ഖത്തറിനെതിരെ നിലപാട് മയപ്പെടുത്തി യുഎഇ മൂന്നാം കക്ഷി വഴി കാര്‍ഗോ നീക്കം ആകാം

ഖത്തറിനെതിരെ നിലപാട് മയപ്പെടുത്തി യുഎഇ മൂന്നാം കക്ഷി വഴി കാര്‍ഗോ നീക്കം ആകാം

രാഷ്ട്രീയപരമായ കടുത്ത നിലപാടുകള്‍ ഇരുകൂട്ടരും തുടരുമ്പോഴും കാര്‍ഗോ വഴിയുള്ള ചരക്കുനീക്കം അനുവദിക്കുന്ന പുതിയ സര്‍ക്കുലര്‍ ഒരു പ്രതീക്ഷയാണ്

ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുമോ. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളുടെ ഖത്തര്‍ ബഹിഷ്‌കരണം 20 മാസം പിന്നിടവെ ഖത്തറിനോടുള്ള നിലപാട് മയപ്പെടുത്തുന്ന തരത്തിലുള്ള നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇ. ഖത്തറിലേക്ക് മൂന്നാംകക്ഷി മുഖേനയുള്ള കാര്‍ഗോ നീക്കം നടത്താമെന്ന യുഎഇ തുറമുഖ അതോറിട്ടിയുടെ സര്‍ക്കുലര്‍ ആഗോള ആശങ്കയായി മാറിയ ഗള്‍ഫ് പ്രതിസന്ധി അവസാനിച്ചേക്കാമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. അതേസമയം രാഷ്ട്രീയപരമായി ഒരു വിട്ടുവീഴ്ച്ചയ്ക്കുമുള്ള സാധ്യത ഒരു കോണില്‍ നിന്നും ഇതുവരെയും ഉണ്ടായിട്ടില്ലതാനും.

അബുദബിയില്‍ നിന്നും ഖത്തറിലേക്കുള്ള കാര്‍ഗോ നീക്കം അനുവദിച്ചുകൊണ്ടാണ് യുഎഇ തുറമുഖ അതോറിട്ടി അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. 2017 ജൂണില്‍ അവസാനിച്ച കാര്‍ഗോ നീക്കമാണ് പുനരാരംഭിക്കാനൊരുങ്ങുന്നത്. ഫെബ്രുവരി 12നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഖത്തറില്‍ നിന്നോ യുഎഇയില്‍ നിന്നോ ഉള്ള കാര്‍ഗോ വഴിയുള്ള ചരക്ക് നീക്കത്തിനും വിതരണത്തിനും വിലക്കേര്‍പ്പെടുത്തിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നതാണ് പുതിയ സര്‍ക്കുലര്‍. അതേസമയം ഖത്തര്‍ പതാകയുള്ളതും ഖത്തര്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതുമായ കപ്പലുകള്‍ക്ക് അബുദബി തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതിലുള്ള വിലക്ക് തുടര്‍ന്നും ബാധകമാണ്. സമാനമായി യുഎഇ കപ്പലുകള്‍ ഖത്തര്‍ തുറമുഖങ്ങളില്‍ പ്രവേശിക്കാനും പാടില്ലെന്ന് അബുദബി തുറമുഖത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.യുഎഇയിലെ എല്ലാ തുറമുഖങ്ങള്‍ക്കും പുതിയ ഉത്തരവ് ബാധകമാണെന്നാണ് അറിയുന്നത്. പുതിയ സര്‍ക്കുലര്‍ സംബന്ധിച്ച് ഇരുരാഷ്ട്രങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഇന്നലെ ഖത്തറിലെ ഉമം സയിദ് തുറമുഖത്ത് നിന്നും ലൈബീരിയന്‍ പതാകയുള്ള എംഎസ്‌സി എല്‍സ3 കണ്ടെയ്‌നര്‍ കപ്പല്‍ ദുബായിലെ ജെബല്‍ അലി തുറമുഖത്ത് എത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്.

ഗള്‍ഫ് പ്രതിസന്ധിയില്‍ ലോക വ്യാപാര സംഘടനയ്ക്ക് ലഭിച്ചിരിക്കുന്ന പരാതികളുമായി ബന്ധപ്പെട്ടാണോ യുഎഇയുടെ ഈ നടപടിയെന്ന കാര്യം വ്യക്തമല്ല. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള രാഷ്ടീയ, വ്യാപാര, നയതന്ത്ര ബഹിഷ്‌കരണത്തെ വെല്ലുവിളിച്ചു കൊണ്ട് 2017 ജൂലൈയില്‍ ഖത്തര്‍ ലോക വ്യാപാര സംഘടനയ്ക്ക് വിശദമായ പരാതി നല്‍കിയിരുന്നു. അതേസമയം എമിറാറ്റി ഉല്‍പ്പന്നങ്ങള്‍ക്ക് ദോഹ വിലക്കേര്‍പ്പെടുത്തി എന്ന് കാണിച്ച് യുഎഇയും കഴിഞ്ഞ മാസം ലോക വ്യാപാര സംഘടനയ്ക്ക് പരാതി സമര്‍പ്പിച്ചു.

