നരവീണ നഗരമല്ല വാരാണസി

നരവീണ നഗരമല്ല വാരാണസി

വാരാണസി, ഈ പേര് കേള്‍ക്കുമ്പോഴേ മനസിലേക്ക് എത്തുന്നത് തീര്‍ത്ഥാടകരാല്‍ തിങ്ങി നിറഞ്ഞ ഒരു കല്‍പ്പടവും അരികില്‍ ശാന്തമായൊഴുകുന്ന ഒരു ഗംഗാ നദിയുമായിരിക്കും. ജീവിതത്തിലെ എല്ലാ സുഖ ദുഖങ്ങള്‍ക്കും അവധി നല്‍കി നിര്‍വാണാവസ്ഥ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒത്തു ചേരുന്നയിടം, വാര്‍ദ്ധക്യത്തിന്റെ അവശേഷിപ്പുകള്‍ പേറുന്ന ഇന്ത്യന്‍ നഗരം, നിറമില്ലാത്ത ജീവിതം ആടിത്തീര്‍ക്കുന്നതിനായി ആളുകള്‍ തെരഞ്ഞെടുക്കുന്ന ഒരു ശാന്തി മന്ദിരം. വാരാണസി എന്ന ഈ ഉത്തരേന്ത്യന്‍ നഗരത്തെക്കുറിച്ച് പറയുമ്പോള്‍ മനസിലേക്കെത്തുന്ന ചിന്ത്രങ്ങള്‍ ഇങ്ങനെയല്ലാമാണ്. എന്നാല്‍ വാര്‍ദ്ധക്യത്തിന്റെ ഭൂമിയെന്നോ നരവീണ നഗരമെന്നോ മാത്രം എഴുതിത്തള്ളേണ്ട ഒന്നല്ല വാരാണസി. ഇന്ത്യയിലെ വളര്‍ന്നു വരുന്ന മികച്ച സംരംഭക നഗരങ്ങളില്‍ ഒന്നാണ് വാരാണസി, ഒപ്പം വിനോദസഞ്ചാരരംഗത്തെ സാധ്യതകളെയും തള്ളിക്കളയാനാവില്ല.

ഉത്തര്‍പ്രദേശില്‍ ഗംഗ നദിയുടെ പടിഞ്ഞാറന്‍ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം നീളത്തില്‍ സ്ഥിതി ചെയ്യുന്ന വാരാണസി എന്ന പട്ടണം ലോക വിനോദസഞ്ചാരഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഒന്നാണ്. ചരിത്രമുറങ്ങുന്ന ഈ പുണ്യഭൂമിക്ക് 9000 ലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വരാണസിയുടെ ഘടന, ഹൈന്ദവ ആചാരങ്ങളോടുള്ള ഇഴയടുപ്പം തുടങ്ങി നിരവധിക്കാരണങ്ങള്‍ കൊണ്ട് ഈ നഗരത്തിന് പണ്ട് മുതല്‍ക്കേ ഒരു തീര്‍ത്ഥാടന സ്വഭാവം കൈവന്നിട്ടുണ്ട്. പുണ്യം തേടിയലയയുന്നവര്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കുന്ന ഇടമായിട്ടാണ് വാരാണസിയെ പല ഇന്ത്യന്‍ ഗ്രന്ഥങ്ങളിലും അടയാളപ്പെടുത്തിയിരിക്കുന്നത്. ബനാറസ്, കാശി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ ഇന്ത്യന്‍ നഗരം ഇന്ത്യയിലെ അവശ്യം കണ്ടിരിക്കേണ്ട പ്രദേശങ്ങളില്‍ ഒന്നാണ്.

ഹൈന്ദവരുടെയും ജൈനമത വിശ്വാസികളുടെയും ബുദ്ധമതക്കാരുടെയും പുണ്യനഗരമായാണ് വാരാണസി കണക്കാക്കപ്പെടുന്നത്. ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ശിവന്റെ ത്രിശ്ശൂലത്തിന്മേലാണ് കാശി എന്ന വാരാണസി കിടക്കുന്നത് എന്നാണ് പറയപ്പെടുന്നത്.കാശി എന്നതിന് പ്രകാശമാനം എന്നും അര്‍ത്ഥമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ പ്രദേശം രാജ്യത്തെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ നിറഞ്ഞ സ്ഥലമായിരുന്നു. വിദ്യതേടി ആയിരക്കണക്കിന് ആളുകളാണ് വാരണാസിയില്‍ എത്തിയിരുന്നത്. ഗംഗാനദിക്ക് സമാന്തരമായി കെട്ടിയിട്ടുള്ള കല്‍പ്പടവുകളില്‍ ഗുരുശിഷ്യ സംവാദങ്ങളും പഠനങ്ങളും സ്ഥിരമായിരുന്നു. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ കൈവഴികളായ നദികളുടെ ഇടയില്‍ ഗംഗയുടെ തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് വാരാണസി എന്ന് പേര് ലഭിച്ചത്.

