ഇന്ത്യ- യുഎസ് പ്രതിരോധ വ്യാപാരം 18 ബില്യണ്‍ ഡോളറിലെത്തും

ഇന്ത്യ- യുഎസ് പ്രതിരോധ വ്യാപാരം 18 ബില്യണ്‍ ഡോളറിലെത്തും

പ്രതിരോധ മേഖലയ്ക്കായുള്ള ബജറ്റിന്റെ കാര്യത്തില്‍ ലോകത്തില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്

ബെംഗളൂരു: ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ വ്യാപാരം ഈ വര്‍ഷം 18 ബില്യണ്‍ ഡോളറിലെത്തുമെന്ന് യുഎസ് പ്രതിരോധ ഏറ്റെടുക്കല്‍ വിഭാഗത്തിലെ ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറി അലന്‍ ആര്‍ ഷാഫെര്‍ പറയുന്നു. 11 വര്‍ഷം മുമ്പ് 2008ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ വ്യാപാരം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ 2018ല്‍ സംസാരിക്കവെയാണ് ഈ മേഖലയിലെ വ്യാവസായിക സാധ്യതകളിലേക്ക് അലന്‍ ആര്‍ ഷാഫെര്‍ വെളിച്ചം വീശിയത്.

എയ്‌റോ ഇന്ത്യ മേളയില്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ യുഎസ് പ്രതിനിധി സംഘമാണ് ഇത്തവണത്തേത്. സൈനിക മേഖലയില്‍ നിന്നും ഭരണ നിര്‍വഹണ മേഖലയില്‍ നിന്നുമുള്ള 100 പ്രതിനിധികള്‍ക്കു പുറമേ 28 യുഎസ് കമ്പനികളുടെ പ്രതിനിധികളും ഇത്തവണ എത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നു വരുന്ന പ്രതിരോധ സഹകരണത്തിന്റെയും തന്ത്രപരമായ ബന്ധത്തിന്റെയും തെളിവായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. ഇന്ത്യന്‍ വ്യാവസായിക മേഖലയില്‍ നിന്നും നിരവധി പ്രമുഖര്‍ എത്തിയിട്ടുണ്ട്.

‘ ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്, യുഎസ് ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയും. സുരക്ഷയും സമൃദ്ധിയും കൈവരിക്കുന്നതിന് ഒരുമിച്ചു നില്‍ക്കുന്നതിനുള്ള ശേഷി സമാനമായ മൂല്യങ്ങളും താല്‍പ്പര്യങ്ങളും ഇരുരാജ്യങ്ങള്‍ക്കും നല്‍കുന്നുണ്ട്, ‘ ഷാഫെര്‍ പറയുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെ മുന്നോട്ടു നയിക്കുന്ന നിര്‍ണായകമായ മേഖലയായി പ്രതിരോധ പങ്കാളിത്തം മാറിയിട്ടുണ്ടെന്ന് സിഐഐ യുടെ പ്രതിരോധ മേഖലയ്ക്കായുള്ള ദേശീയ സമിതി ചെയര്‍മാന്‍ ബാബാ കല്യാണി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യയും യുഎസു തമ്മിലുള്ള നയപരമായ ചര്‍ച്ചകളിലും സംയുക്ത അഭ്യാസങ്ങളിലും പ്രതിരോധ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിലുമെല്ലാം വര്‍ധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള തലത്തിലെ സൈനിക ചെലവിടലില്‍ 3.7 ശതമാനം വിഹിതമാണ് ഇന്ത്യക്കുള്ളത്. പ്രതിരോധ മേഖലയ്ക്കായുള്ള ബജറ്റിന്റെ കാര്യത്തില്‍ ലോകത്തില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 43 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്റെ വാര്‍ഷിക പ്രതിരോധ ബജറ്റ്. 13 വിഭാഗങ്ങളിലെ ആയുധ സംവിധാനങ്ങള്‍ക്കാണ് ഇന്ത്യയുടെ പ്രതിരോധ നയത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇവയുടെ കാര്യത്തില്‍ 2025ഓടെ സ്വയംപര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ പ്രതിരോധ നിര്‍മാണത്തിനായി ഇന്ത്യന്‍ കമ്പനികള്‍ക്കും യുഎസ് കമ്പനികള്‍ക്കും സഹകരിക്കുന്നതിനുള്ള മികച്ച അവസരമാണ് ഇത് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മുന്‍നിരയിലുള്ള തന്ത്രപരമായ പ്രതിരോധ പങ്കാളി എന്ന പദവി യുഎസ് ഇന്ത്യക്ക് നല്‍കിയിരുന്നു.

Comments

comments

Categories: Current Affairs

Related Articles