2017ല്‍ തുടക്കമിട്ട പ്രതിസന്ധി

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ 2017ലാണ് ഖത്തറുമായുള്ള രാഷ്ട്രീയ, വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇറാനുമായുള്ള അടുത്ത ബന്ധവും തീവ്രവാദത്തെ പിന്താങ്ങുന്നുവെന്ന ആരോപണവുമാണ് ഇതിന് കാരണമായി എണ്ണസമ്പന്ന രാഷ്ട്രമായ ഖത്തറിനെതിരെ അറബ് രാഷ്ട്രങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ തുടര്‍ച്ചയായി ഖത്തര്‍ നിഷേധിച്ചു. തങ്ങളെ ബഹിഷ്‌കരിച്ച രാഷ്ട്രങ്ങളോടുള്ള പ്രതികാര നടപടിയെന്നോണം യുഎഇയുടെയും സൗദി അറേബ്യയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ത്ത് ഖത്തര്‍ വിലക്കേര്‍പ്പെടുത്തി.ഗള്‍ഫ് മേഖലയ ഭിന്നിപ്പിലേക്ക് നയിച്ച ഈ പ്രതിസന്ധി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കടക്കം വലിയ തിരിച്ചടിയായി. അവരുടെ പ്രവര്‍ത്തനച്ചിലവുകള്‍ വര്‍ധിപ്പിച്ചു. ഖത്തറിനും യുഎഇയ്ക്കുമിടയില്‍ ചരക്കുനീക്കം നടത്തിയിരുന്ന കപ്പലുകള്‍ മൂന്നാമതൊരു രാഷ്ട്രത്ത് നങ്കൂരമിടാന്‍ നിര്‍ബന്ധിതരായി.

ഖത്തറിനോടുള്ള അറബ് രാഷ്ട്രങ്ങളുടെ ബഹിഷ്‌കരണം ആരംഭിച്ചതു മുതല്‍ ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങളുമായി അമേരിക്ക രംഗത്തുണ്ട്. ഗള്‍ഫ് മേഖലയിലെ ഭിന്നിപ്പ് അവസാനിപ്പിക്കണമെന്നും ഇറാനെതിരെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും നിരന്തരമായി അമേരിക്ക സൗദി അറേബ്യയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ മധ്യസ്ഥശ്രമങ്ങള്‍ക്കിടയിലും രാഷ്ട്രീയപരമായി ഗള്‍ഫ് പ്രതിസന്ധിയില്‍ മഞ്ഞുരുകലിനുള്ള യാതൊരു സാധ്യതയും ഇന്നേവരെ പ്രകടമായിട്ടില്ല. ഗള്‍ഫ് മേഖലയ്ക്ക് ഒന്നാകെ തലവേദയായ ഈ വിഷയത്തിന് തങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നില്ലെന്ന നിലപാടിലാണ് സൗദി, യുഎഇ തുടങ്ങിയ രാഷ്ട്രങ്ങള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ ഖത്തറുമായി താത്കാലികമായെങ്കിലും അവസാനിപ്പിച്ച ബന്ധങ്ങള്‍ പുനസ്ഥാപിക്കപ്പെടുന്നതിന് മുമ്പായി തങ്ങള്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ ഖത്തര്‍ അംഗീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന ആഗ്രഹം ഉണ്ടെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോകുകയാണെന്ന അറിയിച്ച ഖത്തറും നിലപാടുകളില്‍ പിന്നോട്ടില്ലെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. സൗദി അധികാരം കയ്യാളുന്ന എണ്ണക്കയറ്റുമതി രാഷ്ടങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്നും ഖത്തര്‍ പിന്മാറിയതും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളില്‍ ഒന്നായ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സൗദിയുടെ നേതൃത്വത്തിലുള്ള ബഹിഷ്‌കരണം വലിയ ആഘാതമേകാത്തതാണ് ഖത്തറിന്റെ ആത്മവിശ്വാസത്തിന്റെ ഒരു കാരണം. ബഹിഷ്‌കരണത്തെ തുടര്‍ന്ന് ചരക്കുപാതകള്‍ കുവൈറ്റിലേക്കും ഒമാനിലേക്കുമായി മാറ്റിപ്പിടിക്കാനുള്ള ധൈര്യം ഇക്കാലയളവില്‍ ഖത്തര്‍ കാണിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി രാഷ്ട്രമായ ഖത്തര്‍ ഭക്ഷണം, നിര്‍മ്മാണ സാമഗ്രികള്‍ തുടങ്ങി അവശ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി പുതിയ രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചു. 2022ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളാന്‍ ഒരുങ്ങുന്ന ഖത്തര്‍ ഈ രണ്ട് വര്‍ഷ കാലയളവില്‍ തുര്‍ക്കിയില്‍ നിന്നും ഇറാനില്‍ നിന്നുമാണ് കൂടുതല്‍ ചരക്കുകളും വാങ്ങിയത്. എന്നിട്ടും മറ്റ് അയല്‍രാജ്യങ്ങളെ കടത്തിവെട്ടുന്ന സാമ്പത്തിക വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഖത്തറിനുണ്ടായത്. കഴിഞ്ഞ വര്‍ഷം ലോകത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടാമത്തെ ഓഹരി വിപണിയായിരുന്നു ഖത്തറിന്റേത് എന്ന വസ്തുത പ്രതിസന്ധിഘട്ടത്തിലും ഖത്തറിനുണ്ടായ സാമ്പത്തിക പുരോഗതിയെ അടിവരയിടുന്നതാണ്.

പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ചും ആയുധമേഖലയില്‍ കൂടുതല്‍ തുക ചിലവഴിച്ചും വിദേശനിക്ഷേപങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ സമ്പദ് വ്യവസ്ഥയെ അഴിച്ചുപണിയാനാണ് ഖത്തര്‍ ഒരുങ്ങുന്നത്. തുര്‍ക്കി, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ കമ്പനികളുടെ സാമ്പത്തിക കേന്ദ്രമായി രാജ്യത്തെ വളര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ഖത്തര്‍.

Comments

comments

Categories: Arabia

Related Articles