പാക്കിസ്ഥാന് ഇന്ത്യ വെള്ളം വിട്ടുകൊടുക്കില്ല

പാക്കിസ്ഥാന് ഇന്ത്യ വെള്ളം വിട്ടുകൊടുക്കില്ല

മൂന്ന് നദികളിലെ ജലം യമുനാ നദിയിലേക്ക് ഒഴുക്കുമെന്ന് കേന്ദ്രമന്ത്രി ഗഡ്കരി

ന്യൂഡെല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ച് ഇന്ത്യ. മൂന്ന് നദികളിലെ ജലം പാക്കിസ്ഥാന് ഇനി വിട്ടുകൊടുക്കേണ്ടെന്നാണ് തീരുമാനം. നദികളിലെ അധിക ജലം പാക്കിസ്ഥാനിലേക്കൊഴുക്കാതെ യമുനാ നദിയിലേക്ക് എത്തിക്കുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

വിഭജന സമയത്ത് ഒപ്പിട്ട സിന്ധുനദീജല കരാറനുസരിച്ച് രവി, സത്‌ലജ്, ബിയാസ് നദികള്‍ ഇന്ത്യക്കും ഝലം, ചെനാബ്, സിന്ധു നദികളുടെ അവകാശം പാക്കിസ്ഥാനുമാണ് നല്‍കിയിരുന്നത്. എന്നാല്‍ സൗഹാര്‍ദ്ദ നടപടിയെന്ന പേരില്‍ മൂന്ന് നദികളില്‍ നിന്ന് പാക്കിസ്ഥാന് ഇന്ത്യ സൗജന്യമായി ജലം വിട്ടു നല്‍കിയിരുന്നു. ഈ ജലം ഇനിമുതല്‍ യമുനാ നദിയെ പരിപോഷിപ്പിക്കുന്നതിനും നദിയുടെ മലിനീകരണം കുറയ്ക്കാനും ഉപയോഗപ്പെടുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. 2016 ലെ ഉറി ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് ഒഴുകിപ്പോകുന്ന ജലം തടഞ്ഞ് യമുനയിലേക്ക് ഒഴുക്കാനുള്ള പദ്ധതിക്ക് ഇന്ത്യ വേഗം കൂട്ടിയിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിക്കൂട്ടിലുള്ള പാക്കിസ്ഥാന് നല്‍കിയിരുന്ന ഏറ്റവും അഭിമത രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 200 ശതമാനം നികുതിയും ഏര്‍പ്പെടുത്തി. അയല്‍ രാഷ്ട്രത്തിനു മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണ് പുതിയ നടപടിയിലൂടെ ഇന്ത്യ.

Categories: FK News, Slider