മടക്കാവുന്ന ഫോണ്‍: സാംസങിന്റെ വജ്രായുധമോ അതോ ജാലവിദ്യയോ?

മടക്കാവുന്ന ഫോണ്‍: സാംസങിന്റെ വജ്രായുധമോ അതോ ജാലവിദ്യയോ?

2007-ല്‍ ആപ്പിള്‍ ഐ ഫോണുമായി വിപണിയിലെത്തിയതു പോലെയാണു സാംസങ് ഈ 20നു ഫോള്‍ഡബിള്‍ ഫോണുമായി എത്തിയിരിക്കുന്നതെന്നാണു നിരീക്ഷകര്‍ പൊതുവേ വിശേഷിപ്പിക്കുന്നത്. മൊബൈല്‍ ഫോണില്‍നിന്നും സ്മാര്‍ട്ട്‌ഫോണിലേക്ക് നമ്മളെ ആപ്പിള്‍ പരിവര്‍ത്തനപ്പെടുത്തിയതു പോലെ ഫോള്‍ഡബിള്‍ ഫോണിലൂടെ നമ്മളെ പരിവര്‍ത്തനപ്പെടുത്തുമെന്നാണ് സാംസങിന്റെ അവകാശവാദം. സ്മാര്‍ട്ട് ഫോണിനെ ഒരു ടാബ്‌ലെറ്റായി പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കുമെന്നതാണ് ഫോള്‍ഡബിള്‍ ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഈ മാസം 20ന് നടന്ന ചടങ്ങില്‍ വച്ചു ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമനായ സാംസങ് ഗെയിം ചേഞ്ചറെന്നു (game-changer) വിശേഷിപ്പിക്കുന്ന ഗ്യാലക്‌സി ഫോള്‍ഡ് എന്ന മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുകയുണ്ടായി. ഇപ്പോള്‍ പ്രചാരത്തിലുള്ള സ്മാര്‍ട്ട് ഫോണിനെ മാറ്റത്തിനു വിധേയമാക്കാന്‍ പോകുന്നതായിരിക്കും ഗ്യാലക്‌സി ഫോള്‍ഡ് എന്നും സാംസങ് അവകാശപ്പെടുന്നു. 2007 ആപ്പിള്‍ ആദ്യ ഐ ഫോണ്‍ പുറത്തിറക്കിയതിനു ശേഷം മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് ഫോണിലേക്കു പരിവര്‍ത്തനപ്പെട്ടതു പോലുള്ള ഒരു മാറ്റമായിരിക്കും ഗ്യാലക്‌സി ഫോള്‍ഡിലൂടെ സംഭവിക്കുകയെന്നു സാംസങ് പറയുന്നു. 2007നു മുന്‍പ് കോള്‍ ചെയ്യാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു ഫോണ്‍. എന്നാല്‍ ഐ ഫോണ്‍ പുറത്തിറങ്ങിയതോടെ ഫോണ്‍ എന്നാല്‍ കോള്‍ ചെയ്യാന്‍ മാത്രമല്ല, ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഒരു ഉപകരണമെന്ന നിലയിലേക്കു മാറി. ഗ്യാലക്‌സി ഫോള്‍ഡിലൂടെ സ്മാര്‍ട്ട് ഫോണിനെ ഒരു ടാബ്‌ലെറ്റായി പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. പക്ഷേ, ഗ്യാലക്‌സി ഫോള്‍ഡിന്റെ ഉയര്‍ന്ന വില, വിപണിയെ സ്വാധീനിക്കുന്നതില്‍ തടസം തന്നെയായിരിക്കുമെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. 1,980 ഡോളറാണു ഗ്യാലക്‌സി ഫോള്‍ഡിന്റെ വില.

