ആദ്യ 5ജി സ്മാര്‍ട്ട് ഫോണ്‍ പ്രഖ്യാപിച്ച് സാംസംഗ്

ആദ്യ 5ജി സ്മാര്‍ട്ട് ഫോണ്‍ പ്രഖ്യാപിച്ച് സാംസംഗ്

മടക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണായും നിവര്‍ത്തുമ്പോള്‍ ടാബ്‌ലെറ്റായും ഉപയോഗിക്കാവുന്ന ഡിവൈസും പുറത്തിറക്കി

സാന്‍ഫ്രാന്‍സിസ്‌കോ: 5ജിയിലേക്കുള്ള പ്രവേശനത്തില്‍ എതിരാളികളേക്കാള്‍ വേഗത്തില്‍ വരവറിയിച്ച് ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗ്. തങ്ങളുടെ എസ്10 ശ്രേണിയിലെ മോഡലുകള്‍ 5ജി സാങ്കേതിക വിദ്യയോടെ എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. മറ്റ് പ്രമുഖ കമ്പനികള്‍ അടുത്തയാഴ്ച നടക്കുന്ന മൊബീല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ തങ്ങളുടെ 5ജി മോഡലുകള്‍ പ്രഖ്യാപിക്കാനിരിക്കേ ആണ് സാംസംഗ് ഒരു മുഴം മുന്‍പേ എറിഞ്ഞത്.

മടക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണായും നിവര്‍ത്തുമ്പോള്‍ ടാബ്‌ലെറ്റായും ഉപയോഗിക്കാവുന്ന തങ്ങളുടെ പുതിയ ഡിവൈസ് സാംസംഗ് ഫോള്‍ഡിന്റെ അവതരണ ചടങ്ങിലായിരുന്നു സാംസംഗിന്റെ നിര്‍ണായക പ്രഖ്യാപനം. 4.6 ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട് ഫോണ്‍ എന്ന നിലയില്‍ നിന്ന് ഒരു പുസ്തകം പോലെ തുറക്കുമ്പോള്‍ 7.3 ഇഞ്ച് വലുപ്പമുള്ള ടാബ്‌ലെറ്റായി മാറാന്‍ സാംസംഗ് ഫോള്‍ഡിന് സാധിക്കും. ആഗോള തലത്തില്‍ തന്നെ മാന്ദ്യത്തിലേക്ക് നീങ്ങുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആദ്യമായി ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനാകും എന്നാണ് സാംസംഗിന്റെ കണക്കുകൂട്ടല്‍. നിര്‍വചനങ്ങളില്ലാത്ത ഒരു വിഭാഗം തന്നെ ഈ ഡിവൈസിലൂടെ സൃഷ്ടിക്കപ്പെടുകയാണെന്നാണ് കമ്പനി പറയുന്നത്. ഒരേ സമയം മൂന്ന് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ടാബ്‌ലെറ്റ് ഡിസ്‌പ്ലേയില്‍ ഈ ഡിവൈസിന് സാധിക്കും.
ഏപ്രില്‍ 26 മുതലാണ് സാംസംഗ് ഫോള്‍ഡ് വിപണിയില്‍ ലഭ്യമായി തുടങ്ങുക. 1980 ഡോളറാണ് ഈ മോഡലിന് വില നിശ്ചയിച്ചിട്ടുള്ളത്. ആപ്പിളിന്റെ പ്രവര്‍ത്തന കേന്ദ്രമായ സാന്‍ഫ്രാന്‍സിസ്‌കോ തന്നെയാണ് ഈ പുതിയ മോഡലിന്റെ പ്രഖ്യാപനത്തിന് സാംസംഗ് തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. പ്രീമിയം വിഭാഗത്തില്‍ ശക്തമായ മല്‍സരമാണ് ഇരുകമ്പനികളും തുടരുന്നത്. ആളുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മാറ്റി പുതിയതു വാങ്ങുന്നതിന്റെ കാലയളവ് വര്‍ധിക്കുന്നുവെന്നും നവീനമായ ഫീച്ചറുകളുള്ള ഫോണുകള്‍ എത്താന്‍ കൂടുതല്‍ കാത്തിരിക്കുന്നുവെന്നുമാണ് വിപണി ഗവേഷകര്‍ വ്യക്തമാക്കുന്നത്.

എസ് 10നിന്റെ 5ജി വേര്‍ഷനുകള്‍ എപ്പോളാണ് വിപണിയില്‍ അവതരിപ്പിക്കുക എന്ന് സാംസംഗ് വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. എസ്10 ഇ, എസ്10 പ്ലസ് എന്നീ പുതിയ മോഡലുകള്‍ മാര്‍ച്ച് 8 മുതല്‍ വിപണിയില്‍ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: FK News

Related Articles