കാവസാക്കിയും ഇലക്ട്രിക് വഴിയേ?

കാവസാക്കിയും ഇലക്ട്രിക് വഴിയേ?

കാവസാക്കിയുടെ ഇലക്ട്രിക് ബൈക്കിന്റെ പാറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നു

ടോക്കിയോ : കാവസാക്കിയും ഇലക്ട്രിക് മാര്‍ഗ്ഗം സ്വീകരിച്ചുതുടങ്ങിയതായി സൂചന. കാവസാക്കിയുടെ ഇലക്ട്രിക് ബൈക്കിന്റെ പാറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നു. ബാറ്ററി പാക്ക്, ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഘടിപ്പിച്ച മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ മോട്ടോര്‍സൈക്കിള്‍ പ്രൊഡക്ഷന്‍ മോഡല്‍ ആയിരിക്കണമെന്ന് ഉറപ്പില്ല. എന്തുതന്നെയായാലും, കാവസാക്കി ഇലക്ട്രിക് സാങ്കേതികവിദ്യയെ ആശ്ലേഷിക്കുകയാണെന്ന് നിസ്സംശയം പറയാം.

കമ്പസ്ചന്‍ എന്‍ജിന്‍ ബൈക്കുകളില്‍ കാണുന്ന റാം എയര്‍, ഓയില്‍ കൂളര്‍ എന്നിവ പാറ്റന്റ് ചിത്രങ്ങളില്‍ കാണാം. സാധാരണ ഇലക്ട്രിക് ബൈക്കുകൡ ഇവയൊന്നും ഉണ്ടാകാറില്ല. എന്നാല്‍ ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് കാവസാക്കി ഉദ്ദേശിക്കുന്നതെങ്കില്‍ ഇലക്ട്രിക് മോട്ടോറും ബാറ്ററികളും അതിയായ താപം പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കാവസാക്കി തീരുമാനിച്ചിരിക്കാം. ഇലക്ട്രിക് മോട്ടോര്‍ അഥവാ ബാറ്ററി അല്ലെങ്കില്‍ ഇവ രണ്ടും തണുപ്പിക്കുന്നതിന് വലിയ എയര്‍ സ്‌കൂപ്പ് ഉപയോഗിക്കും.

ഇലക്ട്രിക് ബൈക്ക് നിര്‍മ്മാതാക്കള്‍ സാധാരണയായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് പിന്തുടരുന്നത്. എന്നാല്‍ ഇവിടെ ട്രാന്‍സ്മിഷന് ഗിയറുകളുണ്ട്. ഗിയര്‍ബോക്‌സ് സഹിതം ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാനാണ് കാവസാക്കി ശ്രമിക്കുന്നതെന്ന് തോന്നുന്നു. അസിസ്റ്റഡ് കൂളിംഗ്, ഗിയര്‍ബോക്‌സ് എന്നിവ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

കാവസാക്കിയില്‍നിന്ന് ഇലക്ട്രിക് കണ്‍സെപ്റ്റ് പുറത്തുവരുന്നത് ഇതാദ്യമല്ല. 2014 ല്‍ ജെ-കണ്‍സെപ്റ്റുമായി ജാപ്പനീസ് ബ്രാന്‍ഡ് ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രസ്തുത പ്രോജെക്റ്റ് സംബന്ധിച്ച് വാര്‍ത്തകളൊന്നും ഉണ്ടായിരുന്നില്ല. പുതിയ പാറ്റന്റ് ചിത്രങ്ങളിലൂടെ കാവസാക്കി യഥാര്‍ത്ഥത്തില്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വരുംനാളുകളില്‍ മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ആഗോള വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുമ്പോള്‍ ജാപ്പനീസ് കമ്പനിക്ക് കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല.

Comments

comments

Categories: Auto