ആവേശം കൊള്ളിക്കാന്‍ പുതിയ യമഹ എംടി-09

ആവേശം കൊള്ളിക്കാന്‍ പുതിയ യമഹ എംടി-09

ഡെല്‍ഹി എക്‌സ് ഷോറൂം വില 10.55 ലക്ഷം രൂപ

2019 മോഡല്‍ യമഹ എംടി-09 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.55 ലക്ഷം രൂപയാണ് മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ഫൈറ്ററിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ കളര്‍ ഓപ്ഷന്‍ നല്‍കിയതാണ് മോട്ടോര്‍സൈക്കിളില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റം. പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയതോടെ ബൈക്കിന്റെ വില 16,000 രൂപയോളം വര്‍ധിച്ചു. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, ഡുകാറ്റി മോണ്‍സ്റ്റര്‍ 821, സുസുകി ജിഎസ്എക്‌സ്-എസ്750, കാവസാക്കി ഇസഡ്900 തുടങ്ങിയ ബൈക്കുകളോടാണ് യമഹ എംടി-09 വിപണിയില്‍ മല്‍സരിക്കേണ്ടത്. രാജ്യത്തെ വിവിധ യമഹ ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. വരും ആഴ്ച്ചകളില്‍ ഡെലിവറി ചെയ്തുതുടങ്ങും. യമഹയുടെ എംടി മോട്ടോര്‍സൈക്കിള്‍ നിരയിലെ മറ്റൊരു മോഡലായ എംടി-15 അടുത്ത മാസം 15 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

പവര്‍ട്രെയ്ന്‍ അതേപോലെ നിലനിര്‍ത്തിയപ്പോള്‍ പുതിയ പെയിന്റ് സ്‌കീം, ഗ്രാഫിക്‌സ് തുടങ്ങിയ മെച്ചപ്പെടുത്തലുകളാണ് യമഹ എംടി-09 മോട്ടോര്‍സൈക്കിളില്‍ വരുത്തിയിരിക്കുന്നത്. നിലവിലെ യമഹ ബ്ലു, ടെക് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകള്‍ കൂടാതെ ‘നൈറ്റ് ഫ്ലു’ പെയിന്റ് ഓപ്ഷന്‍ പുതുതായി നല്‍കി. ഇന്ധന ടാങ്കില്‍ ഇപ്പോള്‍ ചുവന്ന നിറത്തില്‍ എംടി-09 ലോഗോ കാണാം. പുതിയ കളര്‍ സ്‌കീം ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് സ്‌റ്റൈലിംഗ് മാറ്റങ്ങളില്ല. ഇരട്ട എല്‍ഇഡി ഹെഡ്‌ലാംപുകള്‍, 14 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ തുടര്‍ന്നും നല്‍കി. മൂന്ന് ബോഡി നിറങ്ങളും ചുവന്ന നിറത്തിലുള്ള അലോയ് വീലുകളും തമ്മില്‍ച്ചേരുമ്പോള്‍ മോട്ടോര്‍സൈക്കിള്‍ ആകര്‍ഷകമായ വര്‍ണ്ണഭേദം കാഴ്ച്ചവെയ്ക്കുന്നു. 193 കിലോഗ്രാമാണ് ബൈക്കിന്റെ കെര്‍ബ് വെയ്റ്റ്.

നിലവിലെ അതേ 847 സിസി, ഇന്‍-ലൈന്‍ 3 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് യമഹ എംടി-09 ബൈക്കിന് തുടര്‍ന്നും കരുത്തേകുന്നത്. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 113 ബിഎച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 87.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. അതിവേഗ അപ് ഷിഫ്റ്റുകള്‍ക്കായി ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം (ക്യുഎസ്എസ്) നല്‍കി. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് കൂടാതെ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ സവിശേഷതകളാണ്. മുന്നില്‍ 41 എംഎം യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. രണ്ട് സസ്‌പെന്‍ഷന്‍ സംവിധാനവും ക്രമീകരിക്കാന്‍ സാധിക്കും. മുന്‍ ചക്രത്തില്‍ 298 എംഎം ഇരട്ട ഡിസ്‌ക്കുകളും പിന്‍ ചക്രത്തില്‍ 245 എംഎം സിംഗിള്‍ ഡിസ്‌ക്കും ബ്രേക്കിംഗിന് സഹായിക്കും.

Categories: Auto
Tags: Yamaha MT 09