രാജ്യ തലസ്ഥാനത്ത് 40% പേര്‍ക്കും സുരക്ഷയില്‍ ആശങ്ക

രാജ്യ തലസ്ഥാനത്ത് 40% പേര്‍ക്കും സുരക്ഷയില്‍ ആശങ്ക

വ്യാവസായിക തലസ്ഥാനമായ മുംബൈ സുരക്ഷിതമല്ലെന്ന് പ്രതികരിച്ചിട്ടുള്ളത് 14 ശതമാനം പേരാണ്

ന്യൂഡെല്‍ഹി: രാജ്യത്തിന്റെല ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന ഡെല്‍ഹിയില്‍ 40 ശതമാനത്തോളം പേരും സുരക്ഷിതരല്ലെന്ന് കരുതുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഡെല്‍ഹിയിലെ 28,624 വീടുകളില്‍ നിന്ന് അഭിപ്രായം സ്വരൂപിച്ച് പ്രജ ഫൗണ്ടേഷന്‍ എന്ന സാമൂഹ്യ സംഘടന നടത്തിയ സര്‍വെയിലാണ് രാജ്യ തലസ്ഥാനത്തെ സാമൂഹ്യ ജീവിതം സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്. ഡെല്‍ഹി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷിതമല്ലെന്നാണ് 50 ശതമാനം പേരും അഭിപ്രായപ്പെട്ടിട്ടുള്ളത്. ‘പോലീസിംഗിന്റെയും നിയമവാഴ്ചയുടെയും സ്ഥിതി’ എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.
വ്യാവസായിക തലസ്ഥാനമായ മുംബൈ സുരക്ഷിതമല്ലെന്ന് പ്രതികരിച്ചിട്ടുള്ളത് 14 ശതമാനം പേരാണ്. മുംബൈ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷിതമല്ലെന്ന് 21 ശതമാനം പേര്‍ പ്രതികരിച്ചു. ഡെല്‍ഹിയില്‍ വൈദഗ്ധ്യമുള്ളതും ഇല്ലാത്തതുമായ അസംഘടിത തൊഴിലാളികള്‍ക്കിടയിലാണ് സുരക്ഷ സംബന്ധിച്ച ആശങ്ക ഏറ്റവും കൂടുതല്‍ ഉള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ബലാത്സംഗം, കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടുള്ളത്. പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സമീപകാലത്ത് നിരവധി പദ്ധതികള്‍ ഡെല്‍ഹി പൊലീസ് ആവിഷ്‌കരിച്ചതായും ഇവര്‍ പറയുന്നു.
2017ല്‍ അവതരിപ്പിച്ച സ്വയം പ്രതിരോധ പദ്ധതിക്കു കീഴില്‍ രണ്ട് ലക്ഷത്തോളം സ്ത്രീകളെയും പെണ്‍കുട്ടികളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് ഡെല്‍ഹി പൊലീസിന് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിന്റെ അംഗീകാരം ലഭിച്ചിരുന്നു. ജനങ്ങളുമായി സഹകരിച്ച് കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള വേറേയും പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

പൊലീസിന്റെ പ്രവര്‍ത്തനവും ജനങ്ങളുടെ ആവശ്യങ്ങളും തമ്മിലുള്ള വിടവ് തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഒരു പഠനം നടത്തുന്നതിന് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി ഡെല്‍ഹി പൊലീസ് ചര്‍ച്ചകള്‍ നടത്തുകയാണ്.

Categories: FK News

Related Articles