ജെറ്റ് എയര്‍വെയ്‌സിന് അടിയന്തിര വായ്പ; കൈത്താങ്ങായി എസ്ബിഐയും പിഎന്‍ബിയും

ജെറ്റ് എയര്‍വെയ്‌സിന് അടിയന്തിര വായ്പ; കൈത്താങ്ങായി എസ്ബിഐയും പിഎന്‍ബിയും

500 കോടി രൂപയുടെ വായ്പ അനുവദിക്കാനാണ് ബാങ്കുകള്‍ സമ്മതമറിയിച്ചത്

മുംബൈ: കിട്ടാക്കടവും നഷ്ടവും മൂലം പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സിന് അടിയന്തിര വായ്പാ സഹായം പ്രഖ്യാപിച്ച് പൊതുമേഖലാ ബാങ്കുകള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമാണ് ജെറ്റ് എയര്‍വെയ്‌സിന് 500 കോടി രൂപയുടെ അടിയന്തിര വായ്പ അനുവദിക്കുന്നതിന് സമ്മതമറിയിച്ചിട്ടുള്ളത്. കമ്പനിയുടെ വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിലെ മറ്റ് ബാങ്കുകള്‍ എതിര്‍പ്പുന്നയിച്ചില്ലെങ്കില്‍ എസ്ബിഐയും പിന്‍ബിയും വായ്പ നല്‍കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

8,000 കോടി രൂപയിലധികം വരുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ കടം പുനര്‍നിര്‍ണയിക്കുന്നതിനുള്ള മികച്ച മാര്‍ഗം ബാങ്കുകള്‍ തീരുമാനിക്കുന്നതുവരെ പ്രവര്‍ത്തനം തുടരുന്നതിന് കമ്പനിക്ക് ഈ വായ്പ സഹായകമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പിഎന്‍ബിയും മാത്രമാണ് ജെറ്റ് എയര്‍വെയ്‌സിന് വീണ്ടും വായ്പ നല്‍കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. മറ്റ് ബാങ്കുകളൊന്നും കൂടുതല്‍ വായ്പ നല്‍കാന്‍ തയാറല്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

പുതുതായി ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്കായിരിക്കും കടം വീണ്ടെടുക്കല്‍ നടപടികളില്‍ പ്രഥമ പരിഗണന ലഭിക്കുക. നിലവില്‍ 2,000 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് ജെറ്റ് എയര്‍വെയ്‌സ് എസ്ബിഐയില്‍ അടച്ചുതീര്‍ക്കാനുള്ളത്. കമ്പനിയുടെ ഏറ്റവും വലിയ വായ്പാ ദാതാവും എസ്ബിഐ ആണ്. അടിയന്തിര വായ്പയില്‍ കൂടുതല്‍ തുക നല്‍കുന്നതും എസ്ബിഐ ആയിരിക്കും. അതേസമയം, ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

ഈ മാസം ആദ്യം കിട്ടാക്കടം പരിഹരിക്കുന്നതിനുള്ള താല്‍ക്കാലിക പദ്ധതി എസ്ബിഐ മുന്നോട്ടുവെച്ചിരുന്നു. പദ്ധതിക്കുകീഴില്‍ ആര്‍ബിഐയുടെ വായ്പാ പുനര്‍നിര്‍ണയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കടത്തിന്റെ ഒരു ഭാഗം ബാങ്കുകള്‍ 114 മില്യണ്‍ ഓഹരികളിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ഒരു ഓഹരിക്ക് ഒരു രൂപ നിരക്ക് നിശ്ചയിച്ചായിരിക്കും കടം ഓഹരികളിലേക്ക് മാറ്റുന്നത്. ഇതിലൂടെ ബാങ്കുകള്‍ക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ 50.1 ശതമാനം വരുന്ന ഭൂരിപക്ഷ ഓഹരി നിയന്ത്രണം നേടാനാകും.

അതേസമയം, ഈ നീക്കത്തിന് ഇതുവരെ മറ്റ് വായ്പാ ദാതാക്കളില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ല. വായ്പാ പുനര്‍നിര്‍ണയ നിര്‍ദേശം ഉടന്‍ തീരുമാനിക്കാനും സാധ്യതയില്ല. നിലവില്‍ അടിയന്തിര വായ്പ ലഭ്യമാക്കുന്നത് മാത്രമാണ് ബാങ്കുകള്‍ ഗൗരവപരമായി പരിഗണിക്കുന്നത്. ഡിസംബറിലാണ് ജെറ്റ് എയര്‍വെയ്‌സ് വായ്പാ കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയത്. നിരവധി മാസങ്ങളായി ജീവനക്കാരുടെ ശമ്പളവും കമ്പനി മുടക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ വിതരണവും കമ്പനി മാറ്റിവെച്ചിട്ടുണ്ട്.

ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 588 കോടി രൂപയുടെ നഷ്ടമാണ് ജെറ്റ് എയര്‍വെയ്‌സ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 165 കോടി രൂപയുടെ ലാഭം നേടിയ സ്ഥാനത്താണിത്. തുടര്‍ച്ചയായി ജെറ്റ് എയര്‍വെയ്‌സ് നഷ്ടം കുറിക്കുന്ന നാലാമത്തെ പാദമാണിത്. കമ്പനിയുടെ മൊത്തം വരുമാനം വര്‍ധിച്ചെങ്കിലും പലിശയും നികുതിയും അടക്കമുള്ള ചെലവുകള്‍ക്ക് മുന്‍പുള്ള വരുമാനം മുന്‍ വര്‍ഷത്തെ 1,006.30 കോടി രൂപയില്‍ നിന്നും 54.33 ശതമാനം കുറഞ്ഞ് 459.50 കോടി രൂപയായി.

Comments

comments

Categories: FK News
Tags: Jet Airways