മനുഷ്യത്തമുള്ളവരെല്ലാം ഭീകരവാദത്തിനെതിരെ ഒരുമിക്കണം: മോദി

മനുഷ്യത്തമുള്ളവരെല്ലാം ഭീകരവാദത്തിനെതിരെ ഒരുമിക്കണം: മോദി

സോള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി; ഭീകരവാദത്തിനെതിരെ ദക്ഷിണ കൊറിയയും ഇന്ത്യയും സഹകരിച്ച് പ്രവര്‍ത്തിക്കും

സോള്‍: ആഗോള ജനത ഒത്തൊരുമിച്ച് തീവ്രവാദത്തിനെതിരെ പോരാടേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനെതിരെ പരസ്പരവും ആഗോളതലത്തിലും സഹകരണം ശക്തമാക്കാന്‍ സോളും ഡെല്‍ഹിയും തീരുമാനിച്ചതായും ഇത് ലോകത്തിനു തന്നെ നിര്‍ണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയവും ദക്ഷിണ കൊറിയന്‍ നാഷണല്‍ പൊലീസ് ഏജന്‍സിയും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രതിരോധം ഇന്ത്യയെ സംബന്ധിച്ച സുപ്രധാനമായ വിഷയമാണ്. ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ച കെ-9 വജ്ര ആര്‍ട്ടിലറി ഗണ്‍ ദക്ഷിണകൊറിയയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധമേഖലയിലെ പങ്കാളിത്തത്തിന് ഉദാഹരണമാണ്. ഈ മേഖലയില്‍ ദക്ഷിണ കൊറിയയുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ ടെക്‌നോളജി രംഗത്തും സംയുക്ത നിര്‍മാണത്തിനും മാര്‍ഗരേഖയുണ്ടാക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിരോധ വ്യവസായ ഇടനാഴി നിര്‍മാണത്തില്‍ ദക്ഷിണ കൊറിയന്‍ കമ്പനികളുടെ പങ്കാളിത്തം ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ ദക്ഷിണ കൊറിയ ഇന്ത്യക്കു നല്‍കിയ സമാശ്വാസത്തിനും പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു.

രാജ്യാന്തരതലത്തിലെ സഹകരണവും ആഗോള സാമ്പത്തിക വളര്‍ച്ചയും ശക്തമാക്കുന്നതിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2018 ലെ സോള്‍ സമാധാന പുരസ്‌കാരവും മോദി ഏറ്റുവാങ്ങി. ഇന്ത്യയുടെയും ആഗോള സമ്പദ് വ്യവസ്ഥയുടെയും വളര്‍ച്ചയ്ക്ക് വരേന്ദ്ര മോദി നിസ്തുലമായ സംഭാവനകള്‍ നല്‍കിയതായി നിരീക്ഷിച്ച പുരസ്‌കാര സമിതി ഇന്ത്യയിലെ സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ‘മോദിനോമിക്‌സ്’ സഹായിച്ചതായും വിലയിരുത്തി.

Comments

comments

Categories: FK News, Slider
Tags: Modi, terrorism