യുവതികളില്‍ ഹൃദ്രോഗ സാധ്യതയേറുന്നു

യുവതികളില്‍ ഹൃദ്രോഗ സാധ്യതയേറുന്നു

ഹൃദയസംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന 35 വയസ് കഴിഞ്ഞ സ്ത്രീകളുടെ എണ്ണം കൂടുന്നു

സ്ത്രീകള്‍ക്ക് ഹൃദ്രോഗം വരുമോ എന്ന് അല്‍ഭുതം കൂറുന്നവരുണ്ട്, ഹൃദയമുള്ളവര്‍ക്കല്ലേ ഹൃദ്രോഗം വരാറുള്ളൂവെന്ന് സംശയമുയര്‍ത്തുന്ന വിരുതന്മാരുമുണ്ട്… തമാശയെല്ലാം വിട്ടേക്കൂ, സ്ത്രീകളില്‍ പ്രത്യേകിച്ച്, യുവതികളില്‍ ഹൃദ്രോഗസാധ്യതയേറുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ അമേരിക്കയില്‍ ആശുപത്രിപ്രവേശനം നേടിയ യുവാക്കളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 1995-99 കാലഘട്ടത്തില്‍ 35നും 54നും ഇടയില്‍ പ്രായമുള്ള ഹൃദ്രോഗികളുടെ നിരക്ക് 27 ശതമാനമായിരുന്നെങ്കില്‍ 2010- 14ല്‍ ഇത് 32 ശതമാനമായി ഉയര്‍ന്നു. ഇതില്‍ സ്ത്രീകളുടെ നിരക്കില്‍ വലിയ വര്‍ധന കാണാം. ഇക്കാലയളവില്‍ യുവതികളുടെ നിരക്ക് 21 ശതമാനത്തില്‍ നിന്ന് 31 ശതമാനമായാണ് ഉയര്‍ന്നത്. അതേസമയം, ഈ പ്രായമുള്ള പുരുഷന്മാരില്‍ ഇത് 30 ശതമാനത്തില്‍ നിന്നാണ് 33ലേക്കുയര്‍ന്നത്.

പൊതുവേ ആയുര്‍ദൈര്‍ഘ്യം കൂടി വരുകയാണെങ്കിലും യുവാക്കളിലെ ഹൃദ്രോഗനിരക്ക് ഏറിവരുന്നുണ്ട്. ഇതില്‍ യുവതികളിലാണ് ഏറ്റവും വലിയ വര്‍ധനകാണപ്പെടുന്നത്. ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കു മതിയായ അളവില്‍ രക്തം ലഭിക്കാത്ത അവസ്ഥയെയാണ് ഹൃദയാഘാതം, അല്ലെങ്കില്‍ ഗുരുതരമായ ഹൃദയസ്തംഭനം എന്നു പറയുന്നത്. യുഎസ് രോഗനിയന്ത്രണ, പ്രതിരോധ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഓരോ വര്‍ഷവും 790,000 അമേരിക്കക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നു. അമേരിക്കയിലെ സ്വാഭാവിക മരണങ്ങളുടെ ഒന്നാമത്തെ കാരണവും ഹൃദയാഘാതമാണ്. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ ഹൃദ്രോഗസംബന്ധമായ മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതത്തെയോ പക്ഷാഘാതത്തെയോ തുടര്‍ന്നാണ്. 1995 നും 2014 നും ഇടയില്‍ 35-74 പ്രായപരിധിയിലുള്ള 28,732 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ആശുപത്രികളില്‍ ചികിത്സ തേടിയവരില്‍ 30 ശതമാനം പേര്‍ 35-54 പ്രായപരിധിയിലുള്ളവരാണെന്ന് ഗവേഷണസംഘം മനസിലാക്കി. ഇക്കൂട്ടത്തില്‍ ഹൃദയാഘാതം മൂലം പ്രവേശിപ്പിക്കപ്പെട്ട പ്രസ്തുതപ്രായപരിധിയിലുള്ള പുരുഷന്മാരുടെ എണ്ണം കുറഞ്ഞുവെങ്കിലും യുവതികളുടെ നിരക്കില്‍ വര്‍ദ്ധനവുണ്ടായി.

ഇതില്‍ ഓരോ വര്‍ഷവും പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തെ ആകെ രോഗികളുടെ എണ്ണം കൊണ്ടു വിഭജിക്കുമ്പോള്‍ യുവാക്കളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചതായി കണ്ടുവെങ്കിലും യുവതികളുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടെന്ന് മനസ്സിലാക്കാനായി. മറ്റ് ജനസംഖ്യാ ഗ്രൂപ്പുകളിലെ പ്രവണതകള്‍ക്കെതിരായി നടക്കുന്ന ഈ സംഭവം അല്‍ഭുതകരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പുണ്ടായിരുന്ന പഠനങ്ങളില്‍ ഹൃദ്രോഗം അതിജീവിച്ചവരുടെ എണ്ണം കുറവായിരുന്നങ്കിലും അതില്‍ കൂടുതലും പ്രായമുള്ളവരോ പ്രായമായ രോഗികളോ ആയിരുന്നു. ദേശീയപ്രവണതയും ഇതു തന്നെയാണ് കാണിക്കുന്നത്. യുവതികള്‍ക്കാണ് യുവാക്കളേക്കാള്‍ ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, വൃക്കരോഗം, സ്‌ട്രോക്ക് എന്നിവയുടെ ചരിത്രമുള്ളതെന്ന് കണ്ടെത്തി. മാത്രമല്ല ഈ യുവതികളില്‍ പുകവലിശീലവും കൂടുതലായിരുന്നു. കൂടാതെ പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയും സ്ത്രീകളെ അലട്ടിയിരുന്നു. ഹൃദ്രോഗത്തിനു വഴിവെക്കാനുള്ള കാരണവും ഇതാണ്.

കൂടാതെ, കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നതു തടയാനുമുള്ള ചെയ്യുന്ന ചികിത്സാരീതികള്‍ സ്ത്രീകള്‍ക്ക് ലഭിക്കാനുള്ള സാഹചര്യം വളരെ കുറവായിരുന്നു. എങ്കിലും ഒരു വര്‍ഷം മുമ്പു നടത്തിയ ഗവേഷണങ്ങളില്‍ കണ്ടത്തിയ ഹൃദ്രോഗികളായ സ്ത്രീകളിലെ മരണനിരക്കിനെയപേക്ഷിച്ച് സ്ത്രീ-പുരുഷ താരതമ്യമാണു പുതിയപഠനത്തില്‍ മരണനിരക്കു കൂടാനുള്ള സാധ്യതയില്‍ വ്യക്തമായത്. കഴിഞ്ഞ വര്‍ഷം പുറത്തു വന്ന മറ്റൊരു പഠനത്തില്‍ 55 വയസ്സില്‍ താഴെയുള്ള സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ ഹൃദ്രോഗസാധ്യത കണ്ടെത്തിയിരുന്നു. സ്ത്രീകളുടെ ഹൃദയാഘാതലക്ഷണങ്ങള്‍ വ്യത്യസ്തമായതിനാല്‍ പലരും അതു മനസിലാക്കിയിരിക്കില്ല. മന്ദത, ശാസതടസം, ഇരുകൈകളിലും കട്ടുകഴപ്പ്, പുറംവേദന, കഴുത്തുവേദന, താടിയെല്ലു വേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളെക്കുറിച്ച് ശ്രദ്ധ പുലര്‍ത്തുക. കാരണം ഈ ലക്ഷണങ്ങള്‍ ഹൃദയ സംബന്ധിയായതാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല.

Comments

comments

Categories: Health