അഗ്നിച്ചിറകുകള്‍ മുളച്ചു; ചന്ദ്രനിലേക്ക് ബഹിരാകാശ പേടകം വിക്ഷേപിച്ച് ഇസ്രയേലി യുവാക്കള്‍

അഗ്നിച്ചിറകുകള്‍ മുളച്ചു; ചന്ദ്രനിലേക്ക് ബഹിരാകാശ പേടകം വിക്ഷേപിച്ച് ഇസ്രയേലി യുവാക്കള്‍

സ്‌പേസ്എക്‌സ് റോക്കറ്റിലാണ് ബെറിഷീറ്റ് എന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്

ടെല്‍ അവീവ് : ബഹിരാകാശ മേഖലയില്‍ സ്വന്തം മേല്‍വിലാസമെഴുതി ഒരു സംഘം ഇസ്രയേലി യുവ എന്‍ജിനീയര്‍മാര്‍. ബെറിഷീറ്റ് എന്ന ബഹിരാകാശ പേടകമാണ് ഇപ്പോള്‍ ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുന്നത്. തുടക്കം എന്നാണ് ബെറിഷീറ്റ് എന്ന ഹീബ്രു വാക്കിന് അര്‍ത്ഥം. അതേ, ഭാവിയില്‍ കരഗതമാകുന്ന വമ്പന്‍ നേട്ടങ്ങള്‍ക്കുള്ള എളിയ, വലിയ തുടക്കമാണ് യുവാക്കള്‍ നടത്തിയിരിക്കുന്നത്. ദൗത്യം വിജയിച്ചാല്‍ സ്വകാര്യ ഫണ്ടിംഗ് നടത്തി ചന്ദ്രനിലേക്ക് വിക്ഷേപിച്ച ആദ്യ ലൂണാര്‍ പ്രോബ് ആയിരിക്കും ബെറിഷീറ്റ്. യുവാക്കള്‍ അഹോരാത്രം പ്രവര്‍ത്തിച്ചപ്പോള്‍ പ്രധാനമായി പണം മുടക്കിയതും പ്രചോദനമായി പാറ പോലെ ഉറച്ചുനിന്നതും സോഫ്റ്റ്‌വെയര്‍ സംരംഭകനായ മോറിസ് കാന്‍ എന്ന ഇസ്രയേലി ശതകോടീശ്വരനാണ്.

20 മില്യണ്‍ യുഎസ് ഡോളറിന്റെ ഗൂഗിള്‍ ലൂണാര്‍ എക്‌സ് പ്രൈസ് നേടുന്നതിനുവേണ്ടിയാണ് റോബോട്ടിക് മൂണ്‍ ലാന്‍ഡര്‍ നിര്‍മ്മിക്കാന്‍ യുവ എന്‍ജീയര്‍മാര്‍ തീരുമാനിച്ചത്. യുഎസ്, ചൈന, പഴയ സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് പൊതുഖജനാവിലെ പണമുപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ ബഹിരാകാശപേടകം സുരക്ഷിതമായി ഇറക്കിയിട്ടുള്ളത്. എന്നാല്‍ മോറിസ് കാന്‍ കട്ട സപ്പോര്‍ട്ടുമായി രംഗത്തെത്തിയതോടെ യുവാക്കളുടെ ആവേശം വാനോളമല്ല, ബഹിരാകാശത്തോളമായി. സ്വകാര്യ ഫണ്ടിംഗ് വഴി അമ്പിളി അമ്മാവന്റെ രഹസ്യങ്ങള്‍ കയ്യെത്തിപ്പിടിക്കാമെന്ന ആത്മവിശ്വാസം യുവാക്കളില്‍ പ്രകടമായി.

