യുഎസില്‍ ഡിജിറ്റല്‍ പരസ്യത്തിന് സ്വീകാര്യതയേറുന്നു

യുഎസില്‍ ഡിജിറ്റല്‍ പരസ്യത്തിന് സ്വീകാര്യതയേറുന്നു

പരസ്യങ്ങള്‍ നല്‍കാന്‍ ടിവി, റേഡിയോ, ന്യൂസ് പേപ്പര്‍ എന്നിവയെ ആശ്രയിച്ചിരുന്ന കാലം കഴിയുകയാണ്. ഈ വര്‍ഷം അമേരിക്കയില്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക പരമ്പരാഗത പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയെ മറികടക്കുമെന്ന് ഗവേഷക സ്ഥാപനമായ ഇ-മാര്‍ക്കറ്റേഴ്‌സ് പ്രവചിച്ചിരിക്കുന്നു.

പരസ്യ ലോകത്തെ ഒരു പ്രധാന നാഴികക്കല്ലായിട്ടായിരിക്കും 2019- എന്ന വര്‍ഷത്തെ അടയാളപ്പെടുത്താന്‍ പോകുന്നത്. കാരണം 2019-ല്‍ അമേരിക്കയില്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക പരമ്പരാഗത പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയെ മറികടക്കുമെന്ന് ഗവേഷക സ്ഥാപനമായ ഇ-മാര്‍ക്കറ്റേഴ്‌സ് പ്രവചിച്ചിരിക്കുന്നു. ടിവി, റേഡിയോ, പത്രം, ബില്‍ബോര്‍ഡ്‌സ് തുടങ്ങിയവയാണു പരമ്പരാഗത പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പ്ലാറ്റ്‌ഫോമുകള്‍. 2023 ആകുമ്പോഴേക്കും മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയുടെ മൂന്നില്‍ രണ്ട് ഭാഗവും ഡിജിറ്റല്‍ മാധ്യമങ്ങളിലായിരിക്കുമെന്നും ഇ-മാര്‍ക്കറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു 19 ശതമാനം വര്‍ധിച്ച് ഏകദേശം 129 ബില്യന്‍ ഡോളറായി വര്‍ധിക്കുകയും പരമ്പരാഗത പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക 109 ബില്യന്‍ ഡോളറിലേക്കു കൂപ്പുകുത്തുകയും ചെയ്യും. ഒരു കാലത്ത് ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളുമായി പ്രസിദ്ധീകരിച്ചിരുന്ന യെല്ലോ പേജസ് എന്ന ഡയറക്ടറിയില്‍ പരസ്യത്തിനായി തുക ചെലവഴിക്കുന്ന പ്രവണത കുറഞ്ഞു വരികയാണ്. യെല്ലോ പേജസില്‍ പരസ്യത്തിനായി ചെലവഴിക്കുന്ന തുകയില്‍ 19 ശതമാനത്തിന്റെ ഇടിവുണ്ടാകും. മാഗസിനുകള്‍, പത്രങ്ങള്‍ എന്നിവയുടെ പ്രിന്റ് പതിപ്പുകളില്‍ പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ 18 ശതമാനത്തിന്റെ ഇടിവുമുണ്ടാകും. ഈ വര്‍ഷം യുഎസില്‍ ടിവിയില്‍ പരസ്യത്തിനായി ചെലവഴിക്കുന്ന തുക2.2 ശതമാനം ഇടിവോടെ 71 ബില്യന്‍ ഡോളറിലെത്തും. വരുമാനത്തില്‍ വളര്‍ച്ച കൈവരിക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായി ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും സംയുക്ത വിപണി വിഹിതത്തില്‍ ഇടിവ് സംഭവിക്കുന്ന അവസ്ഥയുണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം ഏറ്റവും വലിയ നേട്ടമുണ്ടാക്കാന്‍ പോകുന്നത് ആമസോണായിരിക്കും. ഈ വര്‍ഷം ആമസോണിന്റെ പരസ്യ ബിസിനസ് 50 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്. യുഎസ് ഡിജിറ്റല്‍ പരസ്യ വിപണിയിലുള്ള ആമസോണിന്റെ പങ്ക് 8.8 ശതമാനത്തിന്റെ വളര്‍ച്ചയും ഈ വര്‍ഷം കൈവരിക്കും. പരസ്യദാതാക്കള്‍ക്ക് ആമസോണ്‍ ഒരു വലിയ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് സിപിജി (കണ്‍സ്യൂമര്‍ പാക്കേജ്ഡ് ഗുഡ്‌സ്), ഡയറക്റ്റ്-ടു-കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ക്ക്. ഉപഭോക്താവിന്റെ സ്വഭാവത്തെ കുറിച്ച് അറിയുന്ന ഡാറ്റ കൈവശമുള്ളവരാണ് ആമസോണ്‍. ഈ ഡാറ്റ ഉപയോഗിച്ച് ഉപഭോക്താവ് എപ്പോള്‍, എന്തെല്ലാം സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുമെന്ന് അറിയാന്‍ ആമസോണിന്റെ ഡാറ്റയിലൂടെ പരസ്യദാതാവിനു സാധിക്കുന്നു.

