ഫേസ്ബുക്ക്, വാട്ട്‌സാപ്പ് ഉന്നതര്‍ക്കും പാര്‍ലമെന്ററി സമിതിയുടെ നോട്ടിസ്

ഫേസ്ബുക്ക്, വാട്ട്‌സാപ്പ് ഉന്നതര്‍ക്കും പാര്‍ലമെന്ററി സമിതിയുടെ നോട്ടിസ്

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകള്‍ തടയുന്നത് സംബന്ധിച്ച് അഭിപ്രായം ആരായും

ന്യൂഡെല്‍ഹി: ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ ഉന്നത നേതൃത്വത്തോട് മാര്‍ച്ച് 6ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ഐടിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരം സമിതി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്‌ഫോമുകളിലും പൗരന്‍മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതു സംബന്ധിച്ച് അഭിപ്രായങ്ങളും വാദഗതികളും അറിയിക്കുന്നതിനായി സിഇഒയോ ആഗോള ടീമിലെ ഉന്നത വ്യക്തിത്വമോ ഹാജരാകണമെന്നാണ് സമിതി നോട്ടിസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തേ മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററിന് ഇത്തരത്തില്‍ നോട്ടിസ് നല്‍കിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയുന്നു. ട്വിറ്ററിന്റെ പ്രാദേശിക നേതൃത്വവുമായി കൂട്ടിക്കാഴ്ചയ്ക്ക് വിസമ്മതിച്ച സമിതി സിഇഒ ജാക്ക് ഡോര്‍സെയോ ആഗോള തലത്തിലെ ഏതെങ്കിലും സീനിയല്‍ എക്‌സിക്യൂട്ടിവോ കാണണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. സിഇഒ യെ ഇന്ത്യയില്‍ എത്തിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ട്വിറ്റര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് കൂടിക്കാഴ്ച 15 ദിവസം നീട്ടിവെക്കാമെന്ന് ഫെബ്രുവരി 11ന് സമിതി തീരുമാനിച്ചു. മറ്റ് സോഷ്യല്‍ മീഡിയ വമ്പന്‍മാരുമായും കൂടിക്കാഴ്ച നടത്തുമെന്നും സമിതി അറിയിച്ചിരുന്നു.

നിലവില്‍ ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥയിലുള്ള പ്ലാറ്റ്‌ഫോമുകളാണ് വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും. ഈ കമ്പനികളുടെ ഉന്നത നേതൃത്വവുമായി മാര്‍ച്ച് 6ന് നടത്തുന്ന കൂടിക്കാഴ്ച സ്ഥിരം സമിതി ചെയര്‍മാന്‍ അനുരാഗ് താക്കൂര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും വാട്ട്‌സാപ്പ് പോലുള്ള മെസേജിംഗ് ആപ്ലിക്കേഷനുകളിലൂടെയും വന്‍ തോതില്‍ വ്യാജ വാര്‍ത്തകളും വിവരങ്ങളും പരക്കുന്നത് സമൂഹത്തില്‍ അസ്വസ്ഥത വിതയ്ക്കുന്നു എന്ന ആശങ്ക കുറച്ചുകാലമായി ഉയര്‍ന്നുവരുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പരന്നത് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്കും നയിച്ചു.

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ വിവിധ തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ തടയുന്നതിന് സാങ്കേതിക സജ്ജീകരണങ്ങള്‍ നടപ്പാക്കുമെന്ന് ഫേസ്ബുക്കും ട്വിറ്ററും അറിയിച്ചിട്ടുണ്ട്. അടുത്തിടെ ട്വിറ്റര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് നിരവധി വ്യാജ എക്കൗണ്ടുകള്‍ നീക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവരുടെ ഫോളോവേര്‍സ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ലക്ഷ കണക്കിന് എക്കൗണ്ടുകള്‍ വ്യാജമായിരുന്നു എന്നാണ് ട്വിറ്റര്‍ കണ്ടെത്തിയത്. ഒരു സന്ദേശത്തിന്റെ പശ്ചാത്തലവും തെറ്റായി അവതരിപ്പിക്കുന്നതും കൂടി കണക്കിലെടുത്ത് വിപുലമായി വ്യാജവാര്‍ത്തകളെ തടയാനാണ് പദ്ധതിയെന്ന് നേരത്തേ ഇന്ത്യ സന്ദര്‍ശനത്തിനിടെ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെ പറഞ്ഞിരുന്നു.

Comments

comments

Categories: FK News