ഐഡിബിഐ ബാങ്കില്‍ എല്‍ഐസി ഉടന്‍ കൂടുതല്‍ നിക്ഷേപമിറക്കില്ല

ഐഡിബിഐ ബാങ്കില്‍ എല്‍ഐസി ഉടന്‍ കൂടുതല്‍ നിക്ഷേപമിറക്കില്ല

നിലവില്‍ ഐഡിബിഐ ബാങ്കില്‍ 51 ശതമാനം ഓഹരികളാണ് എല്‍ഐസിക്ക് ഉള്ളത്

ന്യൂഡെല്‍ഹി: ഐഡിബിഐ ബാങ്കില്‍ ഉടന്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്തുന്നതില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിട്ടുനിന്നേക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ 14,500 കോടി രൂപയുടെ നിക്ഷേപമാണ് ഐഡിബി ഐയില്‍ എല്‍ഐസി നടത്തിയത്. 9000-10,000 കോടി രൂപയുടെ നിക്ഷേപമാണ് പുതിയ പ്രൊമോട്ടര്‍മാരില്‍ നിന്ന് ഇപ്പോള്‍ ഐഡിബി ഐ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

പുതിയ പ്രീമിയം കളക്ഷനില്‍ മാന്ദ്യം പ്രകടമായതിനാല്‍ ഉടന്‍ തങ്ങളുടെ കരുതല്‍ ധനത്തില്‍ നിന്ന് മറ്റൊരു നിക്ഷേപം നടത്താന്‍ എല്‍ഐസി നേതൃത്വത്തിന് താല്‍പ്പര്യമില്ല. പോളിസി ഉടമകളുടെ ഫണ്ടില്‍ നിന്നാണ് നേരത്തേ ഓഹരി വാങ്ങലിനായുള്ള തുക കണ്ടെത്തിയിട്ടുള്ളത്. എല്‍ഐസി പുറത്തുവിട്ടിട്ടുള്ള വിവരങ്ങള്‍ പ്രകാരം 27.7 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് പോളിസി ഉടമകളുടെ എക്കൗണ്ടില്‍ ഉള്ളത്. മൊത്തം നിഷ്‌ക്രിയാസ്തി അനുപാതം നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസങ്ങളിലെ കണക്ക് പ്രകാരം 6.06 ശതമാനമാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 5.74 ശതമാനമായിരുന്നു.

നിലവില്‍ ഐഡിബി ഐ ബാങ്കില്‍ 51 ശതമാനം ഓഹരികളാണ് എല്‍ഐസിക്ക് ഉള്ളത്. ഒരു ഇന്‍ഷുറന്‍സ് കമ്പനിക്ക് മറ്റൊരു സംരംഭത്തില്‍ 15 ശതമാനം ഓഹരി പങ്കാളിത്തമേ പാടൂവെന്ന വ്യവസ്ഥയില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ( ഐആര്‍ഡിഎഐ) ഇളവ് അനുവദിച്ചതോടെയാണ് ലയനം സാധ്യമായത്. കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരുപ്പ് വര്‍ധിച്ചതിനാല്‍ തങ്ങളുടെ ബാലന്‍സ് ബുക്കില്‍ നഷ്ടം രേഖപ്പെടുത്തുകയാണ് ഐഡിബിഐ. മൂന്നാം പാദത്തില്‍ നഷ്ടം മൂന്ന് മടങ്ങ് വര്‍ധിച്ച് 4,185 കോടി രൂപയില്‍ എത്തി.

Comments

comments

Categories: Banking