ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്കിംഗില്‍ മുന്നേറ്റം

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്കിംഗില്‍ മുന്നേറ്റം

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളെ റാങ്ക് ചെയ്യുന്ന സൂചികയില്‍ 67-ാം സ്ഥാനത്താണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളെ റാങ്ക് ചെയ്യുന്ന ആഗോള സൂചികയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് മുന്നേറ്റം. രാജ്യത്തെ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സൂചികയില്‍ മുന്നേറ്റം കുറിച്ചിരിക്കുന്നത്.

വിസാ സ്‌കോറിന്റെയും യുഎന്‍ഡിപി മാനവ വികസന സൂചികയിലെ റാങ്കിംഗിന്റെയും അടിസ്ഥാനത്തില്‍ 199 രാജ്യങ്ങളെയാണ് ആഗോള പാസ്‌പോര്‍ട്ട് സൂചികയില്‍ റാങ്ക് ചെയ്തിട്ടുള്ളത്. ഈ വര്‍ഷത്തെ സൂചികയില്‍ 67-ാം സ്ഥാനത്താണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിലയുറപ്പിച്ചിട്ടുള്ളത്. മുന്‍ വര്‍ഷത്തെ റാങ്കിംഗില്‍ 68-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സൂചികയില്‍ ശക്തമായ മുന്നേറ്റമാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനുണ്ടായിട്ടുള്ളത്. 2015ല്‍ 77-ാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റാങ്ക് ചെയ്യപ്പെട്ടത്.

നിലവില്‍ 25 രാജ്യങ്ങളിലാണ് വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശിക്കാന്‍ കഴിയുക. 39 രാജ്യങ്ങള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് സന്ദര്‍ശന സമയത്ത് വിസ അനുവദിക്കുന്നുണ്ട്. അതായത് മൊത്തം 64 രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയും. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുള്ള ശ്രമങ്ങളാണ് മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ സ്വീകാര്യത വര്‍ധിക്കാന്‍ കാരണം. നിലവില്‍ 166 രാജ്യങ്ങള്‍ക്കാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ഇ-ടൂറിസ്റ്റ് വിസ നല്‍കുന്നത്. 2014ല്‍ 46 രാജ്യങ്ങള്‍ക്കാണ് ഇന്ത്യ ഇ-ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നത്.

ആഗോള പാസ്‌പോര്‍ട്ട് സൂചികയില്‍ ഇസ്രയേല്‍, ദക്ഷിണകൊറിയ, സിംഗപ്പൂര്‍, യുഎഇ എന്നിവയാണ് ഇന്ത്യക്ക് മുന്നിലുളള രാജ്യങ്ങള്‍. യുഎഇ പാസ്‌പോര്‍ട്ട് ആണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്. 167 രാജ്യങ്ങളില്‍ ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് തടസങ്ങളില്ലാതെ സഞ്ചരിക്കാം. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ജര്‍മ്മനിയാണ്. സിംഗപ്പൂരിലെയും ദക്ഷിണകൊറയയിലെയും പൗരന്മാര്‍ക്ക് 165 രാജ്യങ്ങളാണ് സൗജന്യ വിസാ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇസ്രയേലി പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 146 രാജ്യങ്ങളില്‍ വിസയില്ലാതെ സന്ദര്‍ശിക്കാം.

Comments

comments

Categories: FK News