ചൈനീസ് വാഹന വിപണിക്ക് തളര്‍ച്ച; ഇന്ത്യയിലേക്ക് കണ്ണുനട്ട് കാര്‍ നിര്‍മ്മാതാക്കള്‍

ചൈനീസ് വാഹന വിപണിക്ക് തളര്‍ച്ച; ഇന്ത്യയിലേക്ക് കണ്ണുനട്ട് കാര്‍ നിര്‍മ്മാതാക്കള്‍

കാര്‍ നിര്‍മ്മാതാക്കളുടെ അടുത്ത ചൈനയാകാന്‍ ഇന്ത്യയ്ക്ക് കഴിയുമോ ?

ന്യൂഡെല്‍ഹി : കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയാണ് ചൈന. 2017 ല്‍ 28 മില്യണിലധികം കാറുകളാണ് ചൈനയില്‍ വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വാഹന വില്‍പ്പന 5.8 ശതമാനം ഇടിഞ്ഞു. വില്‍പ്പന 22.4 മില്യണ്‍ യൂണിറ്റ് എന്ന നിലയിലേക്ക് കുറഞ്ഞതായി ചൈന പാസഞ്ചര്‍ കാര്‍ അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് വാര്‍ഷിക വാഹന വില്‍പ്പനയില്‍ ഇടിവ് സംഭവിക്കുന്നത്. ഈ വര്‍ഷവും ഇടിവ് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ജനുവരിയില്‍ വില്‍പ്പന 15.8 ശതമാനമാണ് ഇടിഞ്ഞത്. അസോസിയേഷന്‍ ഓഫ് ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് 2.37 മില്യണ്‍ യൂണിറ്റ് വില്‍പ്പന കുറഞ്ഞു.

ദുര്‍ബലമാകുന്ന ചൈനീസ് സമ്പദ്‌വ്യവസ്ഥ, തകരുന്ന ഉപഭോക്തൃ വിശ്വാസം, വര്‍ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ എന്നിവ ചൈനീസ് വാഹന വിപണിയിലെ ആവശ്യകതയെ ബാധിക്കുകയാണ്. ചൈനീസ് പൗരന്‍മാര്‍ കാറുകള്‍ വാങ്ങുന്നത് കുറച്ചിരിക്കുന്നു. സര്‍ക്കാരിന്റെ മറ്റുചില നയതീരുമാനങ്ങളും വാഹന വില്‍പ്പന പിന്നോട്ടടിപ്പിച്ചു. ഡിമാന്‍ഡ് കുറഞ്ഞതോടെ ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയിലെ കാര്‍ നിര്‍മ്മാതാക്കളുടെ മുന്നോട്ടുപോക്ക് ദുഷ്‌കരമായിരിക്കുകയാണ്. വലുപ്പവും സ്വാധീനശക്തിയും പരിഗണിക്കുമ്പോള്‍ ചൈനീസ് വാഹന വിപണി തുമ്മിയാല്‍ ആഗോള വാഹന വിപണിക്കൊന്നാകെ ജലദോഷവും പനിയും പിടിപെടുന്ന അവസ്ഥയാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഗോള വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഫോക്‌സ്‌വാഗണ്‍ മുതല്‍ ജനറല്‍ മോട്ടോഴ്‌സ് വരെയുള്ള അതികായര്‍ പോലും ചൈനീസ് വിപണിയെയാണ് ആശ്രയിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ കാറുകളില്‍ നാല്‍പ്പത് ശതമാനവും വില്‍ക്കുന്നത് ചൈനയിലാണ്. ജനറല്‍ മോട്ടോഴ്‌സിന്റെ ഏറ്റവും വലിയ വിപണി ചൈനയാണ്. ചൈനയില്‍ ആദ്യമായി കാര്‍ വാങ്ങുന്നവരുടെ എണ്ണത്തിലാണ് ഏറ്റവും മാന്ദ്യം പ്രകടമായിരിക്കുന്നത്. ഒന്നുമാറ്റി മറ്റൊന്ന് വാങ്ങുന്നവരുടെ എണ്ണം നോക്കുമ്പോള്‍ കുറേക്കൂടി ഭേദമാണ്. രണ്ടാമതോ മൂന്നാമതോ കാര്‍ വാങ്ങുന്നവര്‍ ഫോക്‌സ്‌വാഗണ്‍, മെഴ്‌സേഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ടൊയോട്ട, ലെക്‌സസ്, ഹോണ്ട, നിസാന്‍ തുടങ്ങിയ ബ്രാന്‍ഡുകളെയാണ് ആശ്രയിക്കുന്നത്. ഇക്കാരണത്താലാണ് ആകെ ചൈനീസ് വിപണിയിലെ ഡിമാന്‍ഡില്‍ ഇടിവ് സംഭവിക്കുമ്പോഴും ഈ വാഹന നിര്‍മ്മാതാക്കള്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്.

