നിക്ഷേപ വാതിലുകള്‍ തുറന്നിട്ട് അഡ്‌നോക്, അമേരിക്കന്‍ കമ്പനികള്‍ 8.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

നിക്ഷേപ വാതിലുകള്‍ തുറന്നിട്ട് അഡ്‌നോക്, അമേരിക്കന്‍ കമ്പനികള്‍ 8.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

ആഗോളതലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന എണ്ണക്കമ്പനികളിലൊന്നാണ് അഡ്‌നോക്

അബുദബി: ദേശീയ എണ്ണകമ്പനിയായ അഡ്‌നോകിന്റെ പൈപ്പ്‌ലൈന്‍ ശൃംഖലയില്‍ നിക്ഷേപത്തിനൊരുങ്ങി കെകെആര്‍ കോര്‍പ്പറേഷനും ബ്ലാക്ക് റോക്ക് ഇന്‍കോര്‍പ്പറേഷനും. യഥാക്രമം 4 ബില്യണ്‍ ഡോളര്‍, 4.5 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഈ കമ്പനികള്‍ അഡ്‌നോക് പദ്ധതിയില്‍ നടത്തുക.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപക്കമ്പനികളാണ് കെകെആറും ബ്ലാക്ക് റോക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഡ്‌നോകില്‍ നിന്നും പണയ അവകാശങ്ങള്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് കെകെആറും ബ്ലാക്ക് റോക്കും നിക്ഷേപങ്ങള്‍ നടത്തുന്നതെന്നാണ് സൂചന. ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഞായറാഴ്ച പുറത്തുവിട്ടേക്കും.

ലോകത്തിലെ ക്രൂഡ് നിക്ഷേപങ്ങളില്‍ 6 ശതമാനവും കയ്യാളുന്ന യുഎഇ തങ്ങളുടെ ഏറ്റവും വലിയ ആസ്തിയെ വരുമാനമാര്‍ഗമാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ്. കൂടുതല്‍ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിച്ച് എണ്ണക്കയറ്റുമതിയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ വിപുലപ്പെടുത്താനാണ് രാജ്യം ശ്രമിക്കുന്നത്.

നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അഡ്‌നോക് ഇതിനോടകം തന്നെ വിതരണ യൂണിറ്റുകളെ ഓഹരിവിപണികളില്‍ ലിസ്റ്റ് ചെയ്തുകഴിഞ്ഞു. മാനേജ്‌മെന്റ് തലത്തിലും ചില അഴിച്ചുപണികള്‍ അഡ്‌നോക് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ തങ്ങളുടെ ഡ്രില്ലിംഗ് ബിസിനസിലുള്ള 5 ശതമാനം ഓഹരികള്‍ ബേക്കര്‍ ഹഗ്‌സിന് കൈമാറാന്‍ അഡ്‌നോക് തീരുമാനിച്ചിരുന്നു. ഏകദേശം 11 ബില്യണ്‍ ഡോളറിന്റെ ഇടപാട് ആണിത്. അഡ്‌നോകിന്റെ എണ്ണശുചീകപണ യൂണിറ്റിലെ 35 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് എനി സ്പായും ഓസ്‌ട്രേലിയന്‍ എണ്ണ, വാതക ഉല്‍പാദകരായ ഒഎംവി എജിയും കരാറിലെത്തിയിരുന്നു. 5.8 ബില്യണ്‍ ഡോളറിന് സംയുക്തമായാണ് ഇരുകമ്പനികളും അഡ്‌നോകിലെ ഓഹരികള്‍ വാങ്ങുക.

അബുദബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണഭീമന്മാരായ അഡ്‌നോക് കഴിഞ്ഞ ആഴ്ച ഫിച്ച് റേറ്റിംഗ്‌സില്‍ നിന്നും എഎ ക്രെഡിറ്റ് റേറ്റിംഗ് നേടി. ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ച റേറ്റിംഗാണിത്. യുഎഇയില്‍ നിന്നുള്ള എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും ഒപെകിലെ മൂന്നാമത്തെ വലിയ എണ്ണക്കയറ്റുമതി കമ്പനിയായ അഡ്‌നോകാണ് നിര്‍വ്വഹിക്കുന്നത്. ബാരലൊന്നിന് ടോട്ടല്‍ എസ്എ, റോയല്‍ ഡച്ച് ഷെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് ലഭിക്കുന്ന അതേ നിരക്കാണ് അഡ്‌നോകിനും ലഭിക്കുന്നതെന്ന് ഫിച്ച് റേറ്റിംഗ്‌സ് വ്യക്തമാക്കുന്നു.

2025 ഓടെ എണ്ണശുദ്ധീകരണശേഷി 65 ശതമാനമാക്കി പ്രതിദിനം 1.5 മില്യണ്‍ ബാരല്‍ എന്ന കണക്കില്‍ ഉല്‍പാദകശേഷി ഉയര്‍ത്താനാണ് അഡ്‌നോക് ശ്രമിക്കുന്നത്. സമാനമായി പെട്രോകെമിക്കല്‍ ഉല്‍പാദനം മൂന്നിരട്ടിയോളം വര്‍ധിപ്പിച്ച് 14.4 മില്യണ്‍ ടണ്‍ ആക്കി ഉയര്‍ത്താനും അഡ്‌നോക് ആലോചിക്കുന്നുണ്ട്. നിലവില്‍ 922,000 ബിപിഡി ആണ് അഡ്‌നോകിന്റെ എണ്ണ ശുചീകരണശേഷി. ഒരൊറ്റ ശുചീകരണകേന്ദ്രത്തില്‍ ഇത്രയധികം ശുചീകരണശേഷിയുള്ള ലോകത്തിലെ നാലാമത്തെ കമ്പനിയാണ് അഡ്‌നോക്. പ്രതിദിനം 600,000 ബിപിഡി ഉല്‍പാദകശേഷിയുള്ള പുതിയ ശുദ്ധീകരണശാലയുടെ പണി പൂര്‍ത്തിയാകുന്നതോടെ എണ്ണശുദ്ധീകരണത്തില്‍ ലോകത്തില്‍ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യയിലെ ജംനഗര്‍ റിഫൈനറിയെ അഡ്‌നോക് കടത്തിവെട്ടും.

Comments

comments

Categories: Arabia
Tags: Adnoc