ഹോണ്ട സിബിആര്‍650ആര്‍ ബുക്കിംഗ് ആരംഭിച്ചു

ഹോണ്ട സിബിആര്‍650ആര്‍ ബുക്കിംഗ് ആരംഭിച്ചു

15,000 രൂപ നല്‍കി ഹോണ്ട വിംഗ് വേള്‍ഡ് ഡീലര്‍ഷിപ്പുകളില്‍ ബുക്ക് ചെയ്യാം. എട്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കും എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ഹോണ്ടയുടെ പുതിയ മിഡില്‍വെയ്റ്റ് സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിളായ സിബിആര്‍650ആര്‍ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. 15,000 രൂപ നല്‍കി ഹോണ്ടയുടെ വിംഗ് വേള്‍ഡ് ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. എട്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കും എക്‌സ് ഷോറൂം വിലയെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വ്യക്തമാക്കി. ആഗോളതലത്തിലും ഇന്ത്യയിലും ഹോണ്ട സിബിആര്‍650എഫ് മോഡലിന് പകരമാണ് സിബിആര്‍650ആര്‍ വരുന്നത്.

650 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയ കൂടുതല്‍ ട്രാക്ക് ഫോക്കസ്ഡ് മോട്ടോര്‍സൈക്കിളാണ് സിബിആര്‍650ആര്‍. കഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഹോണ്ട സിബിആര്‍650ആര്‍ അനാവരണം ചെയ്തത്. ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ട് നിറങ്ങളില്‍ ഹോണ്ട സിബിആര്‍650ആര്‍ ലഭിക്കും. കാവസാക്കി നിഞ്ച 650, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ എസ്, സുസുകി ജിഎസ്എക്‌സ്-എസ്750 തുടങ്ങിയ മോഡലുകളുമായി കൊമ്പുകോര്‍ക്കും.

ഹോണ്ട ഫയര്‍ബ്ലേഡില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട അഗ്രസീവ് ബോഡിവര്‍ക്കിലാണ് ഇന്ത്യന്‍ നിര്‍മ്മിത സിബിആര്‍650ആര്‍ വരുന്നത്. ഹോണ്ട ഫയര്‍ബ്ലേഡ് അഥവാ സിബിആര്‍ 1000ആര്‍ആര്‍ എന്ന ലിറ്റര്‍ ക്ലാസ് മോട്ടോര്‍സൈക്കിളാണ് രൂപകല്‍പ്പനയ്ക്ക് പ്രചോദനമായതെങ്കിലും ട്രാക്കില്‍ മിന്നും പ്രകടനം കാഴ്ച്ചവെയ്ക്കുന്നതിനൊപ്പം ദൈനംദിന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും. പുതിയ ഷാസി, ഇന്ധന ടാങ്ക്, ഫൂട്ട് റെസ്റ്റ് എന്നിവ നല്‍കിയതോടെ ബൈക്കിന്റെ ഭാരം മുന്‍ഗാമിയായ സിബിആര്‍650എഫ് മോഡലിനേക്കാള്‍ ആറ് കിലോഗ്രാം കുറഞ്ഞു. ഇരട്ട എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ നല്‍കി. ഹാന്‍ഡില്‍ബാര്‍ ഇപ്പോള്‍ 30 എംഎം മുന്നിലേക്ക് നല്‍കിയിരിക്കുന്നു. ഫൂട്ട്‌പെഗുകള്‍ 3 എംഎം പിന്നിലേക്കും 6 എംഎം ഉയരത്തിലുമായി റീപൊസിഷന്‍ ചെയ്തു. 810 മില്ലി മീറ്ററാണ് സീറ്റ് ഉയരം. ഇതോടെ റൈഡിംഗ് സ്റ്റാന്‍സ് ഇപ്പോള്‍ കൂടുതല്‍ അഗ്രസീവാണ്.

41 എംഎം ഷോവ സെപ്പറേറ്റ് ഫോര്‍ക്ക് ഫംഗ്ഷന്‍ (എസ്എഫ്എഫ്) യുഎസ്ഡി ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് പിന്നിലും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. ഡിസ്‌ക് ബ്രേക്കുകള്‍ കൂടാതെ, മുന്നില്‍ ഇരട്ട റേഡിയല്‍ മൗണ്ട് കാലിപറുകളും പിന്നില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപറും നല്‍കിയിരിക്കുന്നു. ഡുവല്‍ ചാനല്‍ എബിഎസ് അടിസ്ഥാന സുരക്ഷാ ഫീച്ചറായി നല്‍കുന്നു. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഷിഫ്റ്റ് അപ്പ് ഇന്‍ഡിക്കേറ്റര്‍ എന്നിവയും നല്‍കി.

റീവര്‍ക്ക് ചെയ്ത 649 സിസി, ലിക്വിഡ് കൂള്‍ഡ്, ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിന്‍ 12,000 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുംവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. മോട്ടോര്‍ ഇപ്പോള്‍ 1,000 ആര്‍പിഎം അധികം കറങ്ങും. പരമാവധി കരുത്ത് അഞ്ച് ശതമാനം വര്‍ധിച്ചു. ടോര്‍ക്ക് കര്‍വ് മെച്ചപ്പെട്ടിരിക്കുന്നു. 8,500 ആര്‍പിഎമ്മില്‍ ഇപ്പോള്‍ 64 എന്‍എം ടോര്‍ക്ക് ലഭിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് തുടരും. അസിസ്റ്റ്/സ്ലിപ്പര്‍ ക്ലച്ച് സവിശേഷതയാണ്. ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി) സ്വിച്ച്ഓഫ് ചെയ്യാന്‍ കഴിയും.

Categories: Auto