മെഴ്‌സേഡസ് ബെന്‍സ് എസ്എല്‍സി വിട പറയുന്നു ?

മെഴ്‌സേഡസ് ബെന്‍സ് എസ്എല്‍സി വിട പറയുന്നു ?

എസ്എല്‍സി ‘ഫൈനല്‍ എഡിഷന്‍’ നിര്‍മ്മിച്ചിരിക്കുകയാണ് മെഴ്‌സേഡസ് ബെന്‍സ്

ജനീവ : മെഴ്‌സേഡസ് ബെന്‍സ് എസ്എല്‍സി വിട പറയാനൊരുങ്ങുന്നു. 2 ഡോര്‍ റോഡ്‌സ്റ്ററിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍. ഇതിനുമുന്നോടിയായി എസ്എല്‍സി ഫൈനല്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുകയാണ് മെഴ്‌സേഡസ് ബെന്‍സ്. മാര്‍ച്ച് 7 ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ 2020 മോഡല്‍ മെഴ്‌സേഡസ് ബെന്‍സ് എസ്എല്‍സി ഫൈനല്‍ എഡിഷന്‍ അരങ്ങേറ്റം നടത്തും. ആഗോള കാര്‍ വിപണിയില്‍നിന്ന് അരങ്ങൊഴിയുന്നതിന് മുമ്പുള്ള വിട വാങ്ങല്‍ വേദിയായിരിക്കും ഇത്തവണത്തെ ജനീവ മോട്ടോര്‍ ഷോ. അതോടെ കഴിഞ്ഞ 23 വര്‍ഷത്തോളമായി വിറ്റുവരുന്ന കണ്‍വെര്‍ട്ടിബിള്‍ നാമാവശേഷമാകും.

സവിശേഷ മഞ്ഞ പെയിന്റിലാണ് 2020 മെഴ്‌സേഡസ് ബെന്‍സ് എസ്എല്‍സി ഫൈനല്‍ എഡിഷന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുപ്പ്, ചാര നിറ ഓപ്ഷനുകളിലും ഫൈനല്‍ എഡിഷന്‍ ലഭിക്കും. എഎംജി ലൈന്‍ വേര്‍ഷന്‍ അടിസ്ഥാനമാക്കിയാണ് എസ്എല്‍സി ഫൈനല്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ 18 ഇഞ്ച് എഎംജി 5 സ്‌പോക് അലോയ് വീലുകളിലാണ് കാര്‍ വരുന്നത്. ഡോര്‍ ഹാന്‍ഡിലുകള്‍, മിറര്‍ ക്യാപ്പുകള്‍ എന്നിവയെല്ലാം തിളങ്ങുന്ന കറുപ്പ് നിറത്തിലാണ്. കറുപ്പിലും വെളുപ്പിലുമായി തുകല്‍ അപ്‌ഹോള്‍സ്റ്ററിയാണ് കാബിനില്‍ കാണുന്നത്.

1.6 ലിറ്റര്‍, 4 സിലിണ്ടര്‍ മുതല്‍ 3.0 ലിറ്റര്‍, വി6 വരെയുള്ള പെട്രോള്‍ എന്‍ജിനുകളാണ് എസ്എല്‍സി ഫൈനല്‍ എഡിഷന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍. 154 ബിഎച്ച്പി മുതല്‍ 383 ബിഎച്ച്പി വരെ കരുത്ത് ഉല്‍പ്പാദിപ്പിക്കും. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 4.7 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു.

1996 ല്‍ എസ്എല്‍കെ എന്ന പേരിലാണ് റോഡ്‌സ്റ്റര്‍ വിപണിയിലെത്തിച്ചത്. 2016 ല്‍ എസ്എല്‍സി എന്ന പേര് സ്വീകരിച്ചു. ആര്‍172 എന്ന കോഡ്‌നാമം ധരിച്ച നിലവിലെ തലമുറ (മൂന്നാം തലമുറ) മെഴ്‌സേഡസ് ബെന്‍സ് എസ്എല്‍സി 2011 മുതല്‍ ആഗോളതലത്തില്‍ വിറ്റുവരുന്നു. സി-ക്ലാസ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയ എസ്എല്‍സി കണ്‍വെര്‍ട്ടിബിളിന്റെ 7.1 ലക്ഷത്തിലധികം യൂണിറ്റ് വില്‍ക്കാന്‍ ഇതിനകം മെഴ്‌സേഡസ് ബെന്‍സിന് സാധിച്ചു. ഫൈനല്‍ എഡിഷന്‍ ഇന്ത്യയിലും എത്തിയേക്കും.

Categories: Auto