സര്‍ക്കാര്‍ പരിഷ്‌കരണങ്ങള്‍ ജിഡിപി വളര്‍ച്ചയ്ക്ക് വേഗം കൂട്ടി: നിതി ആയോഗ്

സര്‍ക്കാര്‍ പരിഷ്‌കരണങ്ങള്‍ ജിഡിപി വളര്‍ച്ചയ്ക്ക് വേഗം കൂട്ടി: നിതി ആയോഗ്

നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം വളര്‍ച്ച നേടും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങള്‍ ഇന്ത്യയെ അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാക്കി മാറ്റിയെന്ന് നിതി ആയോഗ്. രാജ്യത്തെ ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും എഫ്ഡിഐ ഉദാരമാക്കിയതും അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയതും സ്ഥിരതയുള്ളതും ഉറച്ചതുമായ നിയമ പരിസ്ഥിതിയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം പകര്‍ന്നിട്ടുണ്ടെന്നാണ് നിതി ആയോഗിന്റെ വീക്ഷണം. രാജ്യത്തിന്റെ ബൃഹത് സാമ്പത്തിക സ്ഥിരതയ്ക്ക് സര്‍ക്കാരിന്റെ വിവിധ പരിഷ്‌കരണങ്ങള്‍ കാരണമായെന്നും നിതി ആയോഗ് പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായ വര്‍ധന ഉണ്ടായിട്ടുണ്ട്. മറ്റ് വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ ശരാശരി വളര്‍ച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച ഉയര്‍ന്ന തലത്തിലാണ്. 2010 മുതല്‍ 2013 വരെയുള്ള കാലയളവില്‍ രാജ്യത്തെ സാമ്പത്തിക പ്രകടനം വളരെ മോശം തലത്തിലേക്ക് പോയിരുന്നു. 2014-2018 കാലയളവില്‍ രാജ്യം വളര്‍ച്ചാ ട്രാക്കിലേക്ക് തിരികെയെത്തിയതായും നിതി ആയോഗ് ചൂണ്ടിക്കാട്ടി.

നിലവില്‍ രാജ്യം അതിന്റെ ഏറ്റവും മികച്ച സാമ്പത്തിക വളര്‍ച്ചാ ഘട്ടത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യയുടെ ഭാവി വളര്‍ച്ച സംബന്ധിച്ചും ശുഭ പ്രതീക്ഷയാണ് നിതി ആയോഗിനുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം (2018-2019) രാജ്യം 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് നിതി ആയോഗിന്റെ നിരീക്ഷണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച യഥാക്രമം എട്ട് ശതമാനം, 8.2 ശതമാനം, 7.2 ശതമാനം എന്നിങ്ങനെ ആയിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ച 3.7 ശതമാനമായിരിക്കുമെന്നാണ് നിതി ആയോഗ് പറയുന്നത്. ബ്രസീല്‍, ചൈന, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, ഫിലിപ്പീന്‍സ്, റഷ്യ, തുര്‍ക്കി എന്നീ ഏഴ് വികസ്വര രാജ്യങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച 3.5 ശതമാനമായിരിക്കുമെന്നാണ് നിതി ആയോഗിന്റെ പ്രവചനം. വളര്‍ച്ചയില്‍ ഇന്ത്യക്കടുത്ത് നില്‍ക്കുന്നത് ചൈനയാണ്. നടപ്പു സാമ്പത്തിക വര്‍ഷം ചൈന 6.6 ശതമാനം വളര്‍ച്ച നേടിയേക്കും.

Comments

comments

Categories: FK News
Tags: GDP growth