പരമ്പരാഗത പരസ്യ വ്യവസായം

ഡിജിറ്റല്‍ പരസ്യരംഗം വലിയ നേട്ടം കൈവരിക്കുമ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് യെല്ലോ പേജസാണ്. ഈ വര്‍ഷം യെല്ലോ പേജസിനു പരസ്യ വരുമാനത്തില്‍ 19 ശതമാനത്തിന്റെ ഇടിവായിരിക്കും സംഭവിക്കുകയെന്നു കണക്കാക്കപ്പെടുന്നു. 2016-ല്‍ യുഎസിലെ 40 ശതമാനം ആളുകളും പ്രതിവര്‍ഷം കുറഞ്ഞത് ഒരു തവണയെങ്കിലും യെല്ലോ പേജസ് പോലുള്ള ഫോണ്‍ ഡയറക്ടറികള്‍ നോക്കുന്നവരാണ്. എന്നാല്‍ യെല്ലോ പേജസിന്റെ പ്രാധാന്യം കുറഞ്ഞു വരികയാണെന്നാണു ഇപ്പോല്‍ പുറത്തുവന്നിരിക്കുന്ന പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. യുഎസില്‍ യെല്ലോ പേജസ് പുറത്തിറക്കുന്ന നിരവധി പബ്ലിഷര്‍മാരുണ്ട്. യുഎസില്‍ യെല്ലോ പേജസ് അടക്കമുള്ള പ്രിന്റ് ബിസിനസ് ഡയറക്ടറികള്‍ മൂന്ന് ബില്യന്‍ ഡോളറിന്റെ ബിസിനസ് കൂടിയാണ്. രണ്ടാമതായി ഏറ്റവും വലിയ നഷ്ടം നേരിടാന്‍ പോകുന്നത് ദിനപത്രങ്ങള്‍, മാസികകള്‍ എന്നിവയുടെ പ്രിന്റ് എഡിഷനുകളായിരിക്കും. ഇവയ്ക്ക് പരസ്യ വരുമാനത്തില്‍ 18 ശതമാനത്തിന്റെ ഇടിവ് നേരിടേണ്ടി വരും. യുഎസില്‍ പരമ്പരാഗത മാധ്യമങ്ങളില്‍ പരസ്യത്തിനായി ചെലവഴിക്കുന്ന തുക മുന്‍വര്‍ഷത്തെ 51.4 ശതമാനത്തില്‍നിന്നും ഈ വര്‍ഷം 45.8 ശതമാനമായി കുറയും.

ഡിജിറ്റല്‍ പരസ്യലോകത്തെ വളര്‍ത്തിയത് ഫേസ്ബുക്കും ഗൂഗിളും

ഡിജിറ്റല്‍ പരസ്യ മേഖലയുടെ വളര്‍ച്ചയെ സഹായിച്ചതു ഫേസ്ബുക്കും ഗൂഗിളുമാണ്. 2015-ല്‍ പരമ്പരാഗത പരസ്യ വ്യവസായത്തിന്റെ പകുതി വലിപ്പം മാത്രമായിരുന്നു ഡിജിറ്റല്‍ പരസ്യ വ്യവസായത്തിനുണ്ടായിരുന്നത്. എന്നാല്‍ അവിടെ നിന്നുമാണു ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് രംഗം ഇപ്പോള്‍ വളര്‍ന്നു പരമ്പരാഗത പരസ്യ വ്യവസായത്തെ വരുമാനത്തിന്റെ കാര്യത്തില്‍ മറികടക്കാന്‍ പോകുന്നത്. ഇതിനു സഹായകരമായത് ഫേസ്ബുക്കും ഗൂഗിളുമാണ്. കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിനും ഗൂഗിളിനുമെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ഈ കമ്പനികളുടെ പരസ്യ വരുമാനത്തില്‍ യാതൊരു കുറവും സംഭവിച്ചില്ലെന്നതും ശ്രദ്ധേയമാണ്. 2018-ല്‍ യുഎസിലെ ഡിജിറ്റല്‍ പരസ്യ വ്യവസായത്തില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും സംയുക്ത വിപണി വിഹിതമെന്നു പറയുന്നത് 60 ശതമാനമാണ്. ഇത് ഏകദേശം 65 ബില്യന്‍ ഡോളര്‍ വരും.

വിസ്മൃതിയിലാകുന്ന യെല്ലോ പേജസ്

ഇന്റര്‍നെറ്റ് ജനകീയമാകുന്നതിനു മുന്‍പു സേവനങ്ങള്‍, ഉത്പന്നങ്ങള്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ക്കായി ഭൂരിഭാഗം പേരും ആശ്രയിച്ചിരുന്നത് യെല്ലോ പേജസ് എന്നു പേരുള്ള തടിയുള്ള പുസ്തകത്തെയായിരുന്നു. ഏറ്റവും വില കുറഞ്ഞ വിമാന ടിക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ മുതല്‍ പ്ലംബറിന്റെ സേവനം ലഭിക്കുന്നതു വരെയുള്ള കാര്യങ്ങളെ കുറിച്ച് അറിയാന്‍ ആളുകള്‍ യെല്ലോ പേജസിനെ ആശ്രയിച്ചിരുന്നു. അതോടൊപ്പം ഒരു വ്യക്തിയെ കുറിച്ചും, കമ്പനിയെ കുറിച്ചും അവരുടെ ബന്ധപ്പെടാനുള്ള വിലാസത്തെ കുറിച്ചും അറിയാന്‍ യെല്ലോ പേജസിനെയായിരുന്നു ആശ്രയിച്ചിരുന്നത്. 1980,90 കളില്‍ വീടുകളിലെ അവശ്യ വസ്തുക്കളിലൊന്നായിരുന്നു യെല്ലോ പേജസ്. എന്നാല്‍ 2000-ത്തിന്റെ ആരംഭത്തോടെ ഡിജിറ്റല്‍ യുഗം പിറവിയെടുത്തപ്പോള്‍ പേപ്പര്‍ ഉപയോഗിക്കുന്ന ശീലം കുറഞ്ഞു വന്നു. ഇതോടെ യെല്ലോ പേജസിന്റെ കഷ്ടകാലം ആരംഭിക്കുകയും ചെയ്തു.ഒരു സ്ഥാപനത്തിന്റെ ബന്ധപ്പെടാനുള്ള നമ്പറിനു വേണ്ടി ഇന്റര്‍നെറ്റില്‍ പരതിയാല്‍ നമ്മള്‍ക്കു ഫോണ്‍ നമ്പര്‍ മാത്രമല്ല, വിലാസവും, കൃത്യമായ ലൊക്കേഷന്‍ മനസിലാക്കി തരുന്ന മാപ്പും കാണിച്ചു തരും. ഇത്തരം സവിശേഷതകളുള്ളതിനാല്‍ ആളുകള്‍ ഇന്റര്‍നെറ്റിനെയായിരിക്കും കൂടുതല്‍ ആശ്രയിക്കുക. 2002-ലാണ് യെല്ലോ പേജസ് വ്യവസായത്തില്‍ ആദ്യമായി ഇടിവ് റിപ്പോര്‍ട്ട് ചെയ്തത്. 2002-ല്‍നിന്നും 2010-ലെത്തിയപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ യെല്ലോ പേജസ് വ്യവസായം 15 ബില്യന്‍ ഡോളറില്‍നിന്നും 10 ബില്യന്‍ ഡോളറിലേക്കു കൂപ്പുകുത്തി.

Categories: Tech