മുഖം മാറിയ വാരാണസി

എന്നാല്‍ പണ്ട് കാലങ്ങളില്‍ കേട്ട് ശീലിച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷം മാത്രമുള്ള ഒരിടമല്ല ഇന്ന് വാരാണസി. 12 ലക്ഷത്തിലേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് വരാണസിയിന്ന്. വാരാണസിയിലേക്ക് സഞ്ചരിക്കുന്ന ഒരു വ്യക്തിക്ക് നീങ്ങി നിറഞ്ഞ ഭക്തരെഎല്ലാ കാണാന്‍ കഴിയുന്നത്. തീര്‍ത്തും വ്യത്യസ്തമായ ജീവിതശൈലി പിന്തുടരുന്ന, തിരക്കേറിയ വാരാണസി നഗരത്തെയാണ്. റെയില്‍വെസ്റ്റേഷനില്‍ നിന്നുതന്നെ ആ മാറ്റം നമുക്ക് കാണാനാകും. വരാണസിക്കടുത്തുള്ള മറ്റു നഗരങ്ങളിലേക്ക് ജോലിക്കായി പോകുവാന്‍ തയ്യാറെടുക്കുന്ന നിരവധിയാളുകളെ റെയില്‍വെസ്റ്റേഷനില്‍ കാണാം. വരാണസിയിലെത്തുന്ന സഞ്ചാരികള്‍ക്ക് പൂജാദ്രവ്യങ്ങളും മറ്റും വിറ്റുകൊണ്ടുള്ള ജീവിതരീതിയില്‍ നിന്നും മാറി സ്വന്തമായി ജോലി ചെയ്തു വരുമാനം കണ്ടെത്താനും വാര്‍ധക്യ ചിന്തകളെ വിറ്റ് പണമാക്കുന്ന രീതിയില്‍ നിന്നും മാറി ചിന്തിക്കാനുമാണ് ഇന്ന് ഇവിടുത്തെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. എന്ന് കരുതി, കാലങ്ങളായി ചെയ്തു വന്നിരുന്ന തൊഴിലിനെ ഇവര്‍ പാടെ തള്ളിപ്പറയുന്നുമില്ല.

കാലങ്ങളുടെ വികസനംകൊണ്ട് വാരണാസിയില്‍ ഹോട്ടലുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പുണ്യം തേടിയുള്ള യാത്രക്കിടയില്‍ വരാണസിയിലെത്തുന്നവര്‍ക്ക് ഒന്ന് തലചായ്ക്കാന്‍ നല്ല സൗകര്യമുള്ള ഹോട്ടലുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. എന്നാലിന്ന് 420 ല്‍ പരം ഹോട്ടലുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചെറുകിട ഹോട്ടലുകളും സ്റ്റാര്‍ കാറ്റഗറിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും ഉള്‍പ്പെടുന്നു. വാരാണസിയുടെ വരുംകാല സാധ്യതകള്‍ മനസിലാക്കി നിരവധിയാളുകള്‍ ഉത്തര്‍പ്രദേശിന് പുറത്തു നിന്നുപോലും ഇവിടെ നിക്ഷേപം നടത്താന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ തിരക്ക് വര്‍ധിച്ചു വരികയാണ് എന്നതിനാല്‍ തന്നെ ഇവിടെ നിന്നും യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങള്‍ ലഭിക്കുക ബുദ്ധിമുട്ടാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. പൌരാണികത നിലനിര്‍ത്തുന്നതിനോടൊപ്പമുള്ള ക്രമാനുഗതമായ ജനസംഖ്യവര്‍ധനവ് വാരണാസി നഗരത്തിലെ യാത്ര ദുഷ്‌കരമാക്കുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്. എന്നിരുന്നാലും ഈ ജനസംഖ്യാവര്‍ധനവ് വാരാണസിയുടെ മറ്റൊരു മുഖമാണ് തുറന്നു കാണിക്കുന്നത്.

