനശേഷിയുള്ള കൃത്രിമ റബ്ബര്‍ പ്ലാന്റിനായുള്ള നിര്‍മ്മാക്കരാറില്‍ സിബറും സിനോപെകും അഞ്ച് വര്‍ഷം മുമ്പ് ഒപ്പിട്ടിരുന്നു. ഈ പദ്ധതിയുമായി മുമ്പോട്ടുപോകാന്‍ തന്നെയാണ് ഇരുകൂട്ടരുടെയും തീരുമാനമെങ്കില്‍ 2023-2025 കാലഘട്ടത്തില്‍ പദ്ധതി ആരംഭിക്കുമെന്ന് കൊനോവ് വ്യക്തമാക്കി. സിനോപെക് എന്നറിയപ്പെടുന്ന ചൈന പെട്രോളിയം ആന്‍ഡ് കെമിക്കല്‍ കോര്‍പറേഷന്‍, ഷാന്‍ഗായി പദ്ധതിക്കായുള്ള സംയുക്ത സംരംഭത്തില്‍ 74.9 ശതമാനം പങ്കാളിത്തം വഹിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കി പങ്കാളിത്തം സിബറിന്ററേതാണ്. സിനോപെകിന് സിബറില്‍ 10 ശതമാനം ഓഹരികള്‍ ഉണ്ട്.

സൗദി അറേബ്യയിലെ പെട്രോകെമിക്കല്‍ മേഖലയെ കൂടുതല്‍ വികസനത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കൃത്രിമ റബ്ബര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് എണ്ണ ഭീമന്മാരായ സൗദി ആംകോയും സിബറും 2017ല്‍ തുടക്കമിട്ടിരുന്നു. പദ്ധതി സംബന്ധിച്ച് ഇരുകൂട്ടരും ധാരണയിലെത്തിയാല്‍ 2023-2025 കാലത്തില്‍ തന്നെ ഈ പദ്ധതിയും ആരംഭിക്കും.

റഷ്യയോട് അടുത്തുള്ള മേഖലകളിലും സിബര്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രാദേശിക കമ്പനിയുമായി ചേര്‍ന്ന് മുന്‍ സോവിയറ്റ് റിപ്പബ്ലിക് മേഖലകളില്‍ ഒരു സംയുക്ത സംരംഭം ആരംഭിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. പദ്ധതിപ്രദേശം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. റഷ്യയില്‍ ചൈനീസ് അതിര്‍ത്തിയിലുള്ള എതിലീന്‍ പ്ലാന്റിലാണ് കമ്പനിയുടെ ഭാവി ശ്രദ്ധ. അമര്‍ ഗ്യാസ് കെമിക്കല്‍ സമുച്ചയം എന്നറിയപ്പെടുന്ന ഇവിടെ ഗാസ്‌പ്രോമില്‍ നിന്നും ലഭിക്കുന്ന ഈതെയ്ന്‍ ഉപയോഗിച്ച് പ്രതിവര്‍ഷം 1.5 മില്യണ്‍ ടണ്‍ എതിലീന്‍ നിര്‍മ്മിക്കാനാണ് സിബറിന്റെ പദ്ധതി. തദ്ദേശീയ ആവശ്യങ്ങള്‍ക്കും ഏഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന എതിലീന്‍ ഉപയോഗിക്കും. ഈ വര്‍ഷം പകുതിയോടെ പ്രസ്തുത പദ്ധതിക്കായുള്ള നിക്ഷേപത്തുകയുടെ അവസാന ഗഡു നല്‍കുമെന്നും കൊനോവ് അറിയിച്ചു.

Comments

comments

Categories: FK News

Related Articles