എന്നാല്‍ ബ്രാന്‍ഡ് മൂല്യം കുറവുള്ള വിദേശ കാര്‍ നിര്‍മ്മാതാക്കള്‍ താരതമ്യേന ശക്തരായ ആഭ്യന്തര ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം അടിയറവ് വെയ്ക്കുകയാണ്. ആഗോള വാഹന വിപണി പരിവര്‍ത്തനത്തിന്റെ നാല്‍ക്കവലയില്‍ നില്‍ക്കേ ചൈനീസ് വിപണി കൂടി മെലിയുന്നത് കാണുന്ന വാഹന നിര്‍മ്മാതാക്കള്‍ അങ്കലാപ്പിലാണ്. ഇലക്ട്രിക് വാഹനങ്ങള്‍, ഓട്ടോണമസ് മൊബിലിറ്റി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ രംഗപ്രവേശം ചെയ്തതോടെ ആഗോള വാഹന വിപണി ഉടച്ചുവാര്‍ക്കപ്പെടുന്ന സ്ഥിതിവിശേഷമാണ്. പരമ്പരാഗത വാഹന നിര്‍മ്മാതാക്കള്‍ ടെക് കമ്പനികളില്‍നിന്ന് ശക്തമായ മല്‍സരം നേരിടുന്നു.

ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ തലവര തെളിയുന്നത്. വിപണിയുടെ വലുപ്പവും മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയും കൈമുതലായുള്ള ഇന്ത്യയ്ക്ക് ചൈനയില്‍നിന്ന് വിഭിന്നമായി ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ക്ക് പുതിയ അഭയസ്ഥാനമാകാന്‍ കഴിയുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ലോകത്ത് അതിവേഗം വളരുന്ന വാഹന വിപണികളിലൊന്നാണ് ഇന്ത്യ. 2017-18 ല്‍ യാത്രാ, വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെ ആകെ 4.01 മില്യണ്‍ വാഹനങ്ങളാണ് രാജ്യത്ത് വിറ്റതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. ഏതാണ്ട് പത്ത് ശതമാനം വില്‍പ്പന വളര്‍ച്ച.

2020 ഓടെ ജപ്പാനെ മറികടന്ന് ചൈന, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ ലോകത്തെ മൂന്നാമത്ത വലിയ കാര്‍ വിപണിയായി ഇന്ത്യ മാറും. അടുത്ത ദശാബ്ദത്തില്‍ ഇന്ത്യന്‍ വാഹന വിപണി മികച്ച വളര്‍ച്ചാ സാധ്യതകള്‍ സമ്മാനിക്കുമെന്നാണ് വിദഗ്ധ മതം. ഏകദേശം 2,100 യുഎസ് ഡോളര്‍ പ്രതിശീര്‍ഷ വരുമാനമുള്ള ഇന്ത്യയിലെ ഓരോ ആയിരം പേര്‍ക്ക് അമ്പതിലധികം മോട്ടോര്‍ വാഹനങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏകദേശം 7,500 യുഎസ് ഡോളര്‍ പ്രതിശീര്‍ഷ വരുമാനമുള്ള ചൈനയിലെ ആയിരം പേര്‍ക്ക് 200 ലധികം മോട്ടോര്‍ വാഹനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കണക്കുകള്‍ ഈ വിധമാണ് കഥ പറയുന്നത് എന്നതിനാല്‍ ഇന്ത്യയില്‍ ആഗോള വാഹന നിര്‍മ്മാതാക്കള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിവേഗ നഗരവല്‍ക്കരണവും പൗരന്‍മാരുടെ വരുമാനം വര്‍ധിക്കുന്നതും കൂടുതല്‍ സ്ത്രീകളും യുവാക്കളും തൊഴില്‍ ചെയ്യാന്‍ ആരംഭിക്കുന്നതുമെല്ലാം വാഹന വിപണിയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Auto