ടാറ്റയുടെ പുതിയ ഇലക്ട്രിക് കാര്‍ ജനീവയില്‍ പ്രദര്‍ശിപ്പിക്കും

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാര്‍ ജനീവയില്‍ പ്രദര്‍ശിപ്പിക്കും

നിലവിലെ എതെങ്കിലും മോഡല്‍ അടിസ്ഥാനമാക്കിയായിരിക്കില്ല പുതിയ ഇലക്ട്രിക് കാര്‍ വികസിപ്പിക്കുന്നത്

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ മോട്ടോഴ്‌സ് പുതിയ ഇലക്ട്രിക് കാര്‍ പ്രദര്‍ശിപ്പിക്കും. പൂര്‍ണ്ണമായും പുതിയ ഇലക്ട്രിക് കാര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കും. ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് ആന്‍ഡ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി വിഭാഗം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര ഇക്കാര്യം സ്ഥിരീകരിച്ചു. നിലവിലെ എതെങ്കിലും മോഡല്‍ അടിസ്ഥാനമാക്കിയായിരിക്കില്ല പുതിയ ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 7 മുതല്‍ 17 വരെയാണ് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോ.

പ്രത്യേക പ്ലാറ്റ്‌ഫോം വികസിപ്പിക്കാതെ തന്നെ 300-400 കിലോമീറ്റര്‍ റേഞ്ച് ലഭ്യമാക്കാന്‍ സാങ്കേതികമായി സാധ്യമാണെന്ന് ശൈലേഷ് ചന്ദ്ര പറഞ്ഞു. മിഡ് സൈസ് കാറുകളുടെ പരമാവധി ഡ്രൈവിംഗ് റേഞ്ച് ഇപ്പോഴും 140-150 കിലോമീറ്ററാണ്. ചാര്‍ജിംഗ് സൗകര്യങ്ങള്‍ക്കായി ടാറ്റ പവറുമായും തദ്ദേശീയ വാഹനഘടകങ്ങള്‍ക്കായി ടാറ്റ ഓട്ടോകംപോ സിസ്റ്റംസുമായും ടാറ്റ കെമിക്കല്‍സുമായും സോഫ്റ്റ്‌വെയര്‍, ആപ്പുകള്‍ എന്നിവയ്ക്കായി ടിസിഎസ്സുമായും ചര്‍ച്ച നടത്തിവരികയാണ് ടാറ്റ മോട്ടോഴ്‌സ്.

അതേസമയം പുറത്തിറക്കാനിരിക്കുന്ന ടാറ്റ 45എക്‌സ് ഹാച്ച്ബാക്കിന്റെ ഓള്‍-ഇലക്ട്രിക് വേര്‍ഷന്‍ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഐസിഇ എന്‍ജിന്‍ കരുത്തേകുന്ന ടാറ്റ 45എക്‌സ് ഈ വര്‍ഷം ഓഗസ്റ്റില്‍ വിപണിയിലെത്തിക്കും. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്‌സ് പ്രവേശിക്കുന്നത് 45എക്‌സ് ഹാച്ച്ബാക്കിലൂടെ ആയിരിക്കും. ഇതേതുടര്‍ന്നാണ് മോഡലിന്റെ ഓള്‍-ഇലക്ട്രിക് വേര്‍ഷന്‍ പുറത്തിറക്കുന്നത്.

Comments

comments

Categories: Auto