ജിഎസ്ടി കൗണ്‍സില്‍ നാളെ വീണ്ടും യോഗം ചേരും

ജിഎസ്ടി കൗണ്‍സില്‍ നാളെ വീണ്ടും യോഗം ചേരും

റിലയല്‍റ്റി മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും

ന്യൂഡെല്‍ഹി: റിയല്‍ എസ്‌റ്റേറ്റ്, ലോട്ടറി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജിഎസ്ടി കൗണ്‍സില്‍ നാളെ വീണ്ടും യോഗം ചേരും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം നടത്തുന്നതിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സംഘടിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ലോട്ടറി, റിയല്‍റ്റി വിഷയങ്ങളില്‍ തീരുമാനമെടുക്കാനാകാതെ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം അലസിപിരിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് അംഗങ്ങള്‍ക്ക് നേരിട്ടാന്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കികൊണ്ട് ജിഎസ്ടി കൗണ്‍സില്‍ നാളെ വീണ്ടും യോഗം ചേരുന്നത്.

റിയല്‍റ്റി, ലോട്ടറി നിരുക്കുകളില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത് കേരളവും പഞ്ചാബും ഡെല്‍ഹിയുമാണ്. ഇത്തരം പ്രധാന വിഷയങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തീരുമാനമെടുക്കുന്നതിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ആണ്. യോഗത്തിലേക്ക് കടന്നപ്പോള്‍ പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ബംഗാള്‍, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും പുതുച്ചേരിയും കേരളത്തിനൊപ്പം നിന്നു. ഇതോടെ അജന്‍ഡ വിഷയങ്ങൡ തീരുമാനമെടുക്കാനാകാതെ യോഗം പിരിയുകയായിരുന്നു.

റിലയല്‍റ്റി മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി സിമന്റിന്റെ ജിഎസ്ടി നിരക്ക് നിലവിലുള്ള 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ചുരുക്കുന്ന കാര്യവും നാളെ നടക്കുന്ന യോഗത്തില്‍ കൗണ്‍സില്‍ പരിഗണിച്ചേക്കും. നിര്‍മാണത്തിലുള്ള ഭാവന പദ്ധതികളുടെ നികുതി കുറയ്ക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് വിശദമായ ചര്‍ച്ച വേണമെന്നാണ് ചില സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ നിരക്ക് നിലവിലുള്ള 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായി കുറയ്ക്കണമെന്നാണ് ഗുജറാത്ത് ഉപമുഖ്യന്ത്രി നിതിന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘത്തിന്റെ നിര്‍ദേശം. ചെലവ് കുറഞ്ഞ ഭവന പദ്ധതികളുടെ നികുതി നിരക്ക് എട്ട് ശതമാനത്തില്‍ നിന്നും മൂന്ന് ശതമാനമായി കുറയ്ക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും നാളെ നടക്കുന്ന യോഗത്തില്‍ കൗണ്‍സില്‍ പരിഗണിച്ചേക്കും.

ലോട്ടറിക്ക് ഏകീകൃത നിരക്ക് നിശ്ചയിക്കുന്നതിനെ അനുകൂലിച്ചുള്ളതാണ് മന്ത്രിതല സമിതിയുടെ നിര്‍ദേശം. ലോട്ടറിക്ക് 18 ശതമാനം അല്ലെങ്കില്‍ 28 ശതമാനം എന്ന നിരക്കില്‍ ഏകീകൃത ജിഎസ്ടി നിശ്ചയിക്കണമെന്നാണ് മന്ത്രിതല സമിതി പറയുന്നത്. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള ലോട്ടറിക്ക് 12 ശതമാനവും സംസ്ഥാനങ്ങള്‍ അംഗീകാരം നല്‍കിയിട്ടുള്ള ലോട്ടറിക്ക് 28 ശതമാനവുമാണ് ജിഎസ്ടി.

Comments

comments

Categories: Business & Economy