ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തത് ജിയോയും ബിഎസ്എന്‍എലും മാത്രം

ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തത് ജിയോയും ബിഎസ്എന്‍എലും മാത്രം

എയര്‍ടെലിനും വോഡഫോണ്‍ ഐഡിയക്കും ഉപയോക്താക്കളെ നഷ്ടമായി

ന്യൂഡെല്‍ഹി: ഡിസംബറില്‍ രാജ്യത്തെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 119.37 കോടിയില്‍ നിന്ന് 119.78 കോടിയിലേക്ക് ഉയര്‍ന്നു. റിലന്‍സ് ജിയോയും ബിഎസ്എന്‍എലും മാത്രമാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത്. ജിയോ 85.64 ലക്ഷം ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്ത് മൊത്തം ഉപയോക്താക്കളുടെ എണ്ണം 28 കോടിയിലേക്ക് എത്തിച്ചു.
5.56 ലക്ഷം ഉപയോക്താക്കളെയാണ് ബിഎസ്എന്‍എല്‍ ഡിസംബറില്‍ കൂട്ടിച്ചേര്‍ത്തത്. നിലവില്‍ 11.4 കോടിയാണ് ബിഎസ്എന്‍എലിന്റെ ഉപയോക്താക്കളുടെ മൊത്തം എണ്ണം. വലിയ നഷ്ടം നേരിടുന്ന പൊതുമേഖലാ കമ്പനികളോട് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊതുമേഖലയിലുള്ള ബിഎസ്എന്‍എല്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ബിഎസ്എന്‍എലിന് 4ജി സേവനം വ്യാപിപ്പിക്കുന്നതിനും പ്രചാരം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ച് കമ്പനിയുടെ ജീവനക്കാര്‍ തന്നെ നേരത്തേ രംഗത്തുവന്നിരുന്നു.

മൊത്തം ടെലികോം ഉപയോക്താക്കളുടെ എണ്ണത്തില്‍ 0.35 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മൊബീല്‍ ഉപയോക്താക്കളുടെ എണ്ണം 117.6 കോടിയായാണ് ഡിസംബറില്‍ വര്‍ധിച്ചതെന്ന് ട്രായ് പറയുന്നു. വോഡഫോണ്‍ ഐഡിയക്കാണ് കൂടുതല്‍ ഉപയോക്താക്കളെ നഷ്ടമായത്. 23.3 ലക്ഷം ഉപയോക്താക്കളാണ് വോഡഫോണും ഐഡിയയും ലയിച്ച ശേഷമുള്ള സംരംഭത്തില്‍ നിന്ന് മാറ്റപ്പെട്ടിട്ടുള്ളത്. 42 കോടിയോളം ഉപയോക്താക്കളുള്ള വോഡഫോണ്‍ ഐഡിയ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനക്കാരായി തുടരുകയാണ്.

എയര്‍ടെലിന് 15 ലക്ഷം ഉപയോക്താക്കളെയാണ് ഡിസംബറില്‍ നഷ്ടപ്പെട്ടത്. 34 കോടി ഉപയോക്താക്കളാണ് നിലവില്‍ എയര്‍ടെലിനുള്ളത്. എയര്‍ടെലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും പുതിയ ബിസിനസ് പദ്ധതിയും ഉപയോക്താക്കളുടെ എണ്ണത്തിലെ കുറവിന് കാരണമായിട്ടുണ്ട്. ചുരുങ്ങിയ പരിധിക്കുള്ളില്‍ റീച്ചാര്‍ജ് ചെയ്യാത്ത ഉപയോക്താക്കള്‍ക്കുള്ള സേവനം നിര്‍ത്തിവെക്കാനും അതിലൂടെ ചെലവ് ചുരുക്കാനുമാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം കൂട്ടാനും ഇതിലൂടെ സാധിക്കും. മൂന്നാം പാദം മുതല്‍ തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് 5.7 കോടിയോളം ഉപയോക്താക്കളെ കണക്കൂകൂട്ടുന്നത് എയര്‍ടെല്‍ ഒഴിവാക്കിയിട്ടുണ്ട്. 28.42 കോടിയാണ് തങ്ങളുടെ സജീവ ഉപയോക്താക്കളെന്ന് കമ്പനി അറിയിക്കുന്നു.

ലാന്‍ഡ് ലൈന്‍ ഉപയോക്താക്കളുടെ എണ്ണം നവംബറില്‍ 2.19 കോടിയില്‍ നിന്ന് ഡിസംബറില്‍ 2.18 കോടിയായി കുറഞ്ഞു. ബിഎസ്എന്‍എലിനാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം നഷ്ടമുണ്ടായത്.

Comments

comments

Categories: Business & Economy
Tags: BSNL, Jio