തെരുവ് കച്ചവടങ്ങള്‍ നിറയുന്ന വാരാണസി

വാരാണസിയിലെത്തുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന സ്ഥിരം കാഴ്ചകളില്‍ ഒന്നാണ് ഗംഗാ നദിയുടെ ഇരു കരകളിലുമായി നിലയുറപ്പിച്ചിരിക്കുന്ന വഴിയോരക്കച്ചവടക്കാര്‍. എന്നാല്‍ നമ്മുടെ നാട്ടില്‍ കാണുന്ന പോലെ മണ്‍പാത്രങ്ങളും റാന്തല്‍വിളക്കുകളും വളകളും മലകളും മാത്രം വില്‍ക്കുന്ന വില്പനശാലകളല്ല ഇവ. വാരാണസിയിലെ ഇത്തരം വഴിയോരക്കച്ചവടക്കാര്‍ക്കിടയിലൂടെ സഞ്ചരിച്ചാല്‍ വാങ്ങാന്‍ കഴിയാത്തതായി ഒന്നുമുണ്ടാകില്ല. വാരാണസി എന്തെന്നും വാരാണസിയുടെ ചരിത്രമെന്തെന്നും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കച്ചവടവസ്തുക്കളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും. സ്വീറ്റ് ലസ്സി , രസഗുള, പൂമാലകള്‍ എന്നിവയില്‍ തുടങ്ങി കര്‍ട്ടനുകള്‍, ഫര്‍ണിച്ചറുകള്‍, വാരാണസിയുടെ മാത്രം സ്വന്തമായിട്ടുള്ള സ്തൂപികകള്‍, വിശിഷ്ടാചാരങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങി ഇവിടെ ലഭ്യമാകാത്തതായി ഒന്നുമില്ല. പ്രതിമാസം കോടിക്കണക്കിനു രൂപയുടെ ബിസിനസാണ് വാരാണസിയുടെ ഈ തെരുവുകളില്‍ നടക്കുന്നത്. ഉത്തര്പ്രദേശിലെ മറ്റുനഗരങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെയെത്തി ബിസിനസ് ചെയ്യുന്നു.

ആത്മീയതയും ലൗകീകതയും ഒത്തുചേരുന്ന ഘാട്ടുകള്‍

വാരാണസിയുടെ ഏറ്റവും വലിയ ആകര്ഷണീയതകളില്‍ ഒന്നാണ് ഘാട്ടുകള്‍. ഗംഗാതീരത്തായി നിര്‍മിക്കപ്പെട്ടിരിക്കുന്ന വലിയ കല്‍പ്പടവുകളാണവ.വീതി കുറഞ്ഞ വഴികളാണ് ഘാട്ടിനു സമീപ പ്രദേശങ്ങളില്‍ എല്ലാം. ഘട്ടുകള്‍ക്ക് ഇരുവശങ്ങളിലും കച്ചവടക്കാരും വില്‍പ്പന ചരക്കുകളും നിറഞ്ഞിരിക്കും. ആത്മീയതയും ലൗകീകതയും ഒത്തുചേരുന്ന ഇടങ്ങളാണ് ഇവയെന്ന് പറയാം. ജീവിതത്തിന്റെ രണ്ടു യാഥാര്‍ത്ഥ്യങ്ങള്‍ സംഗമിക്കുന്ന ഭൂമിയാണിത്. സന്യാസികളും മുനികളും ഏറ്റവും കൂടുതലായി സമ്പാദിക്കുന്നത് ഇവിടെയാണ്. അതിനാല്‍ത്തന്നെ മോക്ഷവും ശാന്തിയുമെല്ലാം തേടി വരുന്നവര്‍ക്ക് ചേരുന്ന ഇടമാണ് ഇത്. എന്നാല്‍ ഘാട്ടുകളുടെ മറുഭാഗത്ത് കാണാന്‍ കഴിയുന്നത് കച്ചവടം ചെയ്തു ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി പ്രയത്‌നിക്കുന്ന ഒരു വിഭാഗത്തെയാണ്. സംഗീതം കൊണ്ട് ജീവിക്കുന്നവര്‍, സംഗീതോപകരണങ്ങള്‍ വില്‍ക്കുന്നവര്‍ എന്നിവര്‍ ഈ ഭാഗം കയ്യടക്കി വച്ചിരിക്കുന്നു.

