കോടതി സമക്ഷം ബാലന്‍ വക്കീല്‍ (മലയാളം)

കോടതി സമക്ഷം ബാലന്‍ വക്കീല്‍ (മലയാളം)

സംവിധാനം: ബി. ഉണ്ണിക്കൃഷ്ണന്‍
അഭിനേതാക്കള്‍: ദിലീപ്, മമത, സിദ്ധീഖ്, അജു വര്‍ഗീസ്
ദൈര്‍ഘ്യം: 155 മിനിറ്റ്

ബി.ഉണ്ണിക്കൃഷ്ണന്‍-ദിലീപ് കൂട്ടുകെട്ടില്‍ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണു കോടതി സമക്ഷം ബാലന്‍ വക്കീല്‍. എല്ലാ വിഭാഗം പ്രേക്ഷകരെയും ഉള്‍ക്കൊള്ളുന്ന മാസ് ചിത്രങ്ങള്‍ക്കു പറ്റിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എന്നും ശ്രമിച്ചിട്ടുള്ള നടനാണു ദിലീപ്. മന്ദബുദ്ധി (പച്ചക്കുതിര) ചട്ടുകാലന്‍ (ഏഴരക്കൂട്ടം), കോമാളി (ജോക്കര്‍), കൂനന്‍ (കുഞ്ഞികൂനന്‍), എളുപ്പം വഞ്ചിക്കപ്പെടുന്നവന്‍ (ചക്കരമുത്ത്), മുറിച്ചുണ്ടന്‍(സൗണ്ട് തോമ) എന്നിവ ഉദാഹരണങ്ങളാണ്. ഇപ്രാവിശ്യം വിക്കനായിട്ടാണ് ദിലീപ് പുതിയ ചിത്രത്തിലെത്തുന്നത്. അതുപക്ഷേ, ജന്മനാ ഉള്ള വിക്കല്ല, എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ സംഭവിച്ച ദുരന്തത്തിന്റെ ഫലമായി വിക്കനായി മാറുന്നതാണ്.
വിക്കനായ ബാലകൃഷ്ണന്‍ അഥവാ ബാലന്‍ ഒരു അഭിഭാഷകനാണ്. എന്നാല്‍ അഭിഭാഷക സമൂഹത്തിനിടെയില്‍നിന്നും അയാളെ വേര്‍തിരിച്ചു നിറുത്തുന്ന ഒരു ഘടകമാണു വിക്ക്. സംസാരിക്കാന്‍ വൈകല്യമുള്ള ബാലന്‍, വക്കീല്‍ ജോലിയില്‍ പരാജയമാണെന്നു സുഹൃത്തുക്കളും വീട്ടുകാരും വരെ വിലയിരുത്തിയിട്ടുള്ള കാര്യമാണ്. എന്നാല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ബാലന്‍ വക്കീല്‍ ഒരു വക്കീല്‍ നോട്ടീസ് അയയ്ക്കുന്നതോടെ കഥയില്‍ വഴിത്തിരിവ് സംഭവിക്കുകയാണ്. ഇതോടെ ബാലന്‍ വക്കീല്‍ വലിയൊരു വിവാദത്തിലകപ്പെടുകയാണ്. ലൈംഗിക പീഡനത്തെക്കുറിച്ചുള്ള തെറ്റായ ആരോപണം കേരളത്തിലെ ഏറ്റവും ഉന്നതനായൊരു വ്യക്തിക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണു ചിത്രത്തിന്റെ കാതലായ ഭാഗം.
ദിലീപിന്റെ പ്രകടനമാണു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. വിക്കനായ വക്കീലായി കുറ്റമറ്റ പ്രകടനമാണു ദിലീപ് കാഴ്ചവച്ചിരിക്കുന്നത്. ദിലീപിന്റെ അച്ഛനായി അഭിനയിച്ചിരിക്കുന്ന സിദ്ധീഖിന്റെ അഭിനയമാണു ചിത്രത്തിലെ മറ്റൊരു ആകര്‍ഷണം. കോമഡി രംഗങ്ങളില്‍ സിദ്ധീഖ് നന്നായി തിളങ്ങുകയും ചെയ്തിരിക്കുന്നു. സുരാജ്, അജു വര്‍ഗീസ്, ദിലീപ് കോംബിനേഷനുകളും ചിത്രത്തില്‍ മികച്ച ഹാസ്യം സമ്മാനിക്കുന്നവയാണ്. രഞ്ജി പണിക്കര്‍ പതിവില്‍നിന്നും വ്യത്യസ്തമായൊരു കഥാപാത്രമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തെ സംവിധായകന്‍ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശുദ്ധഹാസ്യം പ്രേക്ഷകന് ആവോളം ആസ്വദിക്കാനാവും വിധമുള്ളതാണു ചിത്രത്തിന്റെ ആദ്യ പകുതി. രണ്ടാം പകുതിയില്‍ ആക്ഷന്‍ രംഗങ്ങളും തീപ്പൊരി സംഭാഷണങ്ങളുമാണ്. ചില ഘട്ടങ്ങളില്‍ ക്ലീഷേ സീക്വന്‍സുകളുണ്ട്. അത് ചിത്രത്തിന്റെ രസം കൊല്ലിയായി മാറുകയും ചെയ്യുന്നു.

Categories: Movies