ബിഎസ്എന്‍എലില്‍ വന്‍ വിരമിക്കല്‍ പദ്ധതി നടപ്പാക്കിയേക്കും

ബിഎസ്എന്‍എലില്‍ വന്‍ വിരമിക്കല്‍ പദ്ധതി നടപ്പാക്കിയേക്കും

സ്വയം വിരമിക്കല്‍ പദ്ധതിക്കായി 8500 കോടി രൂപ ബിഎസ്എന്‍എലിനും എംടിഎന്‍എലിനും നല്‍കാന്‍ ആലോചന

ന്യൂഡെല്‍ഹി: തങ്ങളുടെ തൊഴില്‍ ശേഷി വെട്ടിക്കുറയ്ക്കുന്നതിനും ജീവനക്കാരുടെ ശരാശരി പ്രായം കുറയ്ക്കുന്നതിനായി സ്വയം വിരമിക്കല്‍ പദ്ധതി വ്യാപകമാക്കുന്നതിന് പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എലിനും എംടിഎന്‍എലിനും 8500 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വായ്പാ ഭാരവും നഷ്ടവും ഈ കമ്പനികളെ വലയ്ക്കുന്ന സാഹചര്യത്തിലാണ് ഇത്.

പുതിയ നിയമനങ്ങളില്ലാത്തതിനാല്‍ തൊഴില്‍ ശേഷിയില്‍ യുവാക്കള്‍ കുറയുന്നത് ബിഎസ്എന്‍ലിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. നേരത്തേയുള്ള വിരമിക്കല്‍ പദ്ധതി തെരഞ്ഞെടുക്കാന്‍ കൂടുതല്‍ മുതിര്‍ന്ന ജീവനക്കാര്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്ന ഒരു പദ്ധതി അവതരിപ്പിക്കുന്നതിലൂടെ പുതിയ നിയമനങ്ങളും നടത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. ടെലികോം പോലൊരു മേഖലയിലെ തന്ത്രപ്രധാന ആസ്തികളായാണ് സര്‍ക്കാര്‍ ഈ കമ്പനികളെ കാണുന്നതെന്നും ഇവ കൈയൊഴിയാന്‍ സാധ്യതയില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 2008-09 ലാണ് ബിഎസ്എന്‍എല്‍ അവസാനമായി ലാഭം റിപ്പോര്‍ട്ട് ചെയ്തത്. 575 കോടിയായിരുന്നു അന്നത്തെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7992 കോടി രൂപയുടെ നഷ്ടത്തിലേക്ക് കമ്പനിയെത്തി.
ബിഎസ്എന്‍എലിന് സ്വമേധയാ ഉള്ള വിരമിക്കല്‍ പദ്ധതി ( വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം- വിആര്‍എസ്) നടപ്പാക്കുന്നതിന് 6,365 കോടി രൂപ അനുവദിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡെല്‍ഹി, മുംബൈ സര്‍ക്കിളുകളില്‍ പ്രവര്‍ത്തിക്കുന്ന എംടിഎന്‍എലിനായി 2,120 രൂപയുടെ പദ്ധതിയും പരിഗണിക്കുന്നു. പത്തു വര്‍ഷത്തെ ബോണ്ടും പദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. കമ്പനിയുടെ ഭൂമി ആസ്തികള്‍ ഇതില്‍ ഈടായി കണക്കാക്കും. 4ജി വ്യാപനത്തിന് കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന് കമ്പനികളെ സഹായിക്കുന്നതിനും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍സ് തീരുമാനിച്ചിട്ടുണ്ട്. ടെലികോം സംബന്ധിയായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഉന്നത സമിതിയാണിത്.

14,000 കോടി രൂപയുടെ കടമാണ് ബിഎസ്എന്‍എലിന് ഇപ്പോഴുള്ളത്. 1.76 ലക്ഷം ജീവനക്കാരും കമ്പനിക്കുണ്ട്. കമ്പനിയുടെ ഒരു വര്‍ഷത്തെ വരുമാനത്തിന്റെ 60 ശതമാനം ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനായാണ് വിനിയോഗിക്കുന്നത്. വിആര്‍എസിലൂടെയും സ്വാഭാവിക വിരമിക്കലിലൂടെയും അഞ്ചോ ആറോ വര്‍ഷത്തില്‍ ജീവനക്കാരുടെ എണ്ണം 75,000 ആയി കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 22,000 ജീവനക്കാരുള്ള എംടിഎന്‍എലിന് 19,000 കോടി രൂപയുടെ കടമാണുള്ളത്.

Comments

comments

Categories: FK News
Tags: BSNL