ഇടത്തരക്കാരുടെ ജീവിതത്തില്‍ ഇടക്കാല ബജറ്റിന്റെ പ്രഭാവം

ഇടത്തരക്കാരുടെ ജീവിതത്തില്‍ ഇടക്കാല ബജറ്റിന്റെ പ്രഭാവം

ആ മാസം ആദ്യം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. കര്‍ഷകരുടെ മുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ വരെ ക്ഷേമത്തിനുതകുന്ന നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടായി. തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ബജറ്റെന്ന വിമര്‍ശനങ്ങളെ അപ്രസക്തമാക്കുന്നതാണ് പ്രഖ്യാപനങ്ങളുടെ നട്ടെല്ലായി മാറിയ സുസ്ഥിര സാമ്പത്തിക സൂചകങ്ങളുടെ സാന്നിധ്യം. വാസ്തവത്തില്‍ നാലു വര്‍ഷത്തിനിടെ നടപ്പാക്കിയ ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ നേട്ടമാണ് ബജറ്റിലൂടെ സര്‍ക്കാര്‍ രാജ്യത്തിന് കൈമാറിയിരിക്കുന്നതെന്ന് നിരീക്ഷിക്കുകയാണ് ലേഖകന്‍. മധ്യവര്‍ഗ ജനതക്ക് ഉണ്ടായ വലിയ നേട്ടങ്ങളും അദ്ദേഹം എണ്ണിപ്പറയുന്നു.

ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍

ലോക്‌സഭ അടുത്തിടെ പാസ്സാക്കിയ 2019-20 ഇടക്കാല ബജറ്റില്‍ ശരാശരി പൗരന്റെ, പ്രത്യേകിച്ച് മധ്യവര്‍ഗ്ഗ ജനതയുടെ ജീവിതം ആയാസരഹിതമാക്കാന്‍ നിരവധി നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ എടുത്ത നടപടികളുടെ പരകോടിയാണെന്നിരിക്കെ, ഈ കാലയളവില്‍ ഒരു സാധാരണ ഇടത്തരം പൗരന്റെ ജീവിതം ഇവ എപ്രകാരം ആയാസരഹിതമാക്കിയെന്ന് നാം അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് പണപ്പെരുപ്പത്തിലുണ്ടായ ഗണ്യമായ കുറവും ചരക്ക് സേവന നികുതി നടപ്പാക്കിയതിനെ തുടര്‍ന്ന് നികുതി നിരക്കിലുണ്ടായ ആശ്വാസവും ഉപഭോക്താക്കളുടെ കരങ്ങള്‍ക്ക് കൂടുതല്‍ വാങ്ങല്‍ ശേഷി പകര്‍ന്നു.

സാധാരണ പൗരന്റെ മേലുള്ള ഏറ്റവും ദ്രോഹപരമായ നികുതിയെയാണ് പണപ്പെരുപ്പം പ്രതിനിധീകരിക്കുന്നത്. 2013-14 ല്‍ 10.1 ശതമാനമായിരുന്ന പണപ്പെരുപ്പം 2018 ഡിസംബര്‍ മാസമെത്തിയപ്പോഴേക്കും 2.2 ശതമാനത്തിലേക്ക് ഗണ്യമായി കുറഞ്ഞു. ഒരു ശരാശരി പൗരന് തന്റെ സമ്പാദ്യത്തിലെ ഒരു രൂപയില്‍ നിന്ന് ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ വാങ്ങാനുള്ള കഴിവിനെയാണ് പണപ്പെരുപ്പം ബാധിക്കുന്നതെന്ന് ഓര്‍ക്കണം. 2014 ല്‍ ഒരു കിലോഗ്രാം അരിക്ക് 50 രൂപ വിലയുണ്ടായിരിക്കുകയും പണപ്പെരുപ്പം കഴിഞ്ഞ അഞ്ച് വര്‍ഷവും ഇരട്ട അക്കത്തില്‍ തുടരുകയും ചെയ്തിരുന്നുവെങ്കില്‍, അതേ ഒരു കിലോഗ്രാം അരിയുടെ വില ഇന്ന് 80 രൂപയാകുമായിരുന്നു. അതിന് പകരം പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4.5 ശതമാനമായി നിലനിന്നതുമൂലം അരി വില ഇന്ന് കിലോയ്ക്ക് 62.50 രൂപയാണ്. അതിനാല്‍ ഒരു മാസം 5,000 രൂപ ചിലവിടാന്‍ കഴിവുള്ള ഒരു കുടുംബത്തിന് ഇന്ന് 80 കിലോഗ്രാം അരി വാങ്ങുവാന്‍ കഴിയും. അതേ സമയം, 2014 ലെ നിരക്കില്‍ പണപ്പെരുപ്പം തുടര്‍ന്നിരുന്നുവെങ്കില്‍ 62.50 കിലോഗ്രാം അരി മാത്രമേ വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. ഇപ്രകാരം കുറഞ്ഞ പണപ്പെരുപ്പ നിരക്ക് കുടുംബങ്ങളുടെ വാങ്ങല്‍ ശേഷി ഏകദേശം 28 ശതമാനം വര്‍ദ്ധിപ്പിച്ചു. ഒരു ശരാശരി കുടുംബം ഉപയോഗിക്കുന്ന വിവിധ വസ്തുക്കള്‍ മൊത്തത്തില്‍ എടുക്കുമ്പോള്‍ ഈ വര്‍ദ്ധിച്ച വാങ്ങല്‍ ശേഷി കുടുംബത്തിന്റെ ക്ഷേമം ഗണ്യമായി കൂട്ടുന്നെന്ന് കാണാനാകും. കാരണം കുടുംബ ബജറ്റിന്റെ സാമാന്യമായൊരു വിഹിതത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്.