വിദേശ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് വാരാണസിയിലെ ഘാട്ടുകള്‍. 88 ഘട്ടുകള്‍ ആണ് ഗംഗയ്ക്ക് ഒരു വശത്ത് കൂടി കടന്ന് പോകുന്നത്. ഓരോ ഘാട്ടിനും ഓരോ പേരുണ്ട്. ദശാശ്വമേധ ഘാട്ടിലാണ് സന്യാസിമാര്‍ കൂടുതലായും എത്തുന്നത്. അസിഘാട്ടു മുതല്‍ മണികാര്‍നിക ഘാട്ടുവരെയുള്ള 3 കിലോമീറ്റര്‍ ദൂരം ഏറെ പ്രധാനപ്പെട്ടതാണ്. വാരാണസി കാണനെത്തുമ്പോള്‍ വാരാണസിയെപ്പറ്റി പഠിച്ചശേഷം മാത്രമെത്തണം എന്ന് പറയുന്നത് അതിനാലാണ്. വാരാണസിയെന്ന ഈ കൊച്ചു നഗരത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്ന ഗംഗാ നദിയെ ആരാധിക്കുന്ന ചടങ്ങുകള്‍ നടക്കുന്നത് ഇവിടെ വച്ചാണ്. 24 മണിക്കൂറും ശവസംസ്‌കാരം നടക്കുന്ന മണികര്‍ണിക ഘട്ടും ഹരിശ്ചന്ദ്ര ഘട്ടും അതിനടുത്തായി കാണാനാകും. വാരാണസിയുടെ ഭയപ്പെടുത്തുന്ന മുഖമാണത്.

വിനോദസഞ്ചാര രംഗത്തെ വാഗ്ദാനം

ഇന്ത്യന്‍ വിനോദ സഞ്ചാര രംഗത്തെ വാഗ്ദാനമാണ് വാരാണസി എന്ന് പറയുന്നതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. കല്ലു കൊണ്ട് നിര്‍മിച്ച പഴയകാല ക്ഷേത്രങ്ങള്‍ മുതല്‍ ആധുനിക ക്ഷേത്രങ്ങള്‍ വരെ നിരവധി ക്ഷേത്രങ്ങള്‍ വരാണസിയിലുണ്ട്. ഇവയെപ്പറ്റി പഠിക്കാനും മറ്റുമായി നിരവധി വിനോദസഞ്ചാരികളാണ് പ്രതിവര്‍ഷം ഇവിടെയെത്തുന്നത്. ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ പലതും തകര്‍ക്കപ്പെട്ടവയാണ്. ഇപ്പോള്‍ കാണുന്ന ക്ഷേത്രങ്ങളില്‍ പലതും പുതുക്കി നിര്‍മിക്കപ്പെട്ടവയും. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീര്‍ത്ഥാടനകേന്ദ്രവും.ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാനമായ പങ്ക് വഹിക്കുന്നത് ഈ ക്ഷേത്രമാണ്. എന്നാല്‍ തീര്‍ത്ഥാടന ടൂറിസം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന രീതിയില്‍ ഈ സ്ഥലം ഇനിയും വികസിച്ചിട്ടില്ല. പ്രാദേശിക സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്ന ഫണ്ടില്‍ ഭൂരിഭാഗവും ഗംഗാനദിയുടെ സംരക്ഷണപ്രവര്‍ത്തങ്ങള്‍ക്കാണ് പോകുന്നത്.

വിനോദസഞ്ചാരികള്‍ കൂടുതലായി വരുന്ന സ്ഥലമാണ് എന്നതിനാല്‍ വികസനത്തിനുള്ള സാധ്യത അനേകമാണ്. ഹോട്ടല്‍, റെസ്റ്റോറന്റ് രംഗത്താണ് കൂടുതലും നിക്ഷേപം നടക്കുന്നത്. ടാക്‌സി സര്‍വീസുകളും വിജയസാധ്യത ഏറെയുള്ള ഒരു ബിസിനസാണ്.

