നിക്ഷേപത്തിന് സൗദിയുടെ പ്രഥമ മുന്‍ഗണന ഇന്ത്യയ്ക്ക്: സൗദി മന്ത്രി

നിക്ഷേപത്തിന് സൗദിയുടെ പ്രഥമ മുന്‍ഗണന ഇന്ത്യയ്ക്ക്: സൗദി മന്ത്രി

എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍, വളങ്ങളുടെ നിര്‍മ്മാണം എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി വിദേശ നിക്ഷേപങ്ങള്‍ക്ക് സൗദി അറേബ്യ പ്രഥമ പരിഗണന നല്‍കുന്നത് ഇന്ത്യയ്ക്കാണെന്ന് സൗദി ഇന്ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഫലിഹ്. എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, വളങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പദ്ധതികളുമായി ഇന്ത്യയിലെ സുപരിചിത പേരുകളായി മാറാനാണ് സൗദി കമ്പനികള്‍ ആഗ്രഹിക്കുന്നതെന്നും സൗദി മന്ത്രി പറഞ്ഞു. ഇന്ത്യ-സൗദി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ വിദേശ നിക്ഷേപ മേഖലയിലെ പരിഷ്‌കാരങ്ങളും നിക്ഷേപകര്‍ക്കായി വിപണി തുറന്നു നല്‍കിയതുമെല്ലാം ഏറെ ആവേശത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ ഖാലിദ് അല്‍ ഫലിഹ് വളര്‍ച്ചയില്‍ ഇന്ത്യയുടെ പങ്കാളിയാകാന്‍ സൗദി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
അടുത്ത 2-3 ദശകത്തിനുള്ളില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാനുള്ള പാതയിലാണ് ഇന്ത്യയെന്നും പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും വിപണികളില്‍ കൂടുതല്‍ വളര്‍ച്ചയ്ക്കായി സൗദിയെ കൂട്ടിപിടിക്കാന്‍ ഇന്ത്യയെ ക്ഷണിക്കുകയാണെന്നും അല്‍ ഫലിഹ് പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ ഇന്ധന, എല്‍പിജി വിതരണ രാഷ്ട്രമാണ് സൗദി. ഇന്ത്യയ്ക്കും സൗദിക്കുമിടയിലെ പ്രധാന ഇടപാട് ഊര്‍ജമേഖലയിലാണ്. ഇന്ത്യയ്ക്ക് തങ്ങള്‍ വിപണനക്കാരോ വില്‍പ്പനക്കാരോ അല്ല. നിക്ഷേപകരാണ്. സൗദി ആംകോ(സൗദിയിലെ ദേശീയ എണ്ണക്കമ്പനി), സാബിക് (സൗദിയിലെ പെട്രോകെമിക്കല്‍ ഭീമന്‍) എന്നിവ ഇന്ത്യയിലെ സുപരിചിത പേരുകളായി മാറണം.

മഹാരാഷ്ട്ര തീരത്ത് 2025 ഓടെ നിര്‍മ്മിക്കാനൊരുങ്ങുന്ന 44 ബില്യണ്‍ ഡോളറിന്റെ എണ്ണ ശുദ്ധീകരണ ശാല പദ്ധതിയില്‍ ഓഹരി പങ്കാളിത്തം നേടുന്നതിനുള്ള കരാറില്‍ ആംകോ ഒപ്പുവെച്ചിട്ടുണ്ട്. സമാനമായി രാജ്യത്ത് പെട്രോകെമിക്കല്‍ പദ്ധതികള്‍ ആരംഭിക്കാന്‍ സാബികിനും പദ്ധതിയുണ്ട്. മഹാരാഷ്ട്രയിലെ എണ്ണ ശുദ്ധീകരണ- പെട്രോകെമിക്കല്‍ ശാലയ്ക്ക് വേണ്ടി പണം ചിലവഴിക്കാന്‍ ആരംഭിച്ചതായും ഫലിഹ് അറിയിച്ചു. ഇന്ത്യയില്‍ ഒറ്റത്തവണയായി സൗദി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ സൗദി ആംകോയ്ക്ക് ആഗ്രഹമുണ്ടെന്നും ഫലിഹ് വ്യക്തമാക്കി. എത്ര വലുത് തന്നെ ആയാലും ഒരൊറ്റ നിക്ഷേപം കൊണ്ട് ഇന്ത്യയോട് സൗദിക്കുള്ള നിക്ഷേപക മനോഭാവം വ്യക്തമാകില്ലെന്ന് സൗദിക്ക് പുറത്ത് നിക്ഷേപം നടത്തുമ്പോള്‍ ഏറ്റവും ആദ്യം സൗദി പരിഗണിക്കുന്നത് ഇന്ത്യയെ ആണെന്ന് വ്യക്തമാക്കി കൊണ്ട് സൗദി മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ മേഖലയിലും രാസവസ്തുക്കള്‍, വളങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലും കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാന്‍ സൗദിക്ക് പദ്ധതിയുണ്ട്. പുനരുപയോഗ ഊര്‍ജ യൂണിറ്റുകള്‍ ഉള്‍പ്പടെയുള്ള പവര്‍ പ്ലാന്റുകളും സൗദിയുടെ ഇന്ത്യന്‍ താത്പര്യങ്ങളില്‍ പെടുമെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ സൗദി മന്ത്രി വ്യക്തമാക്കി.

ഏപ്രിലോടെ എണ്ണവിപണി സന്തുലിതമാകുമെന്നും ഒപെക് രാഷ്ട്രങ്ങളായ ഇറാനും വെനസ്വെലയ്ക്കും അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് മൂലം വിതരണത്തില്‍ വിടവ് ഉണ്ടാകില്ലെന്നുമാണ് പ്രതീക്ഷയെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ട് സൗദി മന്ത്രി പറഞ്ഞു.

ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉന്നത തല പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു സൗദി ഇന്ധന കാര്യ മന്ത്രി ഖാലിദ് അല്‍ ഫലിഹ്. ജി-20യിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒന്നായിരുന്നു എംബിഎസ്-നരേന്ദ്രമോദി കൂടിക്കാഴ്ചയെന്നും അല്‍ ഫലിഹ് കൂട്ടിച്ചേര്‍ത്തു.

Categories: Arabia

Related Articles