ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലേക്ക് സച്ചിന്‍ ബെന്‍സാല്‍

ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലേക്ക് സച്ചിന്‍ ബെന്‍സാല്‍

ന്യൂഡെല്‍ഹി: ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകനായ സച്ചിന്‍ ബെന്‍സാല്‍ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലേക്ക് ചുവടുവെക്കുന്നു. പുതിയ സംരംഭത്തിലൂടെ രാജ്യത്തെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിന് സാമ്പത്തിക വിദഗ്ധരുമായി സച്ചിന്‍ ബെന്‍സാല്‍ ചര്‍ച്ച ആരംഭിച്ചതായാണ് വിവരം.

അതിവേഗത്തിലുള്ള സാങ്കേതിക മാറ്റത്തിനാണ് ഇന്ത്യന്‍ സാമ്പത്തിക സേവന രംഗം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഈ മാറ്റത്തിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ് സച്ചിന്‍ ബെന്‍സാലെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഒരു ബാങ്ക് ആരംഭിക്കുന്നതടമുള്ള നിരവധി സാധ്യതകള്‍ ബെന്‍സാല്‍ തേടുന്നുണ്ട്. ഒരു ബാങ്ക് ആരംഭിക്കുന്നതിനുള്ള ലീഗല്‍ മാനദണ്ഡങ്ങള്‍ മനസ്സിലാക്കുന്നതിന് കേന്ദ്ര ബാങ്കില്‍ നിന്നുള്ള എക്‌സിക്യൂട്ടീവുകളുമായും ബെന്‍സാല്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ആര്‍ബിഐ നിയമം അനുസരിച്ച് ഒരു ബാങ്കിംഗ് ലൈസന്‍സ് നേടുന്നതിന് പ്രൊമോട്ടര്‍മാര്‍ കുറഞ്ഞത് 500 കോടി രൂപയുടെ ഓഹരികള്‍ സമാഹരിക്കേണ്ടതുണ്ട്. പത്ത് വര്‍ഷകാലത്തോളം ഒരു ബിസിനസ് വിജയകരമായി മുന്നോട്ടുകൊണ്ടുപോയിട്ടുള്ള പരിചയ സമ്പത്തും ആവശ്യമാണ്. ഒരു ധനകാര്യ സേവന സംരംഭം ബെന്‍സാല്‍ ആരംഭിക്കുകയാണെങ്കില്‍ അജയ് പിരാമലിന്റെ കമ്പനിയില്‍ അദ്ദേഹവുമുണ്ടാകും.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സാമ്പത്തിക സേവനങ്ങള്‍ക്കുള്ള പങ്ക് കണക്കിലെടുക്കുമ്പോള്‍ പര്യവേഷണം നടത്താന്‍ സാധ്യതകളുള്ള ബിസിനസ് മേഖലയാണിതെന്ന് സച്ചിന്‍ ബെന്‍സാല്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുത്തതോടെ സച്ചിന്‍ ബെന്‍സാലിന്റെ ആസ്തി ഒരു ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

Categories: FK News