രണ്ടാമതായി, പണപ്പെരുപ്പം സമ്പാദ്യത്തിന്റെ ശരിക്കുള്ള തോതിനെ ബാധിക്കുന്നു. 2014 വരെ പണപ്പെരുപ്പം ഇരട്ട അക്കത്തിലായിരുന്നപ്പോള്‍ മൈനസ് രണ്ട് (-2%) ശതമാനമായിരുന്നു പ്രതിവര്‍ഷ സമ്പാദ്യം. അതായത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം സ്ഥിര നിക്ഷേപത്തില്‍ ഇടുന്നത് ഒരു ശരാശരി പൗരന്റെ വാങ്ങല്‍ ശേഷിയെ കുറച്ചിരുന്നു. ഇതിന് വിപരീതമായി കഴിഞ്ഞ നാല് വര്‍ഷക്കാലത്ത് പണപ്പെരുപ്പം ഏകദേശം നാല് ശതമാനമായിരുന്നതിനാല്‍ സമ്പാദ്യത്തിന്റെ ശരാശരി നിരക്കും ഏകദേശം മൂന്ന് ശതമാനമായി ഉയര്‍ന്നു. അതായത്, ഏകദേശം അഞ്ച് ശതമാനത്തിന്റെ വര്‍ദ്ധന. 2014 ലെ അതേ നിരക്കില്‍ പണപ്പെരുപ്പം തുടര്‍ന്നിരുന്നുവെങ്കില്‍, തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നുള്ള വാങ്ങല്‍ ശേഷിയില്‍ ഇന്നത്തേതിനെക്കാള്‍ 25 ശതമാനത്തിന്റെ കുറവുണ്ടാകുമായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ തങ്ങളുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സ്ഥിര നിക്ഷേപം നടത്തി അതിന്റെ പലിശയെ ആശ്രയിക്കുന്നതിനാല്‍ സമ്പാദ്യത്തില്‍ നിന്നുള്ള വാങ്ങല്‍ ശേഷിയിലെ വര്‍ദ്ധന പെന്‍ഷന്‍കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുക.

പണപ്പെരുപ്പം രണ്ട് മുതല്‍ ആറ് ശതമാനത്തിനിടയ്ക്ക് പരിമിതപ്പെടുത്തണമെന്ന് റിസര്‍വ്വ് ബാങ്കിനെ നിയമം മൂലം നിര്‍ബന്ധിതമാക്കിയ ഘടനാപരമായ, ഒരു സുപ്രധാന മാറ്റത്തെ തുടര്‍ന്നാണ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞത്. പണപ്പെരുപ്പം കുറയ്ക്കുന്നതില്‍ കൈവരിച്ച നേട്ടം അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നതാണ്. കാരണം, കുറഞ്ഞ പണപ്പെരുപ്പം എന്നത് നമ്മുടെ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കടമെടുക്കുന്നതിലെ ചെലവ് കുറയ്ക്കുന്നതിനുള്ള ആദ്യത്തേതും നിര്‍ണ്ണായകവുമായ ചുവടുവെപ്പിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഭവന, വാഹന വായ്പകളുടെ കുറഞ്ഞ പലിശ നിരക്കുകളിലൂടെയും, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളിലൂടെയും കുറഞ്ഞ പണപ്പെരുപ്പത്തിന്റെ ഗുണഫലങ്ങള്‍ മധ്യവര്‍ഗ്ഗത്തിന് ഇതിനകം അനുഭവപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിച്ച എല്ലാ രാജ്യങ്ങളിലും കടമെടുക്കല്‍ ചെലവ് കുറയുന്നത് നിക്ഷേപത്തെ പരിപോഷിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.

