വിദേശ നഴ്‌സുമാര്‍ക്കുള്ള ഭാഷാ മാനദണ്ഡം ജപ്പാന്‍ ലഘൂകരിക്കുന്നു

വിദേശ നഴ്‌സുമാര്‍ക്കുള്ള ഭാഷാ മാനദണ്ഡം ജപ്പാന്‍ ലഘൂകരിക്കുന്നു

ടോക്ക്യോ: നഴ്‌സിംഗ് മേഖലയില്‍ കൂടുതല്‍ വിദേശ ജീവനക്കാരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍. വിദേശത്തു നിന്നെത്തുന്ന ട്രെയ്‌നികള്‍ക്ക് നിലവിലുള്ള ഭാഷാപരമായ മാനദണ്ഡം ലഘൂകരിക്കുന്നതിനാണ് ജപ്പാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 2017 മുതല്‍ തന്നെ വിദേശത്തു നിന്നുള്ള നഴ്‌സിംഗ് ട്രെയ്‌നികളെ ആശുപത്രികളില്‍ ജോലി ചെയ്യുന്നതിന് ജപ്പാന്‍ അനുവദിച്ചിരുന്നു.
മറ്റ് മേഖലകളില്‍ രാജ്യത്തെത്തുന്ന വിദേശ ട്രെയ്‌നികള്‍ക്കായി ജാപ്പനീസ് ഭാഷയിലുള്ള വൈദഗ്ധ്യം സംബന്ധിച്ചുള്ള മാനദണ്ഡങ്ങളേക്കാള്‍ കൂടുതല്‍ കടുത്ത നിബന്ധനകളാണ് നഴ്‌സിംഗ് ട്രെയ്‌നികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് രാജ്യത്തേക്കുള്ള വിദേശ നഴ്‌സുമാരുടെ വരവിനെ നിരുല്‍സാഹപ്പെടുത്തുന്നതാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ഇതില്‍ ഇളവുകള്‍ വരുത്തുന്നത്.

ജപ്പാനീസ് ഭാഷയിലെ കൃത്യത സംബന്ധിച്ച് നടത്തുന്ന പരീക്ഷയില്‍ എന്‍4 ഗ്രേഡ് നേടുന്നവരെയാണ് രാജ്യത്ത് നഴ്‌സായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് എന്‍3 ആയി ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ രാജ്യം വിടേണ്ടതായി വരും. ഈ വ്യവസ്ഥയിലാണ് ഇപ്പോള്‍ ഇളവ് നല്‍കുന്നത്. എന്‍3 ഗ്രേഡ് നേടുന്നതില്‍ പരാജയപ്പെട്ടാലും ഭാഷാ പഠനം തുടരുമെന്ന വ്യവസ്ഥയില്‍ 2 വര്‍ഷം കൂടി രാജ്യത്ത് തുടരാന്‍ അനുവദിക്കാനാണ് തീരുമാനം. മാര്‍ച്ചില്‍ പുതിയ സമ്പ്രദായം നിലവില്‍ വരും.

ജനസംഖ്യക്ക് പ്രായമേറുന്നതിന്റെ ഭാഗമായുള്ള ഗുരുതര പ്രശ്‌നങ്ങള്‍ ജപ്പാന്‍ നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം. ജനന നിരക്കുകളില്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഉണ്ടായ ഇടിവു മൂലം തൊഴില്‍ ശേഷിയിലെ യുവാക്കളുടെ എണ്ണം കുറയുകയാണ്. തൊഴിലെടുക്കേണ്ട ജനസംഖ്യ കുറയുകയും സംരക്ഷിക്കപ്പെടേണ്ട ജനസംഖ്യ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മറ്റ് തൊഴില്‍ മേഖലകളിലും കൂടുതലായി വിദേശ തൊഴിലാളികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ജപ്പാന്‍.

Comments

comments

Categories: FK News