2007 ജനുവരിയില്‍ ആപ്പിള്‍ ഐ ഫോണ്‍ ലോഞ്ച് ചെയ്യുമ്പോള്‍ വില 399 ഡോളറായിരുന്നു. അന്നു വിപണിയില്‍ ലഭ്യമായിരുന്ന മുന്തിയ ഇനം ഫോണുകളുടെ വിലയേക്കാള്‍ കൂടുതലായിരുന്നു ഐ ഫോണിന്റെ വില. ഇപ്പോള്‍ സാംസങ് നൂതനമായൊരു ഉത്പന്നവുമായെത്തുന്നതും ഇതു പോലെ ഉയര്‍ന്ന വിലയുമായിട്ടാണ്. പക്ഷേ സാംസങ് സമീപ മാസങ്ങളില്‍ തന്നെ ഫോള്‍ഡബിള്‍ ഫോണിന്റെ വില കുറയ്ക്കുമെന്നാണു വിപണി നിരീക്ഷകര്‍ പറയുന്നത്. കാരണം വരും മാസങ്ങളില്‍ വാവേയ്, ഷവോമി എന്നീ കമ്പനികള്‍ ഫോള്‍ഡബിള്‍ ഫോണുമായി വിപണിയിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.

അഞ്ച് വര്‍ഷങ്ങളായി മടക്കാവുന്ന ഫോണിനു വേണ്ടിയുള്ള ശ്രമങ്ങള്‍ സാംസങ് നടത്തിവരികയായിരുന്നു. ആരാധകരാകട്ടെ ഫോള്‍ഡബിള്‍ ഫോണിനു വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചിട്ടു നിരവധി നാളുകളുമായി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫോള്‍ഡബിള്‍ ഫോണിനു വേണ്ടിയുള്ള ഇന്‍ഫിനിറ്റി ഫ്‌ളെക്‌സ് സ്‌ക്രീന്‍ സാംസങ് അവതരിപ്പിച്ചിരുന്നു. പിന്നീട് ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ സോഫ്റ്റ്‌വെയര്‍ ഫോള്‍ഡിംഗ് ഡിസ്‌പ്ലേയെ സപ്പോര്‍ട്ട് ചെയ്യുമെന്നും അറിയിക്കുകയുണ്ടായി. ഒടുവില്‍ ഈ വര്‍ഷം ഫെബ്രുവരി 20നാണു ഫോണ്‍ വിപണിയിലിറങ്ങിയത്. ഈ ഫോണിന് ആകെ ആറ് ക്യാമറകളുണ്ട്. പുറകില്‍ മൂന്ന്, മുകളില്‍ ഒന്ന്, ഉള്‍വശത്ത് രണ്ട് എന്നിങ്ങനെയാണു ക്യാമറ സ്ഥിതി ചെയ്യുന്നത്. ഫോണ്‍ മടക്കുമ്പോള്‍ 4.6 ഇഞ്ച് വലിപ്പവും തുറക്കുമ്പോള്‍ 7.3 ഇഞ്ച് വലിപ്പവുമാണുള്ളത്. ആന്‍ഡ്രോയ്ഡ് 9.0 ലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലാക്ക്, സില്‍വര്‍, ഗ്രീന്‍, ബ്ലൂ എന്നീ നാല് നിറങ്ങളിലാണുള്ളത്. ഏപ്രില്‍ 26 മുതല്‍ വിപണിയില്‍ ലഭ്യമായിരിക്കും.