തങ്ങള്‍ ഒടുക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ യഥാര്‍ത്ഥ നികുതി നിരക്കുകളും, നികുതി റിട്ടേണുകളുടെ ഫയല്‍ ചെയ്യലും, റീഫണ്ട് ലഭിക്കലും സുഗമമായാക്കിയതും, മധ്യവര്‍ഗ്ഗത്തിന് കിട്ടിയ മറ്റൊരു സുപ്രധാന നേട്ടമായി കാണാം. ചരക്കു സേവന നികുതിയുടെ പ്രഭാവം നോക്കുക. ചരക്കു സേവന നികുതി ഏര്‍പ്പെടുത്തുന്നതിന് മുന്‍പും പിന്‍പുമുള്ള വീട്ടുചെലവിന്റെ വിശകലനം നടത്തിയാല്‍ ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ്, വാഷിംഗ് പൗഡര്‍, പാദരക്ഷകള്‍ തുടങ്ങി നൂറോളം ഇനങ്ങളുടെ നികുതി നിരക്കുകള്‍ മറ്റു പലതിനും പുറമെ, കുറഞ്ഞതായി കാണാം. ഈ ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു കുടുംബം 8,400 രൂപ പ്രതിമാസം ചെലവിടുന്നെന്നു കരുതിയാല്‍, ജിഎസ്ടി പ്രകാരം നല്‍കേണ്ട നികുതി, നിര്‍ത്തലാക്കിയ നികുതികളെക്കാള്‍ 320 രൂപ കുറവാണെന്നു കാണാം.

ഉല്‍പ്പങ്ങള്‍ക്ക് മുകളില്‍ അച്ചടിച്ചിട്ടുള്ള ജിഎസ്ടി നിരക്ക് മാത്രമാണ് ഉപഭോക്താക്കള്‍ സാധാരണയായി ശ്രദ്ധിക്കാറുള്ളത്. എന്നിട്ട് നികുതി നിരക്ക് കൂടിയതായി കരുതുകയും ചെയ്യും. എന്നാല്‍ വര്‍ദ്ധിച്ച മൂല്യത്തിന് മാത്രമാണ് ജിഎസ്ടി ഒടുക്കേണ്ടത്. അതിനാല്‍ ജിഎസ്ടി നിരക്ക് മാത്രമല്ല, ജിഎസ്ടിക്ക് കീഴില്‍ കൊടുക്കേണ്ടുന്ന നികുതിയും ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം.

നികുതി നിരക്കിലുണ്ടായ ഫലപ്രദമായ വെട്ടിക്കുറക്കലിന് പുറമെ, ഓണ്‍ലൈനായി റിട്ടേണുകള്‍ ഫയല്‍ ചെയ്യാമെന്നതും വേഗത്തില്‍ റീഫണ്ട് ലഭ്യമാകുമെന്നതും മധ്യവര്‍ഗ്ഗക്കാര്‍ക്ക് നികുതി ഫയലിംഗ് സുഗമമാക്കിത്തീര്‍ത്തു. യഥാര്‍ത്ഥത്തില്‍, ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചതു പോലെ 99.54 ശതമാനം റിേട്ടണുകള്‍ക്കും ഒരു തരത്തിലുമുള്ള മനുഷ്യ ഇടപെടലിന്റെ ആവശ്യമില്ല. മനുഷ്യ ഇടപെടലുകള്‍ ഉണ്ടായ 0.46 ശതമാനം റിട്ടേണുകളില്‍ സത്യസന്ധരായ മധ്യവര്‍ഗ്ഗക്കാരായ നികുതിദായകരുടേത് ഉണ്ടാകില്ലെന്നിരിക്കെ സാധാരണ പൗരന് നികുതി ഒടുക്കല്‍ വളരെ എളുപ്പമുള്ളതായി മാറിയിട്ടുണ്ട്. ഫലത്തില്‍ ഈ മാറ്റങ്ങള്‍, സുഗമമാക്കലിന്റെ അടുത്ത തലത്തിന് കളമൊരുക്കുകയാണ് ചെയ്തിട്ടുള്ളത്. ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞതുപോലെ, 24 മണിക്കൂറിനുള്ളില്‍ റിട്ടേണുകള്‍ വിശകലനം ചെയ്ത് റീഫണ്ട് പ്രോസസ്സ് ചെയ്യും.

മൊത്തത്തില്‍ നോക്കിയാല്‍ മധ്യവര്‍ഗ്ഗക്കാര്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ച നേട്ടങ്ങളുടെ ബാഹുല്യം കഴിഞ്ഞ അഞ്ച് വര്‍ഷമായി പടുത്തുയര്‍ത്തിയ ഒരു ഘടനയ്ക്ക് മകുടം ചാര്‍ത്തലായിരുന്നു.

(കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് ലേഖകന്‍)

Categories: FK Special, Slider