ബനാറസ് സാരികള്‍

വരാണസിയിലെ തദ്ദേശീയര്‍ നെയ്യുന്ന സാരികളായ ബനാറസ് സാരികള്‍ വളരെ പ്രശസ്തമാണ്. തികച്ചും പ്രാദേശികമായ രീതിയില്‍ നൂല്‌നൂറ്റാണ് സാരികളുടെ നിര്‍മാണം. തെക്കേ ഇന്ത്യയിലെ കാന്‍ചീപ്പുറം സാരികളോട് മത്സരിക്കാന്‍ പര്യാപ്തമാണ് വാരാണസിയിലെ ഈ സാരികള്‍. വാരാണസിയിലെത്തുന്ന യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ബനാറസ് സാരികള്‍. വാരാണാസിക്ക് പുറത്തും ഇത് വില്‍ക്കപ്പെടുന്നു. ബനാറസ് സാരികളുടെ നിര്‍മാണം വിതരണത്തെ എന്നിവയുമായി ബന്ധപ്പെട്ടു പതിനായിക്കണക്കിന് ആളുകളാണ് ഇവിടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ഓരോ വര്‍ഷവും ഇവിടെ 400 ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇഇഇ സമയത്തൊക്കെയും സാരികള്‍ക്ക് നല്ല വില്പനയാണുള്ളത്. ഇപ്പോള്‍ സാമൂഹികമായും സാംസ്‌കാരികമായും ഏറെ മുന്നോട്ടു പോയ ഇവിടുത്തെ ജനങ്ങള്‍ ബനാറസ് സാരികളുടെ ഓണ്‍ലൈന്‍ വില്‍പനയും ആരംഭിച്ചിട്ടുണ്ട്. പ്രാദേശികമായി നിര്‍മിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സാധ്യത വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ ബനാറസ് സില്‍ക്ക് സാരികളുടെ വില്‍പ്പനയുടെ വാരാണസി സംരംഭക രംഗത്ത് നിറമുള്ള സ്വപ്നങ്ങള്‍ കാണുകയാണ്. നെയ്ത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളെ ഗംഗാനദിയുടെ ഇരു കരകളിലുമായി കാണാനാകും. ജലത്തിന്റെ ലഭ്യതയുള്ളതിനാല്‍ തന്നെ നിരവധി ഡൈ യൂണിറ്റുകള്‍ നമുക്കിവിടെ കാണാനാകും

പേപ്പര്‍ മില്ലുകള്‍, ഓണ്‍ലൈന്‍ സംരംഭങ്ങള്‍, ടെക്‌സ്‌റ്റൈല്‍ യൂണിറ്റുകള്‍

പേപ്പര്‍ മില്ലുകള്‍, ഓണ്‍ലൈന്‍ സംരംഭങ്ങള്‍, ടെക്‌സ്‌റ്റൈല്‍ യൂണിറ്റുകള്‍, ഇലക്ട്രിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങി ചെറുതും വലുതുമായ സംരംഭങ്ങളിലൂടെ വാരാണസി വളരുകയാണ്. നേരത്തെ തന്നെ വികാസം പ്രാപിച്ച ഹോട്ടല്‍ റസ്റ്റോറന്റ് മേഖലയും തുടര്‍ വികസനത്തിന് ഒരുങ്ങുകയാണ്. ബനാറസിന്റെ സ്വന്തം കൈത്തറി ഉപയോഗിച്ച് നിര്‍മിക്കുന്ന സാരികള്‍ക്കും കുര്‍ത്തകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇവിടുത്തെ ടെക്‌സ്‌റ്റൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.ഉത്തര്‍പ്രദേശിന് പുറത്ത് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇവിടെ നിന്നും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നു. അത്‌പോലെ തന്നെ വളര്‍ച്ച പ്രാപിക്കുന്ന ഒന്നാണ് ഇവിടുത്തെ ഓണ്‍ലൈന്‍ സംരംഭങ്ങള്‍. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ കീഴില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് പാരമ്പര്യ തൊഴിലുകള്‍ക്ക് പുറകെ പായാതെ വാരാണസിയുടെ സാധ്യതകള്‍ മനസിലാക്കി ചെറുതും വലുതുമായ സംരംഭങ്ങള്‍ തുടങ്ങുന്നതിലാണ് പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്.

Categories: FK Special, Slider

Related Articles