സംഗതി യാഥാര്‍ത്ഥ്യമാക്കാന്‍ കയ്യില്‍ പണമുണ്ടോയെന്നായിരുന്നു മോറിസ് കാന്റെ ഒന്നാമത്തെ ചോദ്യം. പണമോ അതെന്താ സാധനം എന്നായി യുവ പ്രതിഭകള്‍. നാളെ ഓഫീസിലേക്ക് വരൂ, ഞാന്‍ നിങ്ങള്‍ക്ക് ഒരു ലക്ഷം യുഎസ് ഡോളര്‍ തരാമെന്ന് മോറിസ് കാന്‍ പറഞ്ഞപ്പോള്‍ യുവാക്കളുടെ സ്വപ്‌നം പുതിയ പ്രവേഗം കൈവരിച്ചു. സ്‌പേസ്‌ഐഎല്‍ (ഐഎല്‍-ഇസ്രയേല്‍) എന്ന പേര് സ്വീകരിച്ച സംഘം പ്രൊജെക്റ്റിന് പത്ത് മില്യണ്‍ യുഎസ് ഡോളറില്‍ താഴെമതിയാകുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴവര്‍ ഏകദേശം നൂറ് മില്യണ്‍ ഡോളര്‍ ചെലവഴിച്ചുകഴിഞ്ഞു. ഇതില്‍ മോറിസ് കാന്റെ 40 മില്യണ്‍ ഡോളറും സുഹൃത്തുക്കളില്‍നിന്നും ബിസിനസ് പരിചയക്കാരില്‍നിന്നുമായി സമാഹരിച്ച ദശലക്ഷക്കണക്കിന് ഡോളര്‍ വേറെയും വരും.

കഴിഞ്ഞ ദിവസം വൈകീട്ട് സ്‌പേസ്എക്‌സ് റോക്കറ്റിലാണ് സ്‌പേസ്‌ഐഎലിന്റെ ബെറിഷീറ്റ് എന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്. മാസങ്ങള്‍ക്കുശേഷം ബെറിഷീറ്റ് ചന്ദ്രനില്‍ സാന്നിധ്യമറിയിക്കും. ലാന്‍ഡിംഗ് ആയിരിക്കും ഏറ്റവും സങ്കീര്‍ണ്ണമായ ഘട്ടം. ദൗത്യം വിജയിച്ചാല്‍ സ്വകാര്യ ഫണ്ടിംഗ് നടത്തി ചന്ദ്രനിലേക്ക് വിട്ട ആദ്യ ലൂണാര്‍ പ്രോബ് ആയിരിക്കും ബെറിഷീറ്റ്. അതേസമയം ഗൂഗിളിന്റെ സമ്മാനത്തുക കരസ്ഥമാക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല. 2018 ജനുവരിയില്‍ മല്‍സരം അവസാനിപ്പിച്ചിരുന്നു. പുതിയ ബഹിരാകാശ യാത്രാ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് സ്വകാര്യ സംരംഭങ്ങളെ പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മല്‍സരം സംഘടിപ്പിച്ചിരുന്നത്.

സ്‌പേസ്‌ഐഎല്‍ സംഘം ഇസ്രയേല്‍ സര്‍ക്കാരില്‍നിന്ന് രണ്ട് മില്യണ്‍ യുഎസ് ഡോളര്‍ സ്വീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍-ഇസ്രയേലി പരമ്പര സംരംഭകനും ടെലികോം കമ്പനികള്‍ക്ക് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ആംഡോക്‌സ് സഹസ്ഥാപകനുമാണ് മോറിസ് കാന്‍. ഫണ്ട് കണ്ടെത്താന്‍ അദ്ദേഹം യുവാക്കളെ വളരെയധികം സഹായിച്ചു. എക്‌സ് പ്രൈസ് മല്‍സരത്തിന്റെ സമയ പരിധി അവസാനിച്ചതോടെ സ്‌പേസ്‌ഐഎല്‍ ക്യാംപില്‍ ആവേശം കെട്ടടങ്ങിയിരുന്നു. പിന്നെയും വേണമായിരുന്നു 30 മില്യണ്‍ ഡോളറിന്റെ സഹായം. തുടര്‍ന്ന് കാസിനോ ബിസിനസ്സുകാരായ മിറിയം അഡെല്‍സണ്‍, ഭര്‍ത്താവ് ഷെല്‍ഡണ്‍ അഡെല്‍സണ്‍, യുഎസ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ നാന്‍സി, സ്റ്റീഫന്‍ ഗ്രാന്‍ഡ് തുടങ്ങിയവര്‍ സ്‌പേസ്‌ഐഎല്‍ സംഘത്തിനായി പണം മുടക്കാന്‍ തയ്യാറായി രംഗത്തുവന്നു.

Comments

comments

Categories: Auto