ആഗോളതലത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി ചുരുങ്ങുമ്പോള്‍, ഏറ്റവും ചെലവേറിയ ഫോണുമായിട്ടാണു സാംസങ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതിലൂടെ ലോകത്തിനു മുന്നില്‍ ടെക്‌നോളജിയിലുള്ള തങ്ങളുടെ മികവ് പ്രദര്‍ശിപ്പിക്കുകയെന്ന ലക്ഷ്യവും സാംസങിനുണ്ട്. അതോടൊപ്പം ഉപഭോക്താക്കള്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് ശീലമാക്കാനും സാംസങ് ആഗ്രഹിക്കുന്നുണ്ട്. 2007-ല്‍ ഐ ഫോണിലൂടെ ആപ്പിള്‍ അവതരിപ്പിച്ചതു പോലൊരു നവീനത അഥവാ ഇന്നൊവേഷന്‍ ഇപ്പോള്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണിലൂടെ കൊണ്ടു വരാന്‍ സാംസങിനു സാധിച്ചിട്ടുണ്ടെങ്കിലും ഇത് ഒരിക്കലും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ സഹായിക്കില്ലെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സാംസങിനേക്കാളും, ആപ്പിളിനേക്കാളും ഇപ്പോള്‍ ചൈനീസ് കമ്പനികള്‍ക്കാണു ആഗോളതലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സ്വാധീനമുള്ളത്. ഏറ്റവും പുതിയതും മികച്ചതുമായ സവിശേഷതകളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ കുറഞ്ഞ വിലയില്‍ ചൈനീസ് കമ്പനികളായ വാവേയും, ഒപ്പോയും, വിവോയും, ഷവോമിയും ലഭ്യമാക്കുന്നുണ്ടെന്നതാണ് അതിനുള്ള ഒരു കാരണം. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ കണക്ക്പ്രകാരം, സാംസങിന്റെ കഴിഞ്ഞ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണിന്റെ ഷിപ്പ്‌മെന്റില്‍ (ചരക്ക് കയറ്റി അയയ്ക്കല്‍) എട്ട് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വിപണി വിഹിതത്തിന്റെ കാര്യത്തില്‍ സാംസങ് മുന്‍നിരയില്‍ തന്നെ നില കൊള്ളുകയും ചെയ്തു എന്നത് അല്‍പം ആശ്വാസവുമായി.
ഗെയിം കളിക്കാനും, പുസ്തകം വായിക്കാനും അതു പോലെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കുമായി വിശാലമായ ബിഗ് സ്‌ക്രീനുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ ഫോള്‍ഡബിള്‍ ഫോണ്‍ ഇഷ്ടപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. മാത്രമല്ല, ഇപ്പോള്‍ സാംസങ് പുറത്തിറക്കിയിരിക്കുന്ന ഈ ഫോള്‍ഡബിള്‍ ഫോണ്‍ ഒരേ സമയം മൂന്ന് ആപ്പുകളെ സപ്പോര്‍ട്ട് ചെയ്യും അഥവാ ഫോണില്‍ മൂന്ന് ആപ്പുകളെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. വലിയ സ്‌ക്രീനുകളുള്ള സ്മാര്‍ട്ട്‌ഫോണുകളോടു പൊതുവേ ആളുകള്‍ക്കു താത്പര്യമുണ്ടെന്നു ഗ്യാലക്‌സി നോട്ടിന്റെ വിജയത്തോടെ സാംസങ് തെളിയിച്ചിട്ടുള്ളതുമാണ്.

സാഹസിക ഉദ്യമം

മടക്കാവുന്ന ഫോണ്‍ അവതരിപ്പിച്ചതിലൂടെ സാംസങ് സാഹസികമായൊരു ഉദ്യമത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ലോകത്തിനെ സംബന്ധിച്ചു സാംസങിന്റെ നീക്കത്തെ ധീരമെന്നാണു വിശേഷിപ്പിക്കുന്നത്. കാരണം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങിന്റെ ലാഭം ഏറ്റവും താഴ്ന്ന മാര്‍ജിനിലെത്തിയ സമയത്താണ് അവര്‍ ഏറ്റവും ചെലവേറിയ, നവീനമായൊരു ഉത്പന്നവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ ഫോണ്‍ വിജയിക്കുകയാണെങ്കില്‍ അത് സ്മാര്‍ട്ട് ഫോണ്‍ വ്യവസായത്തില്‍ ഒരു പുതുയുഗത്തിനു തന്നെയായിരിക്കും തുടക്കമിടുന്നത്. മാത്രമല്ല, പുതിയ ഡിസൈന്‍ ട്രെന്‍ഡ് എന്നു വിശേഷിപ്പിക്കുന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണിനെ വിപണി ഏറ്റെടുക്കുകയാണെങ്കില്‍ നിരവധി ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ സമീപ ഭാവിയില്‍ തന്നെ ഈ ട്രെന്‍ഡ് പിന്തുടരുന്ന കാഴ്ചയും നമ്മള്‍ക്കു കാണുവാന്‍ സാധിക്കും. സ്മാര്‍ട്ട്‌ഫോണില്‍നിന്നും ടാബ്‌ലെറ്റിലേക്കു മാറാന്‍ സഹായിക്കുന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആശയപരമായി നല്ലതായി തോന്നുന്നുണ്ടെങ്കിലും അത് പ്രയോഗത്തില്‍ ഗുണകരമാണെന്ന് ഉപഭോക്താവിന് അനുഭവപ്പെടണം. എങ്കില്‍ മാത്രമായിരിക്കും ഈ പരീക്ഷണം ‘ഗെയിം ചെയ്ഞ്ചറ’ായി മാറുക.

Categories: Slider, Tech