യുഎസിനു വാവേയെ തകര്‍ക്കാനാവില്ലെന്നു സ്ഥാപകന്‍

യുഎസിനു വാവേയെ തകര്‍ക്കാനാവില്ലെന്നു സ്ഥാപകന്‍

ബീജിംഗ്: യുഎസിനു ചൈനീസ് ടെക്‌നോളജി, ടെലികോം കമ്പനിയായ വാവേയെ തകര്‍ക്കാനാവില്ലെന്നു സ്ഥാപകന്‍ റെങ് സെങ്‌ഫെയ് പറഞ്ഞു. തിങ്കളാഴ്ച ബിബിസിയോടാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ആരോപിച്ചും, ക്രിമിനല്‍ കുറ്റം ചുമത്തിയും വാവേയ്‌ക്കെതിരേ യുഎസ് രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിലാണു റെങ് സെങ്‌ഫെയുടെ പ്രസ്താവന. കഴിഞ്ഞ വര്‍ഷം സംബറില്‍ റെങ് സെങ്‌ഫെയുടെ മകളും വാവേയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാങ്‌സുവിനെ കാനഡയില്‍വച്ച് അമേരിക്ക അറസ്റ്റ് ചെയ്തിരുന്നു. ഇറാനു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ മറികടക്കാന്‍ ബാങ്കുകളെ കബളിപ്പിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്.

‘ യുഎസിനു ഞങ്ങളെ തകര്‍ക്കാന്‍ യാതൊരു വഴിയുമില്ല. ലോകത്തിനു ഞങ്ങളെ ഒരിക്കലും അവഗണിക്കാനുമാവില്ല. കാരണം ഞങ്ങള്‍ ഒരുപാട് പുരോഗതി കൈവരിച്ചവരാണ്. വാവേയുടെ ഉത്പന്നങ്ങള്‍ താത്കാലികമായി ഉപയോഗിക്കരുതെന്നു കൂടുതല്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചാലും ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി താഴേയ്ക്കു കൊണ്ടുവരാന്‍ സാധിക്കുമെന്ന്’ റെങ് സെങ്‌ഫെയ് പറഞ്ഞു. സമീപകാലത്ത് വാവേയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നു യുഎസ് അവരുടെ സഖ്യകക്ഷികള്‍ക്കു മുന്നറിയിപ്പ് കൊടുത്തിരുന്നു.
തന്റെ സ്ഥാപനത്തിനെതിരേ വാഷിംഗ്ടണ്‍ നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് റെങ് സെങ്‌ഫെയ് കുറ്റപ്പെടുത്തി. പാശ്ചാത്യ രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ബീജിംഗിനെ സഹായിക്കുന്നതാണു വാവേയുടെ ടെക്‌നോളജിയെന്ന ആരോപണത്തെ റെങ് സെങ്‌ഫെയ് നിഷേധിച്ചു. ഏതെങ്കിലും വിധത്തിലുള്ള ചാരപ്രവര്‍ത്തനം നടത്താന്‍ വാവേയ് തയാറാകില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ ആ നിമിഷം കമ്പനി അടച്